ഇന്ത്യൻ െടന്നിസിൽ ഒളിമ്പിക് സെലക്ഷൻ വിവാദം കത്തുന്നു; ബൊപ്പണ്ണക്കും സാനിയക്കുമെതിരെ അസോസിയേഷൻ
text_fieldsന്യൂഡൽഹി: ഇന്ത്യൻ ടെന്നിസിൽ ഒളിമ്പിക്സ് സെലക്ഷൻ വിവാദം കത്തുന്നു. രോഹൻ ബൊപ്പണ്ണക്ക് അവസരം നഷ്ടമായതിനെ തുടർന്ന് താരവും മിക്സഡ് ഡബിൾസ് പങ്കാളി സാനിയ മിർസയും ഓൾ ഇന്ത്യ ടെന്നിസ് അസോസിയേഷനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
ടോക്യോ ഒളിമ്പിക്സിൽ പുരുഷ വിഭാഗം ഡബിൾസിൽ തനിക്ക് അവസരം ലഭിക്കുമെന്ന് പറഞ്ഞ് എ.ഐ.ടി.എ തന്നെ കബളിപിച്ചുവെന്നായിരുന്നു ബൊപ്പണ്ണയുടെ ആരോപണം. സാനിയയുടെയും ബൊപ്പണ്ണയുടെയും പ്രതികരണങ്ങൾ ദൗർഭാഗ്യകരമെന്നാണ് ടെന്നിസ് അസോസിയേഷൻ വിശേഷിപ്പിച്ചത്.
'രോഹൻ ബോപണ്ണയുടെയും സാനിയ മിർസയുടെയും ട്വിറ്റർ പോസ്റ്റുകൾ അനുചിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. നിയമങ്ങളെക്കുറിച്ച് അറിവില്ലായ്മയാണ് ഇവിടെ പ്രകടമാകുന്നത്. യോഗ്യതകളെക്കുറിച്ച് അവർ ഐ.ടി.എഫിന്‍റെ നിയമാവലി പരിശോധിക്കണം'-എ.ഐ.ടി.എ പ്രസ്താവനയിൽ പറഞ്ഞു.
ഒളിമ്പിക്സിൽ പുരുഷ ഡബിൾസിന് ബൊപ്പണ്ണ – ദിവിജ് ശരൺ സഖ്യത്തെ അയക്കാനായിരുന്നു അസോസിയേഷൻ തീരുമാനം. എന്നാൽ സഖ്യത്തിന് ഡബിൾസിൽ യോഗ്യത ലഭിക്കില്ലെന്നായതോടെ ബൊപ്പണ്ണയെയും സിംഗിൾസിൽ യോഗ്യത നേടിയ സുമിത് നാഗലിനെയും സഖ്യമാക്കി അസോസിയേഷൻ രാജ്യാന്തര ഫെഡറേഷനു ശിപാർശ നൽകുകയായിരുന്നു. എന്നാൽ അവസാന ദിവസമായ ജൂൺ 22ന് ശേഷം നൽകിയ ശിപാർശ ഫെഡറേഷൻ തള്ളിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കം.
'ഡബിൾസിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ ഏറ്റവും യോഗ്യത ബൊപ്പണ്ണ–ദിവിജ് ശരൺ സഖ്യത്തിനായിരുന്നു. അവരെ നാമനിർദേശം ചെയ്തത് കൃത്യമായ തീരുമാനവുമായിരുന്നു. ദൗർഭാഗ്യവശാൽ അവർക്ക് യോഗ്യത നേടാനായില്ല. അതിനാൽ സാനിയയുടെ ട്വീറ്റും അടിസ്ഥാനരഹിതമാണ്. അവരെപ്പോലെ നിലവാരമുള്ള ഒരു താരത്തിൽനിന്ന് ഇത്തരം പ്രതികരണം വരുന്നത് അപലപനീയമാണ്' -അസോസിയേഷൻ വ്യക്തമാക്കി.
'നേരിട്ട് യോഗ്യത നേടാനുള്ള റാങ്ക് അവർക്ക് ഉണ്ടായിരുന്നില്ല. അവസരമൊരുക്കാനായി ഞങ്ങൾ പരമാവധി ശ്രമിച്ചു. ജൂലൈ 16 വരെ സാധ്യതാ പട്ടികയിൽ അഞ്ചാമതായിരുന്നു ബൊപ്പണ്ണ– ദിവിജ് സഖ്യം. അന്ന് തന്നെ നാഗൽ സിംഗിൾസിന് യോഗ്യത നേടിയതോടെയാണ് മറ്റൊരു സാധ്യത തെളിഞ്ഞത്. സിംഗിൾസ് താരങ്ങൾക്കും മത്സരിക്കാൻ പറ്റുന്നതിനാൽ സാധ്യത കൂടുതലുള്ള രോഹൻ – നാഗൽ സഖ്യത്തിന്‍റെ പേര് നിർദേശിക്കുകയായിരുന്നു' – അസോസിയേഷൻ വിശദീകരിച്ചു.
ഐ.ടി.എഫ് ഒരു വേളയിലും തനിക്കും നാഗലിനും വേണ്ടി ശിപാർശ സ്വീകരിച്ചിരുന്നില്ല. നാമനിർദേശം സമർപ്പിക്കേണ്ട അവസാന ദിവസമായ ജൂൺ 22ന് ശേഷം പരിക്കോ അസുഖമോ ഇല്ലാതെ ഒരു മാറ്റവും അനുവദിക്കില്ലെന്നും വ്യക്തമായിരുന്നുവെന്നുമാണ് ബൊപ്പണ്ണ ട്വിറ്ററിൽ കുറിച്ചത്. ഈ സാഹചര്യത്തിലും തങ്ങൾക്ക് അവസരമുണ്ടെന്ന് പ്രഖ്യാപിച്ച് ഇന്ത്യൻ ടെന്നിസ് അസോസിയേഷൻ താരങ്ങളെയും സർക്കാരിനെയും മാധ്യമങ്ങളെയും വഞ്ചിച്ചുവെന്നാണ് ബൊപ്പണ്ണ ആരോപിച്ചത്.
ഇത് സത്യമാണെങ്കിൽ വിഡ്ഢിത്തവും ലജ്ജാവഹവുമാണെന്നായിരുന്നു സാനിയ ട്വീറ്റ് ചെയ്തത്. ബൊപ്പണ്ണ–നാഗർ സഖ്യത്തിന്‍റെ പേരാണ് അവസാന നിമിഷം വരെ പറഞ്ഞിരുന്നതെന്നും മെഡൽ നേടാനുള്ള സുവർണാവസരമാണ് നഷ്ടമായതെന്നുമായിരുന്നു സാനിയയുടെ പ്രതികരണം.
പ്രമുഖ താരങ്ങളായ റാഫേൽ നദാൽ, റോജർ ഫെഡറർ തുടങ്ങിയ പ്രമുഖർ ഒളിമ്പിക്സിൽ നിന്ന് പിൻവാങ്ങിയതോടെയാണ് ലോകറാങ്കിങ്ങിൽ 144ാം റാങ്കുകാരനായ നാഗലിന് നറുക്ക് വീണത്. മറ്റൊരു ഇന്ത്യൻ താരമായ പ്രജ്നേഷ് ഗുണശേഖരന് പക്ഷേ ഒളിമ്പിക് യോഗ്യതയില്ല. 148ാം റാങ്കുകാരനായിരുന്നു പ്രജ്നേഷ്. 2016 റിയോ ഒളിമ്പിക്സിൽ സാനിയ-ബൊപ്പണ്ണ സഖ്യം മത്സരിച്ചിരുന്നുവെങ്കിലും മെഡലൊന്നും ലഭിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.