യു.എസ് ഓപൺ: മെദ് വെദേവ്, മറേ, സെറീന മുന്നോട്ട്; സിമോനയെ അട്ടിമറിച്ച് യുക്രെയ്ൻകാരി
text_fieldsന്യൂയോർക്: യു.എസ് ഓപണിൽ മുൻനിര താരങ്ങൾക്ക് ജയത്തോടെ തുടക്കം. നിലവിലെ ചാമ്പ്യൻ റഷ്യയുടെ ഡാനീൽ മെദ് വെദേവ്, മുൻ ജേതാക്കളായ സെറീന വില്യംസ്, ആൻഡി മറേ തുടങ്ങിയവർ രണ്ടാം റൗണ്ടിലേക്കു മുന്നേറി. പുരുഷ സിംഗ്ൾസിൽ അമേരിക്കയുടെ സ്റ്റെഫാൻ കോസ് ലോവിനെ 6-2, 6-4, 6-0ത്തിനാണ് മെദ് വെദേവ് വീഴ്ത്തിയത്. മറേ അർജന്റീനയുടെ ഫ്രാൻസിസ്കോ സെറുൻഡോലോയെ 7-5, 6-3, 6-3ന് മറികടന്നു. വിരമിക്കൽ പ്രഖ്യാപിച്ച സെറീന, മോണ്ടിനെഗ്രോയുടെ ഡാങ്ക കൊവിനിക്കിനെ തോൽപിച്ചും രണ്ടാം റൗണ്ടിലെത്തി. സ്കോർ: 6-3, 6-3.
അതേസമയം, മുൻ ഫ്രഞ്ച് ഓപൺ-വിംബ്ൾഡൻ ജേതാവ് റുമേനിയയുടെ സിമോന ഹാലെപിനെ ഇതാദ്യമായി ഗ്രാൻഡ്സ്ലാമിലേക്ക് യോഗ്യത നേടിയ യുക്രെയ്നിന്റെ ഡാറിയ സ്നിഗൂർ അട്ടിമറിച്ചു.
124ാം റാങ്കുകാരിയായ സ്നിഗൂർ ഏഴാം സീഡ് സിമോനക്കെതിരെ 6-2, 0-6, 6-4 സ്കോറിനാണ് ജയിച്ചത്. താൻ ഏറെ സന്തോഷവതിയും വികാരഭരിതയുമാണെന്ന് മത്സരശേഷം സ്നിഗൂർ കണ്ണീരോടെ പറഞ്ഞു. റഷ്യൻ അധിനിവേശത്തിൽ താളംതെറ്റിയ യുക്രെയ്നിയൻ കായികരംഗത്തിന് ഉണർവ് നൽകുന്നതായി വിജയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.