യു.എസ് ഓപൺ: പുരുഷ വിഭാഗത്തിൽ കപ്പടിക്കാൻ 'ന്യൂജെൻ' പോരാട്ടം
text_fieldsന്യൂയോർക്: കളി തുടങ്ങും മുമ്പ് റഫാ- റോജർ ജോടിയും പാതിവഴിയിൽ ദ്യോകോവിച്ചും മടങ്ങിയ യു.എസ് ഓപൺ പുരുഷ വിഭാഗത്തിൽ കപ്പടിക്കാൻ 'ന്യൂജെൻ' പോരാട്ടം. ശനിയാഴ്ച നടക്കുന്ന ആവേശകരമായ സെമിയിൽ ലോക റാങ്കിങ്ങിൽ മൂന്നാമനായ ഓസ്ട്രിയൻ താരം ഡൊമിനിക് തീം റഷ്യൻ പ്രതീക്ഷയായ ഡാനിൽ മെദ്വ്യദെവിനെയും ജർമനിയുടെ അലക്സാണ്ടർ സ്വരേവ് സ്പാനിഷ് താരം കരെനോ ബസ്റ്റയെയും നേരിടും.
കഴിഞ്ഞദിവസം രാത്രി നടന്ന പോരാട്ടത്തിൽ പ്രതിഭയിലും പ്രകടനത്തിലും ഒരുപടി മുന്നിൽനിന്ന രണ്ടാം സീഡ് ഡൊമിനിക് തീം ആസ്ട്രേലിയയുടെ അലക്സ് ഡി മിനോറിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കി. സ്കോർ 6-1 6-2 6-4. ആർതർ ആഷെ സ്റ്റേഡിയത്തിൽ രണ്ടു മണിക്കൂർ മാത്രമെടുത്താണ് ഡി മിനോറിെൻറ കടുത്ത സമ്മർദം തീം മറികടന്നത്. പലവട്ടം കപ്പിനരികെ റഫാ-റോജോ-ദ്യോകോ ത്രയത്തിനു മുന്നിൽ കിരീടം കൈവിട്ട തീമിന് ഇതോടെ ആദ്യമായി യു.എസ് ഓപണിൽ താരരാജാവാകാൻ വഴി എളുപ്പമായി. 43 വിന്നറുകൾ പായിച്ചും 13 ബ്രേക്പോയൻറ് അവസരങ്ങളിൽ ഏഴെണ്ണം സ്വന്തമാക്കിയും എതിരാളിയെ നിഷ്്പ്രഭമാക്കിയാണ് അവസാന നാലിൽ ഡാനിൽ മെദ്വ്യദെവിനെതിരായ പോരാട്ടത്തിന് ടിക്കറ്റെടുത്തത്.
കടുത്ത പോര് കണ്ട മറ്റൊരു ക്വാർട്ടറിൽ നാട്ടുകാരനും ബാല്യകാല സുഹൃത്തുമായ ആൻഡ്രെ റുബ്ലേവിനെ വീഴ്ത്തിയാണ് മെദ്വ്യദെവ് അവസാന നാലിലേക്ക് ടിക്കറ്റെടുത്തത്. സ്കോർ 7-6 (6) 6-3 7-6 (5). വർഷങ്ങൾക്കുശേഷം ആദ്യ റഷ്യൻ ക്വാർട്ടറിന് യു.എസ് ഓപൺ വേദിയായപ്പോൾ ഉടനീളം ആക്രമണവുമായി മെദ്വ്യദെവ് നിറഞ്ഞുനിന്നു. കഴിഞ്ഞവർഷം കലാശപ്പോരിൽ നദാലിനോട് തോറ്റ് കൈവിട്ട കിരീടം ഇത്തവണ തിരിച്ചുപിടിക്കാനാകും ഇനി താരത്തിെൻറ ശ്രമം.
കഷ്ടിച്ചു കടന്ന് സെറീന
24ാം ഗ്രാൻറ്സ്ലാം കിരീടമെന്ന ചരിത്രം കൈയകലത്തുനിൽക്കുന്ന വെറ്ററൻ താരം സെറീന വില്യംസ് കടുത്ത പോരാട്ടച്ചൂട് കടന്ന് യു.എസ് ഓപൺ വനിത വിഭാഗം സെമിയിൽ. സ്വറ്റാന പിറൻകോവയെയാണ് ഒന്നിനെതിരെ രണ്ടു സെറ്റുകൾക്ക് വീഴ്ത്തിയത്. സ്കോർ 4-6 6-3 6-2. ഇതോടെ, രണ്ടു വർഷം മുമ്പ് നടന്ന സെറീന- ഒസാക മത്സരത്തിെൻറ തനിയാവർത്തനത്തിന് കാത്തിരിക്കുകയാണ് ആരാധകർ.
ആറു തവണ യു.എസ് ഓപണിൽ മുത്തമിട്ട 38കാരിക്ക് അപ്രതീക്ഷിത എതിരാളിയായി തുടങ്ങിയ ബൾഗേറിയൻ താരം പിറൻകോവ അനായാസം ആദ്യ സെറ്റ് പിടിച്ചെടുത്തു. കോർട്ടിൽ അതിവേഗം ഓടിത്തളർന്ന എതിരാളിയെ അനുഭവത്തിെൻറ കരുത്തുമായി കീഴടക്കിയ സെറീനക്ക് ഇനി സെമിയിൽ എതിരാളി ലോക ഒന്നാം നമ്പർ താരം വിക്ടോറിയ അസറൻകയാണ്. 2012ലും 2013ലും ഇരുവരും ഏറ്റുമുട്ടിയതിൽ സെറീനക്കായിരുന്നു ജയം. പരിക്കേറ്റ് നീണ്ട ഇടവേള പുറത്തിരുന്നശേഷം വീണ്ടും റാക്കറ്റേന്തിയ പിറൻകോവക്ക് ഇതോടെ വലിയ വിജയങ്ങൾക്ക് ഇനിയും കാത്തിരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.