കാൽപന്തിന്റെ അറേബ്യൻ കാർണിവൽ
text_fieldsദോഹ: കളി മാത്രമല്ല, പത്ത് കിലോമീറ്റർ ചുറ്റളവിൽ കളർഫുളായൊരു കാർണിവലിനാണ് ഖത്തർ അരങ്ങൊരുക്കുന്നത്. അടച്ചിട്ട്, എല്ലാം മൂടിക്കെട്ടിയ കോവിഡ് കാലത്തെ ഓർമകളുടെ പിന്നാമ്പുറത്തേക്ക് കിക്ക് ഔട്ട് ചെയ്ത് ഖത്തർ ലോകത്തെ കളിയുത്സവങ്ങളുടെ പടിപ്പുരയിലേക്ക് കൈപിടിച്ചാനയിക്കുന്നു. ലോകം കാത്തിരിക്കുന്ന വിശ്വപോരാട്ടത്തിലേക്ക് ഒരു മാസത്തിനപ്പുറം കിക്കോഫ്. ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി ആരാധകരെയും ടീമുകളെയും കാത്തിരിക്കുകയാണ് അറബ് നാട്. ഹയാ കാർഡ് വഴി കാണികൾക്ക് നവംബർ ഒന്ന് മുതൽ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കും. ടീമുകൾ നവംബർ ഏഴ് മുതൽ പറന്നിറങ്ങി തുടങ്ങും. രാജ്യാന്തര മാധ്യമപ്പട ഇതിനകം തന്നെ ദോഹയിലേക്ക് കേന്ദ്രീകരിച്ച് തുടങ്ങി. അങ്ങനെ, ലോകത്തിന്റെ ഹൃദയഭൂമിയായി മാറാൻ ഖത്തർ എല്ലാ അർഥത്തിലും ഒരുങ്ങിക്കഴിഞ്ഞു.
ഒഫീഷ്യൽ സൈറ്റ്: 169
ലോകകപ്പിനുള്ള എട്ട് സ്റ്റേഡിയങ്ങൾ, ടീമുകളുടെ പരിശീലന സ്ഥലം, താമസം, ഓഫിസ് കേന്ദ്രങ്ങൾ ഉൾപ്പെടെ 169 ഔദോഗിക കേന്ദ്രങ്ങളാണ് ദോഹയോട് ചേർന്ന് സംഘാടകർ അടയാളപ്പെടുത്തിയിരുക്കുന്നത്. എല്ലാം ദോഹയുടെ 'ഠ' വട്ടത്തിൽ തന്നെ.
ടിക്കറ്റ്: 30 ലക്ഷം
ആകെ നീക്കിവെച്ചത് 30 ലക്ഷം ടിക്കറ്റുകൾ. കഴിഞ്ഞ ദിവസത്തെ കണക്കുപ്രകാരം 28.9 ലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ചു. ഏറ്റവും കൂടുതൽ ടിക്കറ്റ് വാങ്ങിക്കൂട്ടിയത് ഖത്തർ തന്നെ. അമേരിക്ക, സൗദി, ഇംഗ്ലണ്ട്, മെക്സികോ, യു.എ.ഇ, അർജന്റീന, ഫ്രാൻസ്, ബ്രസീൽ, ജർമനി എന്നീ രാജ്യക്കാർ ആദ്യ പത്തിലുണ്ട്.
ടീമുകൾ: 32
ആദ്യസംഘം പടയാളികൾ നവംബർ ഏഴിന് ഖത്തറിലെത്തും. ഏഷ്യൻ കരുത്തരായ ജപ്പാനാണ് ലോകകപ്പ് വേദിയിൽ ആദ്യം പറന്നിറങ്ങുന്നത്. 32 ടീമുകൾക്കും നാട്ടിലേക്ക് മടങ്ങും വരെ ഒരേ സ്ഥലത്തുതന്നെ താമസവും പരിശീലനവും. 24 ടീമുകളുടെ താമസവും ദോഹയിൽ 10 കിലോമീറ്റർ ചുറ്റളവിൽ. 2019 മുതൽ തുടങ്ങിയ പരിശോധനകൾക്കും സന്ദർശനങ്ങൾക്കും ഒടുവിലാണ് ടീമുകൾ ബേസ് ക്യാമ്പ് തിരഞ്ഞെടുത്തത്. ആകെ 162 സന്ദർശനങ്ങൾ പൂർത്തിയാക്കി.
പിച്ച് മാനേജ്മെന്റ്: 74
ആകെ 74 പിച്ചുകൾ. എട്ട് സ്റ്റേഡിയങ്ങളിൽ ഹൈബ്രിഡ് സ്റ്റിച്ചിങ്ങിലാണ് പിച്ചൊരുക്കിയത്. പച്ചപ്പുല്ലിനൊപ്പം കൃത്രിമ പുല്ലുകൾ കൂടി വെച്ചുപിടിച്ചാണ് നിർമാണം. ഇത് മൈതാനത്തിന് കൂടുതൽ ഈടും, കളിക്കാർക്ക് മികച്ച പ്രതലവും സമ്മാനിക്കും. പരിശീലനം ലഭിച്ച 700ഓളം ഗ്രൗണ്ട്കീപ്പേഴ്സും മാനേജർമാരും പിച്ചിന്റെ സംരക്ഷണത്തിനായി സജീവമായുണ്ട്.
കുറ്റമറ്റ യാത്ര: 94+
ഹമദ് വിമാനത്താവളം, ദോഹ രാജ്യാന്തര വിമാനത്താവളം എന്നിവ കാണികളെ സ്വീകരിക്കാൻ സജ്ജം. കുവൈത്ത്, ഒമാൻ, ജിദ്ദ, റിയാദ്, ദുബൈ, ഷാർജ എന്നിവിടങ്ങളിലേക്ക് ദിവസവും 94ഓളം ഷട്ടിൽ വിമാനസർവിസുകൾ. ഖത്തറിലെ പൊതുഗതാഗതത്തിനായി 3000ൽ ഏറെ ബസുകൾ. ഇവയിൽ 750 ഇലക്ട്രിക് ബസുകൾ. ദിവസം 21 മണിക്കൂർ സർവിസുമായി ദോഹ മെട്രോ റെയിൽ.
താമസം ആഡംബരം: 1.30 ലക്ഷം
ഹോട്ടൽ, ക്രൂസ് കപ്പലുകൾ, അപ്പാർട്മെന്റ് എന്നിവകളിലായി താമസത്തിന് 1.30 ലക്ഷം ഹോട്ടലുകൾ. ഫാൻ വില്ലേജുകൾ, ടെന്റുകൾ തുടങ്ങിയ നൂതന സംവിധാനങ്ങളും കാണികളുടെ താമസത്തിനായുണ്ട്.
എംബസി സേവനങ്ങൾ: 45
വിവിധ രാജ്യങ്ങളിൽ നിന്നുള്ള കാണികൾക്ക് കോൺസുലാർ സേവനവുമായി പ്രത്യേക എംബസി കേന്ദ്രങ്ങൾ പ്രവർത്തിക്കും. 45 രാജ്യങ്ങളുടെ 90 എംബസി ജീവനക്കാരുടെ സേവനം നവംബർ ഒന്ന് മുതൽ ഡിസംബർ 25 വരെ കാണികൾക്ക് ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ ലഭ്യമാവും.
മാധ്യമപ്പട: 12,300
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 12,300 മാധ്യമപ്രവർത്തകർ ദോഹയിലെത്തും. പ്രധാന മീഡിയ സെന്ററിൽ സ്റ്റേഡിയത്തിലേതിന് സമാനമായ അന്തരീക്ഷത്തിൽ കളികാണാൻ സൗകര്യമൊരുക്കുന്ന വെർച്വൽ സ്റ്റേഡിയം മാച്ച് എക്സ്പീരിയൻസ് സജ്ജീകരിച്ചിട്ടുണ്ട്.
വളന്റിയർമാർ: 20,000
ലോകകപ്പ് സംഘാടനത്തിൽ സേവനമർപ്പിക്കാൻ സന്നദ്ധരായി രംഗത്തുവന്നത് 4.20 ലക്ഷം പേർ. ഇവരിൽ നിന്നും 20,000 വളന്റിയർമാരെ തിരഞ്ഞെടുത്തു. 209 രാജ്യങ്ങളിൽ നിന്നുള്ള വളന്റിയർമാർ. 89 ശതമാനവും ഖത്തറിലെ താമസക്കാർ. 11 രാജ്യാന്തര വളന്റിയർമാർ.
ആഘോഷ വേദികൾ: 90+
കളിക്കുപുറമെ കാണികളെ കാത്തിരിക്കുന്നത് ആഘോഷങ്ങളുടെ വലിയ നിര. 90ൽ ഏറെ ഫാൻ ഫെസ്റ്റിവലുകളാണ് ഖത്തറിന്റെ വിവിധ കേന്ദ്രങ്ങളിൽ സജ്ജീകരിച്ചത്. കോർണിഷ്, അൽ ബിദ്ദ പാർക്ക്, എട്ട് സ്റ്റേഡിയങ്ങൾ, മെട്രോ സ്റ്റേഷനുകൾ, വിമാനത്താവളം, സൂഖ് വാഖിഫ്, മ്യൂസിയം അങ്ങനെ ഒരുപിടി കേന്ദ്രങ്ങളിൽ വൈവിധ്യമാർന്ന പരിപാടികൾ.
ഫിഫ ഫാൻ ഫെസ്റ്റിവലിന് അൽ ബിദ്ദ പാർക്ക് വേദിയാവും. ദിവസവും രാവിലെ പത്തിന് തുടങ്ങി പുലർച്ചെ രണ്ടുവരെ. 40,000 പേർക്ക് പ്രവേശന സൗകര്യം. 64 മത്സരങ്ങളുടെയും തത്സമയ പ്രദർശനവുമുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.