ഏഷ്യൻ ഗെയിംസ് രണ്ടു മാസം അകലെ ഇന്ത്യ വരുന്നു
text_fieldsന്യൂഡൽഹി: ഏഷ്യൻ ഗെയിംസ് മത്സരങ്ങൾ ചൈനയിൽ ആരംഭിക്കാൻ രണ്ടു മാസം ശേഷിക്കെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ സംഘാടകർക്ക് നൽകിയത് 800ഓളം താരങ്ങളുടെ പ്രാഥമിക പട്ടിക. ഏഷ്യാഡ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ പ്രാതിനിധ്യമാണിത്. ജൂലൈ 15നായിരുന്നു പേരുകൾ അയക്കേണ്ട അവസാന തീയതി. എണ്ണം കുറയാമെങ്കിലും മുമ്പത്തേക്കാൾ കൂടുതലായിരിക്കുമെന്നുറപ്പാണ്. 2018ൽ 36 ഇനങ്ങളിലായി 524 അംഗ സംഘത്തെയാണ് ഇന്ത്യ ജകാർത്ത ഏഷ്യൻ ഗെയിംസിന് നിയോഗിച്ചത്.
ഫുട്ബാളിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുകയാണ്. എന്നാൽ, ഐ.ഒ.എ നൽകിയ പട്ടികയിൽ പുരുഷ, വനിത ഫുട്ബാൾ ടീമുകളുമുണ്ട്. ഇക്കാര്യത്തിൽ സർക്കാർതല തീരുമാനം വരണം. ഏഷ്യയിൽ ആദ്യത്തെ എട്ട് റാങ്ക് വരെയുള്ളവരെ അയച്ചാൽ മതിയെന്നാണ് കായികമന്ത്രാലയത്തിന്റെ നിലപാട്. പുരുഷ ഫുട്ബാൾ ടീം 18ഉം വനിതകൾ 10ഉം റാങ്കിലാണുള്ളത്. സ്വന്തം ചെലവിൽ ടീമിനെ വിടാമെന്ന് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ സി.ഇ.ഒയും ജോയന്റ് സെക്രട്ടറിയുമാണ് ഫുട്ബാൾ ഫെഡറേഷൻ പ്രസിഡന്റ് കല്യാൺ ചൗബേ. അദ്ദേഹം വ്യാഴാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രിയുമായി സംസാരിച്ച് സർക്കാർ അനുമതി നേടിയെടുക്കുമെന്നാണ് പ്രതീക്ഷ.
ബാസ്കറ്റ്ബാൾ, ഹാൻഡ്ബാൾ, കരാട്ടേ തുടങ്ങിയ ഇനങ്ങളിലും ടീമുകളെ അയക്കാതിരിക്കാൻ ശ്രമമുണ്ട്. ക്രിക്കറ്റിൽ പങ്കെടുക്കേണ്ടതില്ലെന്നാണ് നേരത്തേ തീരുമാനിച്ചതെങ്കിലും ബി.സി.സി.ഐ പിന്നീട് നിലപാട് തിരുത്തി പുരുഷന്മാരെയും വനിതകളെയും അയക്കാൻ തീരുമാനിച്ചു. ജൂലൈ 26 വരെ സംഘാടകർക്ക് നൽകിയ പട്ടികയിലെ പേരുകൾ ഐ.ഒ.എക്ക് പിൻവലിക്കാം. അതിനുശേഷം ബാക്കിയാവുന്നത് അന്തിമപട്ടികയാക്കി കണക്കാക്കും. വിവിധ ഇനങ്ങളിൽ ട്രയൽസുകളും പുരോഗമിക്കുകയാണ്. ആകെ താരങ്ങളുടെ 33 ശതമാനമായിരിക്കും പരിശീലകരും സപ്പോർട്ടിങ് സ്റ്റാഫും. സെപ്റ്റംബർ 19ന് തുടങ്ങുന്ന ക്രിക്കറ്റ് മത്സരങ്ങളോടെ ഗെയിംസിന് ചൈനയിലെ ഹാങ്ഷൗവിൽ തുടക്കമാവും.
ഗുസ്തി: ബജ്റംഗനും ഫോഗട്ടിനും നേരിട്ട് എൻട്രി
ന്യൂഡൽഹി: യഥാക്രമം ഒളിമ്പിക്സ്, ലോക ചാമ്പ്യൻഷിപ് ഗുസ്തി മെഡൽ ജേതാക്കളായ ബജ്റംഗ് പുനിയക്കും വിനേഷ് ഫോഗട്ടിനും ഏഷ്യൻ ഗെയിംസിന് നേരിട്ട് എൻട്രി നൽകി. ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ അഡ്ഹോക്ക് പാനലിന്റേതാണ് തീരുമാനം. ഗെയിംസിൽ പങ്കെടുക്കുന്നവരെ കണ്ടെത്താൻ അടുത്ത ദിവസങ്ങളിൽ ട്രയൽസ് നടക്കാനിരിക്കെയാണ് പരിശീലകരുടെ അനുമതിയില്ലാതെ രണ്ടു താരങ്ങൾക്ക് എൻട്രി നൽകിയത്. പുരുഷന്മാരുടെ ഫ്രീസ്റ്റൈൽ 65 കിലോഗ്രാമിലാണ് ബജ്റംഗ് മത്സരിക്കുക, ഫോഗട്ട് വനിതകളുടെ 53 കിലോഗ്രാമിലും. ലൈംഗികാരോപണവിധേയനായ ഫെഡറേഷൻ മുൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ടായിരുന്നു ബജ്റംഗും ഫോഗട്ടും. ഇരുവരെയും ഏഷ്യൻ ഗെയിംസിൽ പങ്കെടുപ്പിക്കാതിരിക്കാൻ നീക്കം നടക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് അഡ്ഹോക്ക് പാനലിന്റെ തീരുമാനം. ബജ്റംഗ് ഇപ്പോൾ കിർഗിസ്താനിലെ ഇസിക്-കുലിലും ഫോഗട്ട് ഹംഗറിയിലെ ബുഡപെസ്റ്റിലും പരിശീലനത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.