പഞ്ചായത്തിൽ മാത്രമല്ല, ഓരോ വാർഡിലും കളിക്കളം വേണമെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം : ഓരോ പഞ്ചായത്തിൽ മാത്രമല്ല, ഓരോ വാർഡിലും കളിക്കളം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കായികപ്രവർത്തനങ്ങളുടെ പ്രാധാന്യം വർദ്ധിച്ചു വരികയാണ്. ഓരോരുത്തരും ശാരീരികക്ഷമതയുള്ളവരായിരിക്കുക എന്നത് പ്രധാനമാണ്. ലഹരിവസ്‌തുക്കൾ പോലുള്ള വിപത്തുകളെ അകറ്റാനും കായികപ്രവർത്തനങ്ങൾ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രായഭേദമില്ലാതെ മുഴുവൻ പേരും ഈ കളിക്കളങ്ങൾ പ്രയോജനപ്പെടുത്തുകയും വേണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നമ്മുടെ കളിക്കളങ്ങൾ വീണ്ടെടുക്കാൻ എല്ലാവരും ഒന്നിച്ചു നിൽക്കണം. തദ്ദേശ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ കാര്യമായ പങ്കുവഹിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഏകദേശം 450 ഓളം തദ്ദേശസ്ഥാപനങ്ങളില്‍ സമ്പൂര്‍ണ്ണമായ കളിക്കളം ഇല്ലെന്നാണ് കണക്ക്. മൂന്ന് വര്‍ഷത്തിനകം ഈ പഞ്ചായത്തുകളിലെല്ലാം കളിക്കളം ഒരുക്കും. ആദ്യ ഘട്ടത്തില്‍ 113 പഞ്ചായത്തുകളുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. നിലവില്‍ നിശ്ചയിച്ച സൗകര്യങ്ങള്‍ പ്രകാരം ഒരു കളിക്കളത്തിന് ഒരു കോടി രൂപ വേണം. ഇതില്‍ 50 ലക്ഷം കായികവകുപ്പ് മുടക്കും.
മൂന്ന് വര്‍ഷത്തിനകം പഞ്ചായത്തുകളിലെല്ലാം കളിക്കളം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണരായി വിജയൻ. ഇതില്‍ 50 ലക്ഷം കായികവകുപ്പ് മുടക്കും. എം.എല്‍.എ ഫണ്ട്, തദ്ദേശ സ്ഥാപന ഫണ്ട്, സി.എസ്.ആര്‍, പൊതു- സ്വകാര്യ പങ്കാളിത്തം തുടങ്ങിയവയിലൂടെ ബാക്കി തുകയും കണ്ടെത്തും.
പ്രായഭേദമില്ലാതെ മേഖലയിലെ മുഴുവന്‍ ജനങ്ങള്‍ക്കും പ്രയോജനപ്പെടുന്ന കായിക, ഫിറ്റ്‌നസ് കേന്ദ്രം ആണ് ഒരുക്കുക. ഫുട്‌ബോള്‍, വോളിബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍ തുടങ്ങിയ കോര്‍ട്ടുകളാകാം. ഇതിനൊപ്പം നടപ്പാത, ഓപ്പണ്‍ ജിം, ടോയ്‌ലറ്റ്, ലൈറ്റിങ്ങ് തുടങ്ങിയ സംവിധാനങ്ങളും ഉണ്ടാകും. പ്രാദേശികതല ഒത്തുചേരലും സാമൂഹിക ഇടപെടലും മെച്ചപ്പെടുത്താന്‍ സഹായകമായ കേന്ദ്രം കൂടിയാകുമിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ കായിക മന്ത്രി. വി അബ്‌ദുറഹിമാൻ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.