യു.എസ്. ഓപൺ: കന്നി ഗ്രാൻഡ് സ്ലാമിൽ മുത്തമിട്ട് ഡൊമിനിക് തീം
text_fieldsന്യൂയോർക്: 2020 യു.എസ് ഒാപൺ പുരുഷ സിംഗ്ൾസ് ജേതാവായ ഡൊമനിക് തീമിനെ തിരിച്ചുവരവുകളുടെ വലിയതമ്പുരാൻ എന്നു വിളിച്ചാൽ തെറ്റില്ല. അസാധ്യമെന്നുറപ്പിച്ച വീഴ്ചയിൽനിന്നായിരുന്നു ഡൊമിനിക് തീമിെൻറ തിരിച്ചുവരവും കിരീടനേട്ടവും. ജർമനിയുടെ അലക്സാണ്ടർ സ്വരേവിനെതിരായ ഫൈനലിൽ ആദ്യ രണ്ടു സെറ്റിൽ വലിയ തോൽവികൾ, മൂന്നാം സെറ്റിൽ പിന്നിൽനിന്നശേഷം ഒരു കച്ചിത്തുരുമ്പിൽ പിടിച്ച് ചെറുത്തുനിൽപ്. തുടർന്ന് രണ്ടു സെറ്റ് ജയിച്ച് (2-2) കളി അഞ്ചാം സെറ്റിലേക്ക്. അവിടെ ടൈബ്രേക്കറിലൂടെ ജയം.
യു.എസ് ഒാപണിെൻറ ചരിത്രംപോലും എഴുന്നേറ്റുനിന്ന് കൈയടിച്ച പോരാട്ടവീര്യം. യു.എസ് ഒാപണിൽ 71 വർഷത്തിനിടെ ആദ്യ രണ്ടു സെറ്റ് തോറ്റശേഷം, തുടർച്ചയായി മൂന്നു സെറ്റും ജയിച്ച് കിരീടമണിയുന്ന ആദ്യ താരമെന്ന റെക്കോഡ് കൂടി സ്വന്തമാക്കിയാണ് ഒാസ്ട്രിയക്കാരനായ തീം ആർതർ ആഷെ സ്റ്റേഡിയം വിട്ടത്. സ്കോർ: 2-6, 4-6, 6-4, 6-3, 7-6 (8-6). അഞ്ചു സെറ്റിെൻറ മാരത്തൺ അങ്കം നാലു മണിക്കൂർ നീണ്ടുനിന്നു.
''ശരീരത്തേക്കാൾ കരുത്തുറ്റതായിരുന്നു ഇന്ന് എെൻറ ആത്മവിശ്വാസം. അതിരറ്റ സന്തോഷം'' -അവിസ്മരണീയ ജയത്തെ ഒറ്റവാക്കിൽ തീം വിശേഷിപ്പിച്ചത് ഇങ്ങനെ. മാറിമറിഞ്ഞ അവസാന സെറ്റിലെ ടൈബ്രേക്കറിൽ മൂന്നാം ചാമ്പ്യൻഷിപ് പോയൻറാണ് വിധി നിർണയിച്ചത്. സ്വരേവിെൻറ ബാക്ഹാൻഡ് ഷോട്ട് പുറത്തേക്കുപറന്നതോടെ തീം ബേസ്ലൈനിനു പുറത്ത് മറിഞ്ഞുവീണു ഇരുകൈകളുംകൊണ്ട് മുഖംപൊത്തി കിരീടാഘോഷത്തിന് തുടക്കംകുറിച്ചു. മണിക്കൂറുകൾ മാറിമറിഞ്ഞ ഉദ്വേഗപോരാട്ടത്തിന് ആവേശകരമായ സമാപനം. മുമ്പ് മൂന്നു തവണ ഫൈനലിൽ കണ്ണീരോടെ മടങ്ങാൻ വിധിക്കപ്പെട്ട ഒാസ്ട്രിയക്കാരെൻറ കന്നി ഗ്രാൻഡ്സ്ലാം. ''ഇന്ന് ഞങ്ങൾ രണ്ടുപേരും വിജയികളായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോവുന്നു. ഞങ്ങൾ ഇരുവരും ഇൗ കിരീടത്തിന് അർഹരാണ്'' -തീം പറയുന്നു. കോവിഡ് കാലത്ത് അടുത്തിടപഴകിയുള്ള അഭിനന്ദനങ്ങൾക്ക് വിലക്കുള്ളപ്പോഴും കൈകൊടുത്തും കെട്ടിപ്പിടിച്ചും പരസ്പരം അഭിനന്ദിച്ചാണ് ഉറ്റകൂട്ടുകാർ കളംവിട്ടത്.
ആരും തോറ്റില്ല
ആദ്യ സെറ്റിൽ രണ്ടു സർവ് ബ്രേക്ക് ചെയ്ത് പോയൻറ് പിടിച്ചാണ് സ്വരേവ് മുന്നേറിയത്. ബാക്ഹാൻഡിലും ഫോർഹാൻഡിലും മികച്ചുനിന്ന സ്വരേവ് കളംനിറഞ്ഞേപ്പാൾ തീമിന് ഏറെ തവണ പിഴച്ചു. രണ്ടാം സെറ്റിൽ 5-1ന് ഏറെ പിന്നിൽനിന്നശേഷമാണ് തീം നാലു പോയെൻറങ്കിലും നേടിയത്. മൂന്നാം സെറ്റിലും സ്വരേവ് അനായാസേന പോയൻറ് നേടുന്നതായിരുന്നു കണ്ടത്. മൂന്നാം ഗെയിമിൽ സ്വരേവ് സർവ് ബ്രേക്ക് ചെയ്തു (2-1). എന്നാൽ, അടുത്ത ഗെയിമിൽ ബ്രേക് പോയൻറുമായി തീം ഒപ്പമെത്തിയതോടെ കളി പതുക്കെ മാറിത്തുടങ്ങി. അതായിരുന്നു ഒാസ്ട്രിയൻ താരത്തിെൻറ കിരീടത്തിലേക്കുള്ള 'ബ്രേക് ത്രൂ'വും. പിന്നെ ഒപ്പത്തിനൊപ്പം മുന്നേറി. പത്താം ഗെയിംമിൽ വീണ്ടും ബ്രേക് പോയൻറുമായി (6-4) സെറ്റും ജയിച്ചതോടെ കളിമാറി. നാലും അഞ്ചും സെറ്റിൽ ഇരുവരും ക്ഷീണിച്ചതോടെ പോയൻറുകൾ വേഗത്തിൽ വീണുകൊണ്ടിരുന്നു. ടൈബ്രേക്കറിൽ ഭാഗ്യത്തിെൻറ കരുതൽ തീമിനൊപ്പമായതോടെ ഒാസ്ട്രിയൻമണ്ണിലേക്ക് കന്നി ഗ്രാൻഡ്സ്ലാം പിറന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.