രാജ്യം പറയുന്നു; അഭിമാനമാണീ താരങ്ങൾ
text_fieldsന്യൂഡൽഹി: രാജ്യത്തിനുവേണ്ടി അഭിമാനനേട്ടം കൊയ്തവരാണ് സാക്ഷി മലികും വിനേഷ് ഫോഗട്ടുമടക്കമുള്ളവർ. ഗുസ്തിയിൽ ഒളിമ്പിക് മെഡലും ലോക ചാമ്പ്യൻഷിപ്പിലെ മെഡലുകളും സ്വന്തമാക്കിയ താരങ്ങൾ. ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ ലൈംഗികാരോപണ കേസിൽ നടപടി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ രാപകൽ സമരത്തിലാണ് സാക്ഷി മലികിന്റെ നേതൃത്വത്തിലുള്ള താരങ്ങൾ.
ജനുവരിയിൽ നടത്തിയ സമരത്തിൽ നീതി ലഭിക്കാതിരുന്നതോടെയാണ് ജന്തർ മന്തറിലേക്ക് ഇവർ വീണ്ടുമെത്തിയത്. നീതിതേടിയുള്ള ഈ സമരം രാജ്യത്തിന്റെ പ്രതിച്ഛായ തകർക്കുമെന്ന ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റും (ഐ.ഒ.എ) എം.പിയുമായ പി.ടി. ഉഷയുടെ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്. ഉഷയുടെ പ്രസ്താവനയുടെ പിറ്റേദിവസം സുപ്രീംകോടതി താരങ്ങൾക്ക് നീതിയേകുന്ന നടപടികളാണ് സ്വീകരിച്ചത്.
ബി.ജെ.പി എം.പി കൂടിയായ ബ്രിജ്ഭൂഷനെ പിന്തുണക്കുന്ന രീതിയിൽ സംസാരിച്ചത് രാഷ്ട്രീയ ഇടപെടൽ കാരണമാണെന്നാണ് സൂചന. ഇന്ത്യൻ കായികരംഗത്തെ ഉന്നത സമിതിയായ ഐ.ഒ.എയുടെ ആദ്യ വനിത പ്രസിഡന്റാണ് വനിത താരങ്ങളെ തള്ളിപ്പറഞ്ഞത്. ഉഷയുടെ പ്രസ്താവനക്ക് പിന്നാലെ, ഗുസ്തി താരങ്ങളുടെ സമരത്തിന് കായികരംഗത്തെയും രാഷ്ട്രീയ രംഗത്തെയും പ്രമുഖർ പിന്തുണയുമായെത്തി. ക്രിക്കറ്റ് താരങ്ങൾ മിണ്ടാതിരിക്കുന്നതെന്താണെന്ന വിനേഷ് ഫോഗട്ടിന്റെ ചോദ്യവും കായികതാരങ്ങളെ ഇരുത്തി ചിന്തിപ്പിച്ചു.
നീരജ് ചോപ്ര
നീതിതേടി നമ്മുടെ താരങ്ങൾ തെരുവിലിരിക്കുന്നത് എന്നെ വേദനിപ്പിക്കുന്നു. നമ്മുടെ മഹത്തായ രാജ്യത്തെ പ്രതിനിധാനംചെയ്യാൻ അത്യധ്വാനം ചെയ്ത് നമുക്ക് അഭിമാനമായവരാണവർ. സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിക്കുന്നത്. തികച്ചും വൈകാരികമായ ഈ വിഷയം നിഷ്പക്ഷമായും സുതാര്യമായും കൈകാര്യം ചെയ്യണം. നീതി നടപ്പാക്കിയെന്ന് ഉറപ്പാക്കാൻ അധികാരികൾ ഉടൻ ഇടപെടണം.
അഭിനവ് ബിന്ദ്ര
കായികതാരങ്ങൾ എന്ന നിലയിൽ അന്താരാഷ്ട്ര വേദികളിൽ നമ്മുടെ രാജ്യത്തെ പ്രതിനിധാനംചെയ്യാൻ ഞങ്ങൾ എല്ലാ ദിവസവും കഠിനമായി പരിശീലിക്കാറുണ്ട്. ഇന്ത്യൻ ഗുസ്തിരംഗത്തെ ഭരണാധികാരികൾക്കെതിരായ പീഡന ആരോപണങ്ങളുമായി ബന്ധപ്പെട്ട് നമ്മുടെ കായികതാരങ്ങൾക്ക് തെരുവിലിറങ്ങേണ്ടിവരുന്നത് ആശങ്കജനകമാണ്. വിഷയത്തിൽ ഇരകൾക്കൊപ്പമാണ് താൻ. കായികതാരങ്ങളുടെ ആശങ്കകൾ നിഷ്പക്ഷമായി പരിഹരിക്കണം.
സാനിയ മിർസ
കായികതാരമെന്ന നിലയിലും അതിലേറെ സ്ത്രീയെന്ന നിലയിലും കാണാൻ പ്രയാസമുള്ള കാഴ്ചയാണിത്. രാജ്യത്തിന്റെ കീർത്തി ഉയർത്തിയവരാണവർ. അവർക്കൊപ്പവും അവരെയും നമ്മൾ ആഘോഷിച്ചു. അന്ന് നമ്മൾ ആഘോഷിച്ചെങ്കിൽ ഈ ദുഷ്കര കാലത്തും അവർക്കൊപ്പം നിൽക്കണം. ഗുരുതരമായ ആരോപണവും വൈകാരികമായ വിഷയവുമാണ്. ഇന്നല്ലെങ്കിൽ നാളെ സത്യവും നീതിയും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വീരേന്ദർ സെവാഗ്
രാജ്യത്തിനായി നേട്ടം കൊയ്ത, ദേശീയ പതാക പാറിച്ച, നമ്മളെല്ലാവർക്കും സന്തോഷമേകിയ ചാമ്പ്യന്മാർ റോഡരികിൽ സമരമിരിക്കുന്നത് തീർത്തും ദുഃഖകരമാണ്. വൈകാരികമായ ഈ വിഷയം നിഷ്പക്ഷമായി അന്വേഷിക്കണം. താരങ്ങൾക്ക് നീതികിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.
ഹർഭജൻ സിങ് എം.പി
സാക്ഷിയും വിനേഷും ഇന്ത്യയുടെ അഭിമാനമാണ്. രാജ്യത്തിന്റെ അഭിമാനതാരങ്ങൾ തെരുവിൽ സമരം നടത്തുന്നത് എന്നെ വേദനിപ്പിക്കുന്നു. നീതി കിട്ടാനായി പ്രാർഥിക്കുന്നു.
മദൻ ലാൽ
പി.ടി. ഉഷയുടെ പ്രസ്താവന കായികതാരങ്ങളുടെ ഐക്യത്തിന് നല്ലതല്ല. രാജ്യത്തെ കായികതാരങ്ങൾ ഒരുകാലത്തും മറ്റ് താരങ്ങൾക്കൊപ്പം നിൽക്കാറില്ല.
ഇർഫാൻ പത്താൻ
മെഡൽ നേടുമ്പോൾ മാത്രമല്ല ഇന്ത്യൻ കായികതാരങ്ങൾ രാജ്യത്തിന് അഭിമാനമാകുന്നത്.
നവ്ജോത് സിങ് സിധു
തിങ്കളാഴ്ച ഞാനും സമരക്കാർക്കൊപ്പം ചേരും. വനിതരത്നങ്ങളെ അപമാനിക്കുന്ന ഏതൊരു രാജ്യവും സ്വന്തം അഭിമാനത്തെയാണ് മുറിവേല്പിക്കുന്നത്. രാജ്യത്തിനായി നേട്ടമുണ്ടാക്കിയവരാണീ വനിതകൾ. ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ അഭിലാഷങ്ങൾക്ക് ചിറക് മുളപ്പിച്ചവരുമാണ്.
റാണി റാംപാൽ (ഇന്ത്യൻ ഹോക്കി താരം)
നമ്മുടെ വിഖ്യാത ഗുസ്തിതാരങ്ങൾ തെരുവിൽ നീതിതേടുന്നത് അതിദുഃഖകരമാണ്. പ്രിയപ്പെട്ട രാജ്യത്തിനായി മഹത്തായ നേട്ടങ്ങൾ കൊണ്ടുവന്ന കായികതാരങ്ങളുടെ ഈ അവസ്ഥ എന്നെ കണ്ണീരണിയിക്കുന്നു.
നിഖാത് സരീൻ
(ലോക ബോക്സിങ് സ്വർണമെഡൽ ജേത്രി)
നമ്മുടെ ഒളിമ്പിക്, ലോക ചാമ്പ്യൻഷിപ് മെഡൽ ജേതാക്കൾ തെരുവിൽ കിടക്കുന്ന ചിത്രം ഹൃദയം തകർക്കുന്നു. രാജ്യത്തിനായി കീർത്തിയുണ്ടാക്കി രാജ്യത്തെ സേവിക്കുന്നവരാണ് കായികതാരങ്ങൾ. നിയമം നിയമത്തിന്റെ വഴിക്ക് പോവുകയും നീതി ലഭ്യമാവുമെന്നുമാണ് പ്രതീക്ഷ.
മഹുവ മൊയ്ത്ര എം.പി (തൃണമൂൽ കോൺഗ്രസ് നേതാവ്)
ഗുസ്തിതാരങ്ങളുടെ പ്രതിഷേധം ഇന്ത്യയുടെ പ്രതിച്ഛായക്ക് ദോഷകരമാകുന്നുവെന്നാണ് പി.ടി. ഉഷയുടെ നിരീക്ഷണം. ഭരണകക്ഷി എം.പിയും വര്ഷങ്ങളോളം ഇന്ത്യന് ഗുസ്തി ഫെഡറേഷന്റെ അധ്യക്ഷനുമായിരുന്ന വ്യക്തിക്കെതിരെയുള്ള ലൈംഗിക പീഡന ആരോപണങ്ങളും സുപ്രീംകോടതി നിര്ദേശിച്ചിട്ടും ഡൽഹി പൊലീസ് എഫ്.ഐ.ആര് രജിസ്റ്റര് ചെയ്യാത്ത നടപടിയുമെല്ലാം രാജ്യത്ത് റോസാപ്പൂക്കളുടെ ഗന്ധം പടര്ത്തുകയാണല്ലോ അല്ലേ?
ശശി തരൂർ എം.പി
നീതിക്കു വേണ്ടിയുള്ള നിങ്ങളുടെ സഹ കായികതാരങ്ങളുടെ പ്രതിഷേധത്തെ ഇകഴ്ത്തിയത് ശരിയായില്ല. അവകാശങ്ങൾക്കായി അവർ പോരാടുന്നത് രാജ്യത്തിന്റെ പ്രതിച്ഛായ തകർക്കില്ല. അവരുടെ പരാതി പരിശോധിച്ച് യുക്തമായ നടപടി കൈക്കൊള്ളുന്നതിനുപകരം അവർ ഉയർത്തുന്ന ആവശ്യങ്ങളെ അവഗണിക്കുന്നതാണ് രാജ്യത്തിന്റെ പ്രതിച്ഛായയെ മോശമാക്കുന്നത്. അവരുടെ ആശങ്കകൾ അവഗണിക്കുന്നതിനുപകരം അക്കാര്യത്തിൽ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കുകയാണ് വേണ്ടത്.
ബജ്റങ് പൂനിയ
കുട്ടിക്കാലത്ത് ഞങ്ങളൊക്കെ മാതൃകയായി കണ്ട വ്യക്തിയാണ് പി.ടി. ഉഷ. അവരുടെ വാക്കുകൾ വല്ലാതെ മുറിപ്പെടുത്തി. അവരോട് ഒന്നു ചോദിക്കട്ടെ.മുമ്പ് ഉഷയുടെ അക്കാദമി ആരോ തകർത്തെന്ന് പറഞ്ഞ് സമൂഹമാധ്യമങ്ങളിലൂടെ കരഞ്ഞുവിളിച്ച് പ്രതികരിച്ചപ്പോൾ രാജ്യത്തിന്റെ പ്രതിച്ഛായയ്ക്കു മങ്ങലേറ്റിരുന്നില്ലേ?’
വലിയ ‘വില‘ കൊടുക്കുന്ന സമരം
ന്യൂഡൽഹി: നീതിക്കുവേണ്ടിയുള്ള ഗുസ്തിതാരങ്ങളുടെ പോരാട്ടത്തിന് സ്വന്തംകൈയിൽനിന്ന് ചെലവാകുന്നത് വൻതുക. ജന്തർ മന്തറിലെ സമരം ആറു ദിവസം പൂർത്തിയായപ്പോൾ ആറു ലക്ഷത്തിലേറെ രൂപ താരങ്ങൾക്ക് ചെലവായി. കിടക്കകൾ, കിടക്കവിരികൾ, ഫാനുകൾ, സ്പീക്കറുകൾ, മൈക്രോഫോണുകൾ, ജനറേറ്റർ, ഭക്ഷണം എന്നിവക്കായാണ് വൻതുക ചെലവായത്. 27,000 രൂപ ദിവസവാടകക്കാണ് തുടക്കത്തിൽ കിടക്കകളും കിടക്കവിരികളും ശബ്ദസംവിധാനവും ഒരുക്കിയത്. വൻ സാമ്പത്തികബാധ്യതയാകുന്നതിനാൽ പിന്നീട് ഇവയെല്ലാം സ്വന്തമായി വാങ്ങിയെന്ന് വിനേഷ് ഫോഗട്ടിന്റെ ഭർത്താവ് സോംവിർ രതി പറഞ്ഞു.
12,000 രൂപയായിരുന്നു കിടക്കകൾക്കായി ഒരു ദിവസത്തെ വാടക. പിന്നീട് അരലക്ഷം രൂപക്ക് 80 കിടക്കകൾ സ്വന്തം ഗ്രാമത്തിൽനിന്ന് വാങ്ങിയെന്ന് സോംവിർ പറഞ്ഞു. ശബ്ദസംവിധാനങ്ങൾക്ക് 12,000 രൂപയായിരുന്നു ദിവസവാടക. പിന്നീട് ചാന്ദ്നി ചൗകിൽനിന്ന് 60,000 രൂപക്ക് സ്പീക്കറുകളും മൈക്രോഫോണുകളും വാങ്ങി. താരങ്ങളുടെ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ച കടക്കാരൻ ലാഭമെടുക്കാതെയാണ് സാധനങ്ങൾ നൽകിയത്. നിലവിൽ ഫാനും ജനറേറ്ററും വാടകക്കാണ് ഉപയോഗിക്കുന്നത്. 10000 രൂപയാകും ദിവസവാടക. ചൂട് കൂടിയതിനാൽ കൂളറുകൾ വാങ്ങാനും പദ്ധതിയുണ്ട്. ചില കോച്ചുമാർ സമരക്കാർക്ക് നിലവാരമുള്ള ഭക്ഷണം വിതരണം ചെയ്ത് സഹായിക്കുന്നുണ്ട്.
ചില താരങ്ങളുടെ മാതാപിതാക്കൾ 50 ലിറ്റർ പാൽ സമരവേദിയിലെത്തിച്ചിരുന്നു. കടുത്ത ചൂട് കാരണം 20 ലിറ്റർ കേടുവന്നു. ഹരിയാനയിലെ ഗുസ്തി ഗ്രാമങ്ങളിൽ നിന്ന് നിരവധി താരങ്ങൾ സമരത്തിൽ പങ്കെടുക്കാൻ തയാറാണെങ്കിലും കൂടുതൽ പേർക്ക് സൗകര്യങ്ങളൊരുക്കേണ്ടതിനാൽ സമരനേതൃത്വം നിരുത്സാഹപ്പെടുത്തിയിരിക്കുകയാണ്. സാക്ഷി മലിക്, വിനേഷ് ഫോഗട്ട്, ബജ്രങ് പുനിയ എന്നിവരുടെ കുടുംബമാണ് നിലവിൽ സാമ്പത്തിക ബാധ്യത വഹിക്കുന്നത്. പുറത്തുനിന്ന് ആരുടെയും സഹായം തൽക്കാലം സ്വീകരിക്കുന്നില്ലെന്നും സോംവിർ പറഞ്ഞു. സമരം അവസാനിച്ചാൽ കിടക്കയും വിരികളും മറ്റും അമ്പലത്തിലോ ഗുരുദ്വാരയിലോ നൽകാനാണ് ഉദ്ദേശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.