ദ്യോകോ വീഴുമ്പോൾ
text_fieldsനിലവിലെ ഫോമിൽ വിംബ്ൾഡൺ കോർട്ടിൽ ദ്യോകോവിച് വീഴുമെന്ന് അധികമാരും ചിന്തിച്ചുകാണില്ല. ആദ്യസെറ്റിൽ 6-1ന്റെ ആധികാരിക ജയം നേടിയതോടെ ദ്യോകോക്ക് അനായാസ വിജയമെന്ന് തോന്നിപ്പിച്ചു. ഒപ്പത്തിനൊപ്പം നിന്ന രണ്ടാം സെറ്റിൽ അവസാന ചിരി അൽകാരസിന്. മൂന്നാം സെറ്റിൽ ദ്യോകോയെ നിഷ്പ്രഭനാക്കി മലർത്തിയടിച്ചതോടെ കളി മുറുകി.
ദ്യോകോ പതിവുശൈലിയിൽ ബാറ്റുതകർത്താണ് അരിശം തീർത്തത്. വിജയം അനിവാര്യമായ നാലാം സെറ്റിൽ ദ്യോകോ ഉണർന്നെണീറ്റതോടെ ചൂടുപിടിച്ചുനിന്നിരുന്ന പുൽനാമ്പുകളിൽ തീപടർന്നു. അൽകാരസിന് മറുപടി കൊടുക്കാനുള്ള ഓട്ടത്തിനിടെ പലകുറി തെന്നിവീഴുന്ന ദ്യോകോയെയും മൈതാനം കണ്ടു. മുൾമുനയിൽ നിർത്തിയ പൊരിഞ്ഞ പോരാട്ടത്തിനൊടുവിൽ മാച്ച് പോയന്റുമായി അൽകാരസ് വീണുകിടന്നപ്പോൾ ഗാലറി എഴുന്നേറ്റ് കൈയടിച്ചു. ചിലർ അവിസ്മരണീയ മത്സരത്തിന് സാക്ഷിയായതിന്റെ നിർവൃതിയിൽ കണ്ണീർ തുടച്ചു.
കോർട്ടുകളെയും എതിരാളികളെയും പലകുറി കണ്ട ദ്യോകോ മത്സരശേഷം പറഞ്ഞതിങ്ങനെ: ‘‘ഇതുപോലൊരു കളിക്കാരനെതിരെ ഇത്രയും കാലത്തിനിടെ കളിച്ചിട്ടില്ല. റോജറിലും റാഫയിലും എന്നിലുമുള്ള ഗുണങ്ങൾ അവനിലുണ്ടെന്ന് പലരും പറയുന്നുണ്ട്. അതിനോട് ഞാനും യോജിക്കുന്നു.’’ രണ്ടുപതിറ്റാണ്ടിലേറെയായി ടെന്നിസിലെ അഭിമാനകിരീടങ്ങളെല്ലാം പങ്കുവെച്ചു കളിച്ച ഫെഡറർ-നദാൽ-ദ്യോകോവിച് ത്രിമൂർത്തികളിലേക്ക് നടന്നെത്താൻ ഇനിയുമെത്രയോ കോർട്ടുകളും ഗ്രാൻഡ്സ്ലാമുകളും 20കാരൻ താണ്ടിക്കടക്കേണ്ടതുണ്ട്. എങ്കിലും ഈ ത്രിമൂർത്തികളുടെ യുഗത്തിന്റെ പരിസമാപ്തിയായി ഈ വിജയം ആഘോഷിക്കുന്നു. അതല്ലെങ്കിൽ ഇനിയുള്ള കാലം ദ്യോകോക്ക് കിരീടങ്ങൾ എളുപ്പമാകില്ലെന്നെങ്കിലും അവർ കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.