ബിഗ് ത്രീ ഇല്ല; യു.എസ് ഓപണിൽ തീം x സ്വരേവ് ഫൈനൽ
text_fieldsന്യൂയോർക്ക്: റോജർ ഫെഡററും റാഫേൽ നദാലും പിൻമാറുകയും നൊവാക് ദ്യോകോവിചിനെ കളിക്കളത്തിലെ മോശം പെരുമാറ്റത്തിന് അയോഗ്യനാക്കുകയും ചെയ്തതോടെ ഞായറാഴ്ച യു.എസ് ഓപണിൽ പുതിയ രാജാവ് പട്ടാഭിഷേകം ചെയ്യും.
റഷ്യയുടെ ഡാനിൽ മെദ്വദേവിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കി ഓസ്ട്രിയയുടെ ഡൊമിനിക് തീം യു.എസ് ഓപൺ പുരുഷ വിഭാഗം സിംഗ്ൾസ് ഫൈനലിൽ പ്രവേശിച്ചു. ആർതർ ആഷെ സ്റ്റേഡിയത്തിൽ നടന്ന രണ്ട് മണിക്കൂറും 56 മിനിറ്റും നീണ്ടുനിന്ന സെമിഫൈനലിൽ രണ്ടാം സീഡായ തീം 6-2, 7-6, 7-6 എന്ന സ്കോറിനാണ് മൂന്നാം സീഡായ മെദ്വദേവിനെ തോൽപിച്ചത്.
ഞായറാഴ്ച നടക്കുന്ന ഫൈനലിൽ അഞ്ചാം സീഡായ ജർമനിയുടെ അലക്സാണ്ടർ സ്വരേവാണ് തീമിൻെറ എതിരാളി. ഇരുവരും തങ്ങളുടെ ആദ്യ ഗ്രാൻഡ്സ്ലാം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങാൻ പോകുന്നത്.
മികച്ച പ്രതിരോധ മാർഗത്തിലൂടെയാണ് ഇരുവരും പോരാടിയതെങ്കിലും നിർണായക ഘട്ടങ്ങളിൽ പോയൻറ് നേടിയാണ് തീം മത്സരം വരുതിയിലാക്കിയത്. ആദ്യ സെറ്റ് തീം അനായാസം നേടി. മെദ്വദേവ് ആദ്യമായായിരുന്നു ടൂർണമെൻറിൽ ഒരു സെറ്റ് നഷ്ടപ്പെടുത്തിയത്.
രണ്ടാം സെറ്റിൽ റഷ്യൻ താരം 4-2ന് മുന്നിട്ടു നിന്നെങ്കിലും ൈടബ്രേക്കറിൽ മുട്ടുമടക്കി. മൂന്നാം സെറ്റിൽ മെദ്വദേവ് 5-3 എന്ന സ്കോറിന് സെറ്റ് പോയൻറ് നേടാൻ ഒരുങ്ങവെ 38 ഷോട്ട് റാലിയിലൂടെ അത്യുഗ്രൻ തിരിച്ചുവരവ് നടത്തിയ തീം ശേഷം സെറ്റും മത്സരവും പിടിച്ചെടുത്തു.
തീമിൻെറ നാലാം ഗ്രാൻഡ്സ്ലാം ഫൈനൽ പ്രവേശനമാണിത്. ഈ വർഷം തുടക്കത്തിൽ നടന്ന ആസ്ട്രേലിയൻ ഓപണിൽ ഫൈനലിലെത്തിയ തീമിൻെറ തുടർച്ചയായ രണ്ടാം ഗ്രാൻഡ്സ്ലാം ഫൈനലാണിത്.
ചരിത്രം രചിച്ച് സ്വരേവ്
രണ്ട് സെറ്റിന് പിറകിൽ നിന്ന ശേഷം മൂന്ന് െസറ്റ് സ്വന്തമാക്കിയാണ് സ്വരേവ് സ്പെയിനിൻെറ പാബ്ലോ കാരെനോ ബസ്റ്റയെ തോൽപിച്ച് ഫൈനലിലെത്തിയത്.
20ാം സീഡായ ബസ്റ്റയെ 3 മണിക്കൂർ 23 മിനിറ്റ് നീണ്ടുനിന്ന മാരത്തൺ പോരാട്ടത്തിൽ 3-6, 2-6, 6-3, 6-4, 6-3 എന്ന സ്കോറിനാണ് സ്വരേവ് തോൽപിച്ചത്.
ഈ വർഷത്തെ ആസ്ട്രേലിയൻ ഓപണിലൂടെ സ്വരേവ് കരിയറിൽ ആദ്യമായി ഗ്രാൻഡ്സ്ലാം ടൂർണമെൻറിൻെറ സെമിഫൈനലിൽ കടന്നിരുന്നു.
2003ൽ ആസ്ട്രേലിയൻ ഓപൺ ഫൈനലിലെത്തിയ റെയ്നർ ഷട്ട്ലർക്ക് ശേഷം ഗ്രാൻഡ്സ്ലാം ടൂർണമെൻറിൻെറ ഫൈനലിലെത്തുന്ന ആദ്യ ജർമനിക്കാരനായി സ്വരേവ് മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.