‘രാജ്യമില്ലാതെ’ അവളെത്തി; മടക്കം ‘ന്യൂട്രൽ’ ഗ്രാൻഡ്സ്ലാം ജേതാവായി
text_fieldsമെൽബൺ പാർക്കിൽ കരുത്തുറ്റ ഫോർഹാൻഡുകളുടെ തമ്പുരാട്ടി മാത്രമായിരുന്നില്ല അരീന സബലെങ്കയെന്ന 24കാരി. റഷ്യയിൽ പിറന്ന്, ബെലറൂസ് പൗരത്വം നേടിയവൾക്ക് ഇത്തവണ സ്വന്തം രാജ്യത്തിന്റെ പേരിൽ മത്സരിക്കാനാകുമായിരുന്നില്ല. യുക്രെയ്ൻ അധിനിവേശം റഷ്യൻ, ബെലറൂസ് താരങ്ങൾക്ക് വിലക്ക് വീഴ്ത്തിയിരുന്നു. ആസ്ട്രേലിയയിലെ യുക്രെയ്ൻ എംബസി നൽകിയ പരാതിയെ തുടർന്ന് ഗാലറിയിൽ റഷ്യൻ, ബെലറൂസ് പതാകകൾ കൊണ്ടുവരുന്നതിനും വിലക്കുണ്ടായിരുന്നു.
അതോടെ ദേശീയത മാറ്റിവെച്ച്, സ്വന്തം മേൽവിലാസവം മാത്രം കൈയിലേന്തി ഇറങ്ങിയവൾക്ക് ആസ്ട്രേലിയൻ ഓപണിലെ തുടക്കം അത്ര ശുഭകരമായിരുന്നില്ല. ഡബ്ൾഫോൾട്ടുകൾ ഏറെ കണ്ട ആദ്യ കളിയിൽനിന്ന് പാഠമേറെ പഠിച്ചവൾ പിന്നീടെല്ലാം തന്റെതാക്കി മാറ്റി. ഓരോ കളിയിലും കരുത്തിന്റെയും കളിമികവിന്റെയും പുതിയ പാഠങ്ങൾ ഗാലറി കണ്ടു.
കലാശപ്പോരിൽ മുഖാമുഖം വന്നത് വിംബിൾഡൺ ചാമ്പ്യൻ എലീന റിബാകിന. റോഡ് ലേവർ അറീനയിൽ ആദ്യ സെറ്റ് 4-6ന് കൈവിട്ടിട്ടും തിരിച്ചടിച്ച സബലെങ്ക പിന്നീട് തിരിഞ്ഞുനോക്കിയില്ല. അടുത്ത സെറ്റ് 6-3ന് ആധികാരികമായി കൈയിലാക്കി. ആവേശകരമായ അവസാന ഗെയിം 6-4 നും ജയിച്ചു. അപ്പോഴും ഗാലറിയിലെവിടെയും ജേതാവിന്റെ രാജ്യം മുഴങ്ങിക്കേട്ടില്ല. പതാകയും ഉയർന്നുപൊങ്ങിയില്ല. സബലെങ്ക മാറോടുചേർത്ത കിരീടത്തിൽ അവളുടെ രാജ്യമായ ബെലറൂസ് എന്ന് ചേർത്തെഴുതിയുമില്ല.
എതിരാളിയായിരുന്ന റിബാകിനയും റഷ്യയിൽ പിറന്നതാണെങ്കിലും 2018ൽ കസഖ്സ്ഥാൻ പൗരത്വം സ്വീകരിച്ചിരുന്നു. അതില്ലായിരുന്നെങ്കിൽ ‘രാജ്യമില്ലാത്തവരുടെ ഫൈനൽ’ എന്ന സവിശേഷത ആസ്ട്രേലിയൻ ഓപൺ വേദിയിലുണ്ടാകുമായിരുന്നു. എന്നാൽ, രാജ്യത്തെ കുറിച്ച തന്റെ നിലപാട് ഉറക്കെത്തന്നെ പറയാൻ സബലെങ്ക ഒട്ടും മടി കാണിച്ചില്ല. ‘ഞാൻ ഒരു ബെലറൂസ് താരമാണെന്ന് എല്ലാവർക്കുമറിയാമെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതുമതി’’- എന്നായിരുന്നു മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് സബലെങ്കയുടെ മറുപടി.
ബെലറൂസിലെയും റഷ്യയിലെയും താരങ്ങൾക്ക് കഴിഞ്ഞ വർഷം വിംബിൾഡണിൽ വിലക്കുണ്ടായിരുന്നു. ഇതിന്റെ പേരിൽ ടെന്നിസ് അസോസിയേഷൻ കനത്ത പിഴ ചുമത്തിയെന്നു മാത്രമല്ല, മത്സരം വഴിയുള്ള റാങ്കിങ് പോയിന്റുകൾ എടുത്തുകളയുകയും ചെയ്തു. ഇതോടെയാണ് രാജ്യത്തിന്റെ പേരില്ലാതെ മത്സരിക്കാൻ താരങ്ങൾക്ക് അവസരമൊരുങ്ങിയത്.
സബലെങ്ക ജയിച്ചതിനു പിന്നാലെ താരത്തിന് അനുമോദനമറിയിച്ച് ബെലറൂസ് ടെന്നിസ് ഫെഡറേഷൻ എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.