ഭക്ഷണത്തിൽ വിഷം കലർത്തി! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നൊവാക് ദ്യോകോവിച്
text_fieldsമെൽബൺ: ഭക്ഷണത്തിൽ വിഷം കലർത്തിയെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ലോക ഒന്നാം നമ്പർ ടെന്നീസ് താരം നൊവാക് ദ്യോകോവിച്. ആസ്ട്രേലിയൻ ഓപ്പൺ മത്സരത്തിന് തയാറെടുക്കുന്നതിനിടെയാണ് താരത്തിന്‍റെ തുറന്നുപറച്ചിൽ.
2022 ആസ്ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കാനായി മെൽബണിൽ എത്തിയപ്പോഴാണ് സംഭവം. കോവിഡ് വാക്സിൻ എടുക്കാത്തതിനെ തുടർന്ന് ആസ്ട്രേലിയ വിസ നിഷേധിച്ചതിനെ തുടർന്ന് താരത്തിന് അന്ന് ആസ്ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കാനാകാനെ മടങ്ങേണ്ടി വന്നിരുന്നു. വിസ റദ്ദാക്കിയ ആസ്ട്രേലിയൻ ഭരണകൂടത്തിന്‍റെ നടപടിയെ ചോദ്യം ചെയ്ത് നൽകിയ അപ്പീൽ നടപടികളുടെ ഭാഗമായി താരത്തിന് ഏതാനും ദിവസങ്ങൾ മെൽബണിലെ ഒരു ഹോട്ടലിൽ തങ്ങേണ്ടിവന്നിരുന്നു.
ഈ ഹോട്ടലിൽനിന്ന് കഴിച്ച ഭക്ഷണത്തിലാണ് വിഷാംശത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയതെന്നാണ് താരത്തിന്‍റെ വെളിപ്പെടുത്തൽ. ‘എനിക്ക് ചില ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. മെൽബണിലെ ഹോട്ടലിൽനിന്ന് കഴിച്ച ഭക്ഷണത്തിൽനിന്നാണ് തനിക്ക് ഭക്ഷ്യവിഷബാധയേറ്റതെന്ന് പിന്നീട് തിരിച്ചറിഞ്ഞു’ -ദ്യോകോവിച് ഒരു ഓസീസ് വാരികക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘സെർബിയയിൽ തിരിച്ചെത്തി നടത്തിയ പരിശോധനയിൽ ചില കാര്യങ്ങൾ കണ്ടെത്തി. ഞാൻ ഇത് ആരോടും പറഞ്ഞില്ല, ശരീരത്തിൽ ഉയർന്ന അളവിൽ മെറ്റലിന്‍റെ സാന്നിധ്യം കണ്ടെത്തി. ഉയർന്ന അളവിൽ ഈയത്തിന്‍റെയും മെർക്കുറിയുടെയും സാന്നിധ്യമുണ്ടായിരുന്നു’ -താരം കൂട്ടിച്ചേർത്തു. ഭക്ഷണത്തിൽ വിഷം കലർത്തിയോ എന്ന ചോദ്യത്തിന് അതിനുള്ള സാധ്യത മാത്രമാണുള്ളതെന്നും താരം വ്യക്തമാക്കി. വിഷയത്തിൽ ആസ്ട്രേലിയൻ ആഭ്യന്തര മന്ത്രാലയത്തെ ബന്ധപ്പെട്ടെങ്കിലും സ്വകാര്യത മാനിച്ച് അവർ പ്രതികരിക്കാൻ തയാറായില്ല.
11ാം ആസ്ട്രേലിയന്‍ ഓപ്പണും 25ാം ഗ്രാന്‍ഡ് സ്ലാം കിരീടവുമാണ് ദ്യോകോവിച് ഇത്തവണ ലക്ഷ്യംവെക്കുന്നത്. ഒരു ഗ്രാന്‍ഡ് സ്ലാം കിരീടവും ഇല്ലാതെയാണ് താരം 2024 അവസാനിപ്പിച്ചത്. അട്ടിമറികള്‍ സംഭവിച്ചില്ലെങ്കില്‍ ദ്യോകോവിച്– അല്‍ക്കാരസ് പോരാട്ടം ക്വാര്‍ട്ടര്‍ ഫൈനലില്‍ കാണാം. ഞായറാഴ്ച മുതലാണ് ആസ്ട്രേലിയന്‍ ഓപ്പണ്‍. 21കാരന്‍ അല്‍ക്കാരസിന് ഇതുവരെ നേടാനാകാത്ത ഏക ഗ്രാൻഡ് സ്ലാം ആസ്ട്രേലിയന്‍ ഓപ്പണാണ്. മെല്‍ബണില്‍ കിരീടം നേടിയാല്‍ നദാലിനെ മറികടന്ന് കരിയര്‍ ഗ്രാന്‍ഡ് സ്ലാം നേടുന്ന പ്രായംകുറഞ്ഞ പുരുഷതാരമാകാം അല്‍ക്കാരസിന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.