സെറീനക്ക് 24ാം ഗ്രാൻഡ്സ്ലാം ഇനിയും അകലെ
text_fieldsന്യൂയോർക്: 24ാം ഗ്രാൻഡ്സ്ലാം കിരീടം എന്ന ചരിത്രം സെറീന വില്യംസിനെ അനുഗ്രഹിക്കില്ലേ. റെക്കോഡ് നേട്ടത്തിന് ഏറെ സാധ്യത കൽപിച്ച യു.എസ് ഒാപൺ 2020ൽനിന്നും സെറീന വില്യംസ് പുറത്ത്.
മുൻ ലോക ഒന്നാം നമ്പർ ബെലറൂസിെൻറ വിക്ടോറിയ അസരെെങ്കയാണ് ഉജ്ജ്വല പോരാട്ടത്തിലൂടെ സെറീനക്ക് മടക്ക ടിക്കറ്റ് നൽകിയത്. സ്കോർ: 1-6, 6-3, 6-3.
ഇന്ന് രാത്രി നടക്കുന്ന ഫൈനലിൽ അസെരെങ്കയും നാലാം സീഡായ ജപ്പാെൻറ നവോമി ഒസാകയും ഏറ്റുമുട്ടും. അമേരിക്കയുടെ ജെന്നിഫർ ബ്രാഡിയെ 7-6, 3-6, 6-3 സ്കോറിന് തോൽപിച്ചാണ് ഒസാക കരിയറിലെ മൂന്നാം ഗ്രാൻഡ്സ്ലാം ഫൈനലിൽ കടന്നത്. 2018ലെ യു.എസ് ഒാപൺ ജേതാവ് കൂടിയാണ് ഒസാക.
സെറീനയുടെ സ്വപ്നം അകലെയാണ്
38 വയസ്സ് കടന്ന സെറീനക്ക് ഇനിയൊരു ഗ്രാൻഡ്സ്ലാം കിരീടം സാധ്യമാണോ? 23 വട്ടം കിരീടമണിഞ്ഞ സെറീന വില്യംസ്, മാർഗരറ്റ് കോർട്ടിെൻറ 24 ഗ്രാൻഡ്സ്ലാം എന്ന ചരിത്രത്തിനൊപ്പമെത്താൻ 2017 മുതൽ കാത്തിരിക്കുന്നു. ആസ്ട്രേലിയൻ ഒാപണായിരുന്നു അവരുടെ അവസാന ഗ്രാൻഡ്സ്ലാം കിരീടം.
അമ്മയാവാൻ കോർട്ടിൽനിന്നും വിട്ടുനിന്ന ഒരു വർഷത്തിനുശേഷം ശക്തമായി തന്നെ തിരികെയെത്തിയെങ്കിലും ഗ്രാൻഡ്സ്ലാം എന്ന നേട്ടം തെന്നിമാറുകയാണ്. തിരിച്ചുവരവിന് ശേഷം വിംബ്ൾഡണിലും യു.എസ് ഒാപണിലുമായി നാലുതവണ ഫൈനലിൽ വീണു.
ഇക്കുറി, ഇതാ സെമിയിലും വീണിരിക്കുന്നു. കോവിഡ് കാരണം മുൻനിര താരങ്ങളിൽ പലരും പിൻവാങ്ങിയതോടെ സെറീനയുടെ ചരിത്രനേട്ടത്തിന് ഏറെ പേരും സാധ്യത കൽപിച്ചിരുന്നു. എന്നാൽ, പഴയപോലെ മെയ്വഴക്കവും, കോർട്ടിലെ അതിവേഗവും ഷോട്ടുകളിലെ കരുത്തും നഷ്ടമായ സെറീനക്ക് ഇനിയൊരു കിരീടം എന്നത് വലിയ വെല്ലുവിളിയാണെന്ന് കഴിഞ്ഞ പോരാട്ടങ്ങൾ ഒാർമിപ്പിക്കുന്നു.
സെമിയിൽ, അസെരെങ്കക്കെതിരെ ആദ്യ സെറ്റ് ഏകപക്ഷീയമായി നേടിയെങ്കിലും രണ്ടും മൂന്നും സെറ്റിൽ സെറീന തളർന്നുപോയി. രണ്ടും മൂന്നും സെറ്റിൽ ബ്രേക്ക് പോയൻറുമായി അസെരെങ്ക സെറീനയെ പിന്തള്ളി.
ബേസ് ലൈൻ ഷോട്ടുകളിലും ബാക്ഹാൻഡിലും മികവ് പുലർത്തിയ അസെരെങ്ക, തുടർച്ചയായ വിന്നറുകളിലൂടെ രണ്ടാം സെറ്റിൽ സെറീനയെ ഞെട്ടിച്ച് തിരികെയെത്തി. മൂന്നാം സെറ്റിൽ ബ്രേക് പോയൻറിലൂടെ തന്നെ തുടക്കം കുറിച്ചതോടെ അനായാസം സെറ്റ് ജയിക്കാനും കഴിഞ്ഞു. മൂന്നാം സെറ്റിനിടെ ചികിത്സ തേടിയ ശേഷമാണ് സെറീന കളി തുടർന്നത്.
അമ്മമാരായ രണ്ടുപേരുടെ പോരാട്ടമെന്ന നിലയിലും മത്സരം ശ്രദ്ധനേടി. നാലുവയസ്സുകാരനായ ലിയോയുടെ അമ്മയായ അസരെെങ്കക്ക് 2013ന് ശേഷം ആദ്യ ഗ്രാൻഡ്സ്ലാം ഫൈനലാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.