ലോക റാങ്കിങ് 1204: വിംബ്ൾഡണിൽ ചരിത്രം കുറിക്കാൻ സെറീന
text_fieldsലണ്ടൻ: നീണ്ട 12 മാസം റാക്കറ്റെടുക്കാതെ കളികണ്ടുനിന്ന് ലോക റാങ്കിങ് ആയിരത്തിനു താഴെയെത്തിയ ഇതിഹാസതാരം സെറീന വില്യംസ് ചരിത്രത്തിലേക്ക് എയ്സുതിർക്കാൻ വീണ്ടും ഇറങ്ങുന്നു. ഏഴു തവണ കിരീടമധുരം നൽകിയ ഓൾ ഇംഗ്ലണ്ട് ക്ലബിൽ 24ാം ഗ്രാൻഡ്സ്ലാം തേടിയാണ് ഇത്തവണ അമേരിക്കൻ താരം റാക്കറ്റേന്തുന്നത്. കപ്പുയർത്തിയാൽ വിംബ്ൾഡൺ ജേതാവാകുന്ന ആദ്യ സീഡില്ലാ അമേരിക്കക്കാരിയാകും സെറീന.
2021ൽ വിംബ്ൾഡൺ ആദ്യ സെറ്റിൽ അലിയക്സാന്ദ്ര സാസ്നോവിച്ചിനോട് തോറ്റുമടങ്ങിയ സെറീന പിന്നീട് സിംഗ്ൾസ് മത്സരങ്ങളിൽ ഇറങ്ങിയിട്ടില്ല. 2019ൽ അവസാനമായി ഗ്രാൻഡ്സ്ലാം നേടിയശേഷം മുൻനിര ചാമ്പ്യൻഷിപ്പുകളിൽ താരത്തിന് വിജയിക്കാനുമായിട്ടില്ല. അതിനാൽ 24ാം ഗ്രാൻഡ്സ്ലാം എന്ന ചരിത്രം ഏറെയായി സെറീനയെ അകന്നുനിൽക്കുകയാണ്. അത് ഇത്തവണ തിരിച്ചുപിടിക്കാൻ ശരിക്കും വിയർക്കേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ. അതേസമയം, 1998ൽ ആദ്യമായി വിംബ്ൾഡൺ വേദിയിൽ ഇറങ്ങുമ്പോൾ നിലവിലെ ലോക ഒന്നാം നമ്പർ താരം ഇഗ സ്വിയാടെക് ജനിച്ചിട്ടുപോലുമില്ല. ഫ്രഞ്ച് ഓപണിൽ അനായാസം കിരീടം തൊട്ട 21കാരിയാകട്ടെ, 35 മത്സരങ്ങളിൽ വിജയയാത്ര തുടരുകയാണ്.
അന്താരാഷ്ട്ര ടെന്നിസിൽനിന്ന് വിരമിച്ച നിലവിലെ ചാമ്പ്യൻ ആഷ്ലി ബാർതി ഇല്ലാതെയാണ് ഇത്തവണ വിംബ്ൾഡൺ വേദിയുണരുന്നത് എന്ന സവിശേഷതയുമുണ്ട്. വെല്ലുവിളിയാകേണ്ട നവോമി ഒസാകയും നേരത്തേ പിൻവാങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.