Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightറ​ഫ​ല്യൂ​ഷ​ൻ: ന​ന്ദി...

റ​ഫ​ല്യൂ​ഷ​ൻ: ന​ന്ദി ന​ദാ​ൽ, ലോ​ക​ത്തെ വി​സ്മ​യി​പ്പി​ച്ച​തി​ന്

text_fields
bookmark_border
റ​ഫ​ല്യൂ​ഷ​ൻ: ന​ന്ദി ന​ദാ​ൽ, ലോ​ക​ത്തെ വി​സ്മ​യി​പ്പി​ച്ച​തി​ന്
cancel

റാഫേൽ നദാൽ എന്ന ഇതിഹാസം കളമൊഴിയുമ്പോൾ ടെന്നിസിന് നഷ്ടമാകുന്നത് ഒരു സുവർണ യുഗമാണ്. എന്നാൽ, കളിക്കളത്തിലും പുറത്തും റാഫേൽ നദാൽ അവശേഷിപ്പിച്ച പ്രചോദനത്തിന്റെയും പോരാട്ട വീര്യത്തി​ന്റെയും കഥകൾ നമ്മൾ എല്ലാ കാലത്തും പറഞ്ഞുകൊണ്ടിരിക്കും. ഉയരങ്ങളിലായിരിക്കുമ്പോഴും ഏറ്റവും വിനയമുള്ളവനായിരിക്കുന്ന നദാലിനെയും ഏതു വീഴ്ചകളിലും തളരാത്ത പോരാളിയായ നദാലിനെയുമാണ് കായിക ലോകം ഓർക്കുക.

ടെന്നിസിലെ എക്കാലത്തെയും മികവുള്ള പ്രതിഭകളിലൊരാളായ നദാലിന്, ആ പ്രതിഭക്കു മുകളിൽ നിൽക്കുന്ന കഠിനാധ്വാനവും സമർപ്പണവുമാണ് ആരാധക മനസ്സുകളിൽ ഇടം നൽകിയത്. പല കാലങ്ങളിലായി നമ്മൾ അത് അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ഏറെക്കാലം പരിക്കേറ്റ് പുറത്തുപോയതിനുശേഷം, കരിയർ അവസാനിപ്പിച്ചെന്നു തോന്നിച്ച നിമിഷങ്ങൾക്കുശേഷം 2017ൽ ആസ്ട്രേലിയൻ ഓപണിൽ സ്വരേവിനെതിരായ മത്സരം ആരെയും അമ്പരപ്പിക്കുന്നതായിരുന്നു.

ദൈർഘ്യമേറിയ റാലികളിൽ പഴയ പ്രതാപശാലിയായ നദാലിനെ വീണ്ടും നമ്മൾ കണ്ടു. രണ്ടു പതിറ്റാണ്ട് നീണ്ട നേട്ടങ്ങളുടെ സമൃദ്ധമായ കരിയർ റാഫേൽ അവസാനിപ്പിക്കുമ്പോൾ ഇതുപോലെ പ്രതീക്ഷയും പ്രചോദനവും നൽകുന്ന താരം ഇനിയില്ല എന്നത് വിഷമിപ്പിക്കുന്നു.

വലംകൈയന്റെ ഇടതുകൈ കളി

രണ്ടു തീരുമാനങ്ങളാണ് റാഫേൽ നാദാലിന്റെ കരിയറിൽ മാറ്റമുണ്ടാക്കിയത്, ഒന്ന് ഫുട്ബാളിന്റെ പറുദീസയായ ഒരു നാട്ടിൽനിന്ന്, കാൽപന്തുകളിയിൽ തെളിയാനുള്ള എല്ലാ അവസരങ്ങളുമുണ്ടായിട്ടും, അതിൽനിന്ന് മാറി ടെന്നിസിനെ ചേർത്തുപിടിച്ചത്. മറ്റൊന്ന്, വലം കൈയനായിട്ടും ഇടതുകൈകൊണ്ട് റാക്കറ്റേന്താൻ തീരുമാനിച്ചത്. രണ്ടും വളരെ ​കുട്ടിക്കാലത്തായിരുന്നു.

എന്നാൽ, ഇവയെല്ലാം പിൽക്കാലത്ത് ശരിയെന്ന് തെളിഞ്ഞു. ഫ്രഞ്ച് ഫുട്ബാൾ ടീമിൽ അംഗമായിരുന്ന മിഗ്വേൽ ആങ്ഗൽ നദാൽ, ടെന്നിസ് താരം ടോണി നദാൽ എന്നിവർ റാഫേൽ നദാലിന്റെ അമ്മാവൻമാരാണ്. ടോണിയാണ് നദാലിനെ ടെന്നിസിലേക്ക് നയിക്കുന്നത്. ആദ്യകാല കോച്ചും മെന്ററും ടോണി നദാലായിരുന്നു. നദാലിന്റെ ഇടതുകൈയുടെ ഷോട്ടിന്റെ സൗന്ദര്യവും കരുത്തും ടെന്നിസിലെ മികച്ച കാഴ്ചകളിലൊന്നായിരുന്നു. അപാരമായ ഡ്രോപ് ഷോട്ടുകളും, ബേസ് ലൈനുകളിലെ നിരന്തര കുതിപ്പുകളുമെല്ലാം മറക്കാനാവാത്ത കാഴ്ചകളാണ് സമ്മാനിച്ചത്.

എട്ടാം വയസ്സിൽ തന്നെ ആദ്യ ജൂനിയർ ടൂർണമെന്റ് വിജയിച്ചു. 2002ലാണ് പ്രഫഷനൽ ടെന്നിസിൽ അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ, 2003ലാണ് റാഫേൽ നദാൽ ശരിക്കും വരവറിയിച്ചത്. ആദ്യ എ.ടി.പി കിരീടം നേടിയ നദാൽ മയാമി മാസ്റ്റേഴ്സിൽ റോജർ ഫെഡററെ പരാജയപ്പെടുത്തുകയും ചെയ്തു. 2005ൽ ആദ്യ ഗ്രാൻഡ് സ്ലാം നേടി.

ക്ലേ കോർട്ടിലെ രാജാവ്

ടെന്നിസിലെ ഏറ്റവും പ്രയാസമേറിയ പ്രതലമാണ് കളിമൺ കോർട്ട്. എന്നാൽ, കളിമൺ കോർട്ടുകൾ എന്നും നദാലിന്റെ സ്വന്തമായിരുന്നു. കളിമൺ കോർട്ടിൽ കളിച്ച 463 കളികളിൽ 43 എണ്ണത്തിൽ മാത്രമാണ് പരാജയപ്പെട്ടത്. 91.5 എന്ന അമ്പരപ്പിക്കുന്ന വിജയ നിരക്ക്. ഇതു മാത്രമല്ല, ഫ്രഞ്ച് ഓപണിൽ മറികടക്കുക പ്രയാസകരമായ 13 ഗ്രാൻഡ് സ്ലാമുകളെന്ന ഹിമാലയ സമാനമായ റെക്കോഡും നദാലി​ന്റെ പേരിലാണ്. 14 ഫൈനലുകൾ റോളാങ് ഗാരോയിൽ കളിച്ച നദാൽ ഒന്നിൽ മാത്രമാണ് പരാജയപ്പെട്ടത്. ക്ലേ കോർട്ടിൽ മത്സരം നടക്കുമ്പോൾ അട്ടിമറി നടന്നിരുന്നുവെങ്കിലെന്ന് നദാലിന്റെ ആരാധകർപോലും ആഗ്രഹിച്ച തരത്തിൽ ആധിപത്യമായിരുന്നു നദാലിന്. മത്സരത്തിനുമുമ്പുതന്നെ വിധി നിർണയിക്കപ്പെട്ട മത്സരങ്ങളായിരുന്നു അവ.

നദാൽ, റോജർ, ദ്യോകോ

എന്തൊരു കാലമായിരുന്നു അതെന്ന് ടെന്നിസ് പ്രേമികൾ ഓർക്കുന്ന കാലത്തിലെ ഒരു നക്ഷത്രം കൂടി കളമൊഴിയുകയാണ്. ടെന്നിസ് ലോകത്തെ വിസ്മയിപ്പിച്ച റോജർ ഫെഡറർ, റാഫേൽ നദാൽ, ദ്യോക്യോവിച്ച് യുഗത്തിന്റെ അവസാനത്തിലാണ് നമ്മൾ. ഫെഡറർ നേരത്തേ കളമൊഴിഞ്ഞു. ഇപ്പോൾ നദാലും. കരിയറിന്റെ അവസാന മിന്നലുകളിലാണ് ദ്യോക്കോവിച്ച്. ഈ സഹസ്രത്തിന്റെ ആദ്യഘട്ടത്തിൽ കോർട്ടിനെ തീപിടിപ്പിച്ച പോരാട്ട വേദിയായിരുന്നു നദാൽ- ഫെഡറർ പോരാട്ടങ്ങൾ. ഓരോ മത്സരത്തിനും ലോകം കാത്തിരു​ന്ന നിമിഷങ്ങൾ. വ്യത്യസ്ത ശൈലികളിൽ കളത്തിലും പുറത്തും നിറഞ്ഞുനിന്ന ഇരുവരും എല്ലാവരുടെ മനസ്സിലും ഇടംപിടിച്ചു. പ്രതിഭ ധാരാളിത്തത്തിൽ കുതിച്ച ഫെഡറർക്ക് പലപ്പോഴും തളരാത്ത കാളക്കൂറ്റന്റെ മനസ്സുള്ള നദാലിനു മുന്നിൽ അടിയറവു പറയേണ്ടിവന്നു.

തിരിച്ചടികൾ, തിരിച്ചുവരവ്

22 ഗ്രാൻഡ് സ്ലാമുകൾ നേടിയപ്പോഴും നദാലിന്റെ പ്രതിഭ വെച്ചുനോക്കുമ്പോൾ അപൂർണമായ ഒരു കരിയറായാണ് കായിക ലോകം കാണുന്നത്. പരിക്കുകളും തിരിച്ചടികളും ആ കരിയറിലുടനീളം ഉണ്ടായിരുന്നു. 15ാം വയസ്സിൽ കാൽമുട്ടിന് ഹോഫാസ് സിൻട്രോം ബാധിച്ചതോടെ ഇനി ടെന്നിസ് കളിക്കാനാവില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. എന്നാൽ, പ്രതികൂലമായ കാലാവസ്ഥകളിൽ കരുത്തു കാട്ടുന്ന നദാലിനെയാണ് അവിടെയും കണ്ടത്. പരിക്കുകളെ പരിഗണിക്കാതെ കളത്തിലേക്ക് തിരിച്ചുവന്നു.

കണിശവും നിരന്തരവുമായ പരിശീലനമായിരുന്നു നദാലിന്റെ തിരിച്ചു വരവുകൾക്കു മുന്നിൽ. തിരിച്ചടികളിൽ തളർന്നിരിക്കുന്ന ഒരാളായി നദാലിനെ ആരും കണ്ടിട്ടില്ല. മറിച്ച്, അടുത്ത കുതിപ്പിനുള്ള ഇടമായി അതിനെ ഉപയോഗിക്കുന്നതായിരുന്നു പതിവ്. 13 തവണയാണ് പരിക്കിനെത്തുടർന്ന് കളിക്കളത്തിൽനിന്ന് മാറിനിന്നത്. എന്നാൽ, തിരിച്ചുവരവിൽ 10 കിരീടങ്ങൾ സ്വന്തമാക്കുകയും ചെയ്തു.

കളത്തിലും പുറത്തും പ്രചോദനമായ ഒരു മനുഷ്യസ്നേഹികൂടിയാണ് നദാൽ. ആ കളിയഴക് ഇനി കാണാനാവില്ല. എന്നാൽ, ടെന്നിസിനെ വിസ്മയിപ്പിച്ച നല്ല നിമിഷങ്ങൾ എന്നും ആനന്ദിപ്പിക്കുന്നതായിരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rafael NadalTennisSpanish tennis
News Summary - Thank you Nadal for surprising the world.
Next Story