ആദരവല്ല, സമയമാണ് മുഖ്യം
text_fieldsബംഗളൂരു: സമയവും തിരമാലയും ആർക്കുവേണ്ടിയും കാത്തുനിൽക്കില്ലെന്നാണ്. മുഖ്യമന്ത്രിയാണെന്നൊന്നും പറഞ്ഞിട്ടു കാര്യമില്ല. കൃത്യനിഷ്ഠതയിൽ കർക്കശക്കാരനായ സ്വീഡിഷ് ടെന്നിസ് ഇതിഹാസം ബ്യോൺ ബോർഗിനു മുന്നിൽ അതൊന്നും വിലപ്പോവില്ല.
ബംഗളൂരുവിൽ ബോർഗിനെ ആദരിക്കുന്ന പരിപാടിക്ക് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സമയത്തിനെത്താത്തതാണ് പുതിയ വാർത്ത. അതോടെ, ആദരിക്കപ്പെടേണ്ടയാൾതന്നെ ചടങ്ങിന് കാത്തുനിൽക്കാതെ സ്ഥലംവിട്ടു. കർണാടക സ്റ്റേറ്റ് ലോൺ ടെന്നിസ് അസോസിയേഷനാണ് കഴിഞ്ഞ ദിവസം ചടങ്ങ് ഒരുക്കിയത്.
1974 മുതൽ 81 വരെ ലോക ടെന്നിസിൽ സജീവമായിരുന്ന ബോർഗ് 11 ഗ്രാൻഡ്സ്ലാമുകൾ നേടിയിട്ടുണ്ട്. ബംഗളൂരു ഓപൺ എ.ടി.പി ചലഞ്ചർ ടെന്നിസ് ടൂർണമെന്റിൽ പങ്കെടുക്കുന്ന മകൻ ലിയോ ബോർഗിന്റെ കളി കാണാനാണ് ബോർഗ് നഗരത്തിലെത്തിയത്. ടൂർണമെന്റിനോടനുബന്ധിച്ച് രാവിലെ 10.30ന് ബോർഗിനെ ആദരിക്കാൻ അസോസിയേഷൻ തീരുമാനിച്ചിരുന്നു. കൃത്യനിഷ്ഠതയിൽ പണ്ടേ കർക്കശക്കാരനായ അദ്ദേഹം നേരത്തേതന്നെ ചടങ്ങിനെത്തി.
എന്നാൽ, അപ്പോഴാണ് മുഖ്യമന്ത്രി 11.30ഓടെ മാത്രമേ എത്തൂ എന്ന അറിയിപ്പ് വന്നത്. ഇത് കേട്ടയുടൻ ബോർഗ് സ്വീകരണസ്ഥലത്തുനിന്ന് സ്ഥലംവിട്ട് മകന്റെ കളികാണാനായി ടൂർണമെന്റ് നടക്കുന്നിടത്തേക്കു പോയി. പ്രമുഖ ഇന്ത്യൻ ടെന്നിസ് താരം വിജയ് അമൃത് രാജിനും ഇതോടൊപ്പം സ്വീകരണം ഒരുക്കിയിരുന്നു. വൈകിയെത്തിയ ബൊമ്മൈ ബോർഗിനെ കാണാതെ അമൃത് രാജുമായി സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.