സാനിയ മിർസയുടെ മകന് യു.കെ വിസ ലഭിച്ചില്ല; വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ച് കായിക മന്ത്രാലയം
text_fieldsന്യൂഡൽഹി: ടോക്കിയോ ഒളിമ്പിക്സിന് മുന്നോടിയായി നിരവധി ടൂർണമെൻറുകൾക്ക് ഇംഗ്ലണ്ടിലേക്ക് പോകാനിരിക്കുന്ന ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുടെ രണ്ട് വയസുള്ള മകന് വിസ ലഭിക്കാനായി വിദേശകാര്യ മന്ത്രാലയത്തിെൻറ ഇടപെടൽ തേടി കായിക മന്ത്രാലയം രംഗത്ത്. നോട്ടിങ്ഹാം ഓപ്പൺ (ജൂൺ 6 മുതൽ), ബർമിങ്ഹാം ഓപ്പൺ (ജൂൺ 14 മുതൽ), ഈസ്റ്റ്ബോർൺ ഓപ്പൺ (ജൂൺ 20 മുതൽ), വിംബിൾഡൺ (ജൂൺ 28 മുതൽ) തുടങ്ങിയ ടൂർണമെൻറുകളിലാണ് സാനിയ മത്സരിക്കുന്നത്.
കൊറോണ വൈറസ് കേസുകൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യക്കാർക്ക് യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ സാനിയക്ക് മാത്രമായിരുന്നു വിസ അനുവദിച്ചത്. മകൻ ഇസാനും അവെൻറ കെയർ ടേക്കർക്കും യുകെ വിസ ലഭിച്ചിട്ടില്ല. "കായിക മന്ത്രാലയത്തിെൻറ ടാർഗറ്റ് ഒളിമ്പിക് പോഡിയം സ്കീമിെൻറ (TOPS) ഭാഗമായ സാനിയ, തെൻറ മകെൻറയും കെയർ ടേക്കറുടെയും വിസയിൽ സഹായം അഭ്യർത്ഥിച്ച് മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. ഒരു മാസക്കാലത്തേക്ക് യാത്രചെയ്യുമ്പോൾ രണ്ടു വയസ് മാത്രം പ്രായമുള്ള കുട്ടിയെ കൂടെ കൂട്ടാതിരിക്കാൻ കഴിയില്ലെന്ന് സാനിയ വ്യക്തമാക്കിയതായും'' മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
കായിക മന്ത്രാലയം ഇൗ ആവശ്യം ഉടനടി പരിഗണിച്ച് ബാക്കി നടപടികൾ ചെയ്യുന്നതിനായി വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ടെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. യു.കെ സർക്കാർ ന്യായമായ ആവശ്യം പരിഗണിച്ച് മകനെ സാനിയക്കൊപ്പം അയക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.