ഏഴഴകിൽ ദ്യോകോ
text_fieldsലണ്ടൻ: പുരുഷ ടെന്നിസിൽ രണ്ടു പതിറ്റാണ്ടായി അപ്രമാദിത്വം തുടരുന്ന പരിചയസമ്പന്നരായ താരങ്ങൾക്ക് പകരംവെക്കാൻ മറ്റുള്ളവർ ഇനിയും വളർന്നില്ലെന്ന് തെളിയിച്ച് വീണ്ടുമൊരു വിംബ്ൾഡൺ ചാമ്പ്യൻഷിപ്പിനുകൂടി തിരശ്ശീല വീണു. ആസ്ട്രേലിയൻ ഓപണിലും ഫ്രഞ്ച് ഓപണിലും വെന്നിക്കൊടി നാട്ടിയ റാഫേൽ നദാലിനുപിന്നാലെ വിംബ്ൾഡണിൽ വിജയഭേരി മുഴക്കി നൊവാക് ദ്യോകോവിച്ചാണ് ഈ യാഥാർഥ്യത്തിന് അടിവരയിട്ടത്.
ഓൾ ഇംഗ്ലണ്ട് ക്ലബിലെ സെൻറർ കോർട്ടിൽ പരാജയമറിയാത്ത കുതിപ്പ് 28ാം മത്സരത്തിലേക്കു നീട്ടിയ 35കാരൻ തുടർച്ചയായ നാലാം വിംബ്ൾഡണുമായാണ് മേധാവിത്വം അരക്കിട്ടുറപ്പിച്ചത്. ഏഴാം വിംബ്ൾഡൺ കിരീടം സ്വന്തമാക്കിയ ദ്യോകോ അക്കാര്യത്തിൽ പീറ്റ് സാംപ്രസിനും വില്യം റെൻഷോക്കും (അമച്വർ കാലം) ഒപ്പമെത്തി. എട്ടു കിരീടവുമായി റോജർ ഫെഡറർ മാത്രമാണ് മുന്നിൽ. 21ാം ഗ്രാൻഡ്സ്ലാം കിരീടവുമായി അക്കാര്യത്തിൽ ദ്യോകോ നദാലിന്റെ (22) തൊട്ടുപിന്നിലുണ്ട്. പരിക്കുമൂലം കുറച്ചുകാലമായി കോർട്ടിലിറങ്ങിയിട്ടില്ലാത്ത ഫെഡറർ 20 കിരീടവുമായി അടുത്തുതന്നെ നിലയുറപ്പിക്കുന്നു.
ടോപ് സീഡായ ദ്യോകോവിച് ഫൈനലിൽ സീഡില്ലാതാരം ആസ്ട്രേലിയയുടെ നിക് കിർഗിയോസിനെയാണ് നാലു സെറ്റ് പോരിൽ (4-6, 6-3, 6-4, 7-6) കീഴടക്കിയത്. കോർട്ടിൽ ദ്യോകോയെക്കാൾ ചൂടനും രസകരമായ സ്വഭാവത്തിനുടമയുമായ കിർഗിയോസിനായിരുന്നു മത്സരത്തിന്റെ തുടക്കത്തിൽ മുൻതൂക്കം. ആദ്യ സെറ്റ് 27കാരൻ സ്വന്തമാക്കിയപ്പോഴും ദ്യോകോ പതറിയില്ല. ക്വാർട്ടറിൽ രണ്ടു സെറ്റും സെമിയിൽ ഒരു സെറ്റും കൈവിട്ടശേഷം തിരിച്ചെത്തിയിരുന്ന സെർബിയക്കാരൻ ഫൈനലിലും അത് ആവർത്തിച്ചു. വമ്പൻ സെർവുകളും തന്ത്രപരമായ ഷോട്ടുകളും കൈവശമുള്ള കിർഗിയോസിനെതിരെ ക്ഷമാപൂർവം റാക്കറ്റേന്തിയ ദ്യോകോ ആസ്ട്രേലിയക്കാരന് പിഴച്ചപ്പോൾ തിരിച്ചടിച്ചും കളിനിലവാരം പതിയെ ഉയർത്തിയും കളംപിടിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.