സാനിയയുടെ വിടവാങ്ങൽ മത്സരത്തിന് വേദിയായി ലാൽ ബഹാദൂർ സ്റ്റേഡിയത്തിലെ ടെന്നിസ് കോംപ്ലക്സ്
text_fieldsഹൈദരാബാദ്: രണ്ടു പതിറ്റാണ്ടു മുമ്പ് കൗമാരക്കാരി അന്താരാഷ്ട്ര ടെന്നിസിലേക്ക് വരവറിയിച്ച ലാൽ ബഹാദൂർ സ്റ്റേഡിയത്തിലെ ടെന്നിസ് കോംപ്ലക്സിലെ സെന്റർ കോർട്ട് കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത് വൈകാരിക രംഗങ്ങൾക്ക്. രാജ്യം കണ്ട എക്കാലത്തെയും മികച്ച വനിത ടെന്നിസ് താരത്തിന്റെ വിടവാങ്ങൽ മത്സരത്തിന് കോർട്ട് വേദിയായി. ഫെബ്രുവരിയിൽ ടെന്നിസിൽനിന്ന് വിരമിച്ച സാനിയ മിർസയോടുള്ള ആദരാർഥമാണ് സംസ്ഥാന സർക്കാർ പ്രദർശന മത്സരം സംഘടിപ്പിച്ചത്. കളത്തിലും കരയിലും പ്രൗഢസാന്നിധ്യമായെത്തിയ പ്രമുഖർ താരത്തിന് ആശംസ നേർന്നു.
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ മുഹമ്മദ് അസ്ഹറുദ്ദീൻ, യുവരാജ് സിങ്, റോബിൻ ഉത്തപ്പ, ചലച്ചിത്ര താരങ്ങളായ ദുൽഖർ സൽമാൻ, ഹുമ ഖുറേഷി, ഗായിക അനന്യ ബിർല, കേന്ദ്രമന്ത്രി കിരൺ റിജിജു, സംസ്ഥാന മന്ത്രിമാർ, സാനിയയുടെ കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, സാനിയ ടെന്നിസ് അക്കാദമി താരങ്ങൾ തുടങ്ങിയവർ യാത്രയയപ്പ് ചടങ്ങിനെത്തിയിരുന്നു. പ്രദർശന മത്സരത്തിൽ അന്താരാഷ്ട്ര ടെന്നിസ് കളിക്കാരായ ബെതാനി മറ്റേക് സാൻഡ്സ്, ഇവാൻ ഡോഡിഗ്, കാര ബ്ലാക്, മരിയൻ ബർടോലി, രോഹൻ ബൊപ്പണ്ണ എന്നിവർക്കൊപ്പം യുവരാജും റാക്കറ്റേന്തി. ‘‘എന്റെ അവസാന മത്സരം നിങ്ങളുടെ എല്ലാവരുടെയും മുന്നിൽ കളിക്കുന്നതിൽ ഞാൻ വളരെ ആവേശത്തിലാണ്. ഹൈദരാബാദിലെ സ്വന്തം കാണികൾക്കു മുന്നിൽത്തന്നെ അവസാനിപ്പിച്ച് എന്റെ കൃതജ്ഞത പ്രകടിപ്പിക്കാൻ ആഗ്രഹിച്ചിരുന്നു. അത് സാധ്യമാക്കിയ തെലങ്കാന സർക്കാറിന് നന്ദി’’ -മത്സരത്തിനു മുമ്പ് സാനിയ പറഞ്ഞു.
യാത്രയയപ്പ് ചടങ്ങിൽ വികാരാധീനയായി സംസാരിച്ച സാനിയ, ഇത് ശരിക്കും സന്തോഷത്തിന്റെ കണ്ണുനീരാണെന്നും ഇതിലും മികച്ച ഒരു യാത്രചോദിക്കൽ ഇല്ലെന്നും വ്യക്തമാക്കി. ‘‘20 വർഷം കഴിഞ്ഞു. എന്റെ ജീവിതത്തിൽ ഒരുപാട് മഹത്തായ കാര്യങ്ങൾ ഇവിടെ ഈ സ്റ്റേഡിയത്തിൽനിന്ന് ആരംഭിച്ചു. ഒരുപാട് മുന്നോട്ടു പോയി. ടെന്നിസ് ഒരു ഓപ്ഷനാണെന്ന് ആരും വിശ്വസിക്കാത്ത ഒരു കാലഘട്ടത്തിൽനിന്നാണ് വന്നത്. പ്രത്യേകിച്ച് ഹൈദരാബാദിൽ നിന്നുള്ള ഒരു പെൺകുട്ടിക്ക്. അന്ന് എന്റെ മാതാപിതാക്കളും സഹോദരിയും മാത്രമാണ് എന്നെ വിശ്വസിച്ചത്. ഞങ്ങൾക്ക് ഒന്നും ആവാൻ കഴിയില്ല, ഞങ്ങൾ ഭ്രാന്തന്മാരാണെന്നു പറഞ്ഞ ആളുകളുണ്ടായിരുന്നു. 30 വർഷം മുമ്പ് (അതുപോലെ) പറഞ്ഞതിന് ഞാൻ അവരെ കുറ്റപ്പെടുത്തുന്നില്ല. ഇതുപോലുള്ള ആളുകൾക്കൊപ്പം ഞങ്ങളിങ്ങനെ സ്റ്റേഡിയത്തിൽ നിൽക്കുമെന്ന് ആരും കരുതിയിരുന്നില്ല’’ -സാനിയ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.