പടിയിറക്കം പ്രഖ്യാപിച്ച് സെറീന വില്യംസ്; യു.എസ് ഓപ്പണോടെ ടെന്നിസിനോട് വിടപറയും
text_fieldsന്യൂയോർക്: ടെന്നിസ് കോർട്ടിലെ ഇതിഹാസങ്ങളുടെ പട്ടികയിൽ പേര് ചേർക്കാവുന്ന അമേരിക്കക്കാരി സെറീന വില്യംസ് വിരമിക്കൽ പ്രഖ്യാപിച്ചു. ആഗസ്റ്റ് അവസാനം നടക്കുന്ന യു.എസ് ഓപണോടെ കളം വിടാനാണ് തീരുമാനം. വോഗ് മാഗസിനിൽ പ്രസിദ്ധീകരിച്ച കവർ സ്റ്റോറിയിലാണ് സെറീന ഇക്കാര്യം സൂചിപ്പിക്കുന്നത്.
വിരമിക്കൽ എന്ന വാക്ക് ഇഷ്ടപ്പെടുന്നില്ലെന്നും ടെന്നിസിൽ നിന്ന് മാറി മറ്റ് പ്രധാനപ്പെട്ട കാര്യങ്ങളിലേക്ക് നീങ്ങുകയാണെന്നും 41 കാരി വ്യക്തമാക്കി. യു.എസ് ഓപൺ അവസാന ടൂർണമെന്റാവുമെന്ന് നേരത്തേ ഇൻസ്റ്റഗ്രാമിലും സെറീന സൂചിപ്പിച്ചിരുന്നു. കൗണ്ട് ഡൗൺ തുടങ്ങിയെന്നും അടുത്ത ഏതാനും ആഴ്ചകൾ ആസ്വദിക്കുകയാണെന്നുമായിരുന്നു പോസ്റ്റ്.
23 ഗ്രാൻഡ് സ്ലാം വനിത സിംഗ്ൾസ് കിരീടങ്ങൾ ഇതുവരെ നേടിയിട്ടുണ്ട് സെറീന. 1999ൽ 17ാം വയസ്സിലായിരുന്നു ആദ്യ കിരീടം. ഏഴ് വീതം ആസ്ട്രേലിയൻ ഓപണും വിംബ്ൾഡണും ആറ് യു.എസ് ഓപണും മൂന്ന് ഫ്രഞ്ച് ഓപണും സെറീനയുടെ ഷെൽഫിലുണ്ട്. പത്ത് തവണ റണ്ണറപ്പുമായി. മാർഗരറ്റ് കോർട്ടിന്റെ 24 ഗ്രാൻഡ് സ്ലാം എന്ന റെക്കോഡിന് തൊട്ട് താഴെയാണിപ്പോൾ. സഹോദരി വീനസിനൊപ്പം 14 ഗ്രാൻഡ് സ്ലാം വനിത ഡബ്ൾസ് കിരീടങ്ങളും നേടി. മാക്സ് മിർനിക്കൊപ്പം രണ്ട് മിക്സഡ് ഡബ്ളും. നാല് തവണ ഒളിമ്പിക്സിലും പങ്കെടുത്തു. സിംഗ്ൾസിൽ ഒന്നും ഡബ്ൾസിൽ മൂന്നും മെഡലുകൾ നേടി.
പരിക്ക് കാരണം ഒരു വർഷത്തിലധികം വിട്ടുനിന്ന സെറീന ഇയ്യിടെ വിംബ്ൾഡണിലൂടെ തിരിച്ചെത്തിയെങ്കിലും ആദ്യ റൗണ്ടിൽ പുറത്തായി. ഇപ്പോൾ ടൊറന്റോയിൽ നടക്കുന്ന വിമൻസ് നാഷനൽ ബാങ്ക് ഓപണിൽ കളിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.