യുക്രെയ്ൻ അംബാസഡറുടെ പരാതി; ആസ്‌ട്രേലിയൻ ഓപണിൽ റഷ്യൻ പതാകക്ക് വിലക്ക്
text_fieldsമെൽബൺ: ആസ്‌ട്രേലിയൻ ഓപണിൽ റഷ്യൻ, ബെലാറസ് പതാകകൾക്ക് വിലക്ക്. ആസ്‌ട്രേലിയയിലെയും ന്യൂസിലൻഡിലെയും യുക്രെയ്‌ൻ അംബാസഡർ വാസിൽ മൈറോഷ്‌നിഷെങ്കോയുടെ പരാതിയെത്തുടർന്നാണ് നടപടി. യുക്രെയ്ൻ താരം കാതറൈന ബൈൻഡലും റഷ്യൻ താരം കാമില റഖിമോവയും തമ്മിലുള്ള ആദ്യ റൗണ്ട് മത്സരത്തിനിടെ ഒരാൾ റഷ്യൻ പതാക ഉയർത്തിക്കാണിച്ചിരുന്നു. ഇതിനെതിരെ അംബാസഡർ ട്വിറ്ററിൽ പോസ്റ്റുമിട്ടു.
“ഇന്ന് ആസ്‌ട്രേലിയൻ ഓപണിൽ യുക്രേനിയൻ ടെന്നിസ് താരം കാതറൈന ബൈൻഡലിന്റെ കളിക്കിടെ റഷ്യൻ പതാക പരസ്യമായി പ്രദർശിപ്പിച്ചതിനെ ശക്തമായി അപലപിക്കുന്നു. നിഷ്പക്ഷ പതാക നയം ഉടൻ നടപ്പാക്കാൻ ഞാൻ ടെന്നിസ് ആസ്‌ട്രേലിയയോട് അഭ്യർഥിക്കുന്നു” ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് അംബാസഡർ ട്വിറ്ററിൽ കുറിച്ചു. ഇതോടെ ഇരു രാജ്യങ്ങളുടെയും പതാകകൾക്ക് വിലക്കേർപ്പെടുത്തി ടെന്നിസ് ആസ്‌ട്രേലിയ ഉത്തരവിടുകയായിരുന്നു.
റഷ്യൻ താരത്തെ പിന്തുണക്കുന്നവർ യുക്രെയ്ൻ താരത്തെ പരിഹസിക്കുകയാണെന്ന് ആരോപിച്ച എതാനും ആരാധകർ പൊലീസിനെയും സുരക്ഷ ജീവനക്കാരെയും വിളിച്ച് പരാതിപ്പെടുകയും ചെയ്തു. എന്നാൽ, താരത്തെ പിന്തുണക്കുക മാത്രമാണ് ചെയ്തതെന്നാണ് പതാകയുയർത്തിയ റഷ്യൻ ആരാധകന്റെ വിശദീകരണം.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ യുക്രെയ്ൻ അധിനിവേശം ആരംഭിച്ചത് മുതൽ നിരവധി കായിക ഇനങ്ങളിൽ റഷ്യയുടെയും അധിനിവേശത്തിന് സഹായമൊരുക്കുന്ന ബെലാറസിലെയും താരങ്ങൾക്ക് അവരുടെ രാജ്യങ്ങളുടെ പതാകക്ക് കീഴിൽ കളിക്കാൻ വിലക്കേർപ്പെടുത്തിയിരുന്നു. ആസ്‌ട്രേലിയൻ ഓപണിൽ ഇരു രാജ്യങ്ങളിലെയും കളിക്കാർ നിഷ്‌പക്ഷമായ വെള്ളക്കൊടിക്ക് കീഴിൽ മത്സരിക്കുമ്പോൾ, 2022ൽ വിംബിൾഡണിൽ കളിക്കുന്നതിൽനിന്ന് തന്നെ വിലക്കിയിരുന്നു.
"ടെന്നിസ് ആസ്വദിക്കാനുള്ള ഏറ്റവും മികച്ച അന്തരീക്ഷം ഉറപ്പാക്കാൻ ഞങ്ങൾ കളിക്കാരുമായും ആരാധകരുമായും സഹകരിക്കുന്നത് തുടരും. ആരാധകർക്ക് പതാക കൊണ്ടുവരാം എന്നായിരുന്നു ഞങ്ങളുടെ പ്രാഥമിക നയം. എന്നാൽ, ആളുകൾക്കിടയിൽ ഭിന്നതയുണ്ടാക്കുന്ന രീതിയിൽ അവ ഉപയോഗിക്കാൻ അനുവദിക്കാനാവില്ലെന്ന് ടെന്നിസ് ആസ്ട്രേലിയ പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.