ലക്ഷം ലക്ഷം പിന്നാലെ... സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരങ്ങൾ പിന്നിട്ടതോടെ കാണികളുടെ എണ്ണവും ലക്ഷം പിന്നിട്ടു
text_fieldsമഞ്ചേരി: ''ജില്ലയിലേക്ക് ഇനിയും ദേശീയ ഫുട്ബാൾ മത്സരങ്ങൾ വരട്ടെ, ഞങ്ങൾ വിജയിപ്പിച്ചു തരാം''. പന്തിന് പിന്നാലെ പായുന്ന മലപ്പുറത്തുകാരുടെ ലൈൻ ഇതാണ്. ജില്ല ആദ്യമായി ആതിഥേയത്വം വഹിക്കുന്ന 75ാമത് സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരങ്ങൾ അവസാനിച്ചതോടെ ഗാലറിയിലെത്തി കളികണ്ട കാണികളുടെ എണ്ണവും ലക്ഷം പിന്നിട്ടു. ഇതുവരെ ഒഴിഞ്ഞ ഗാലറിക്ക് മുന്നിൽ നടന്ന സന്തോഷ് ട്രോഫിക്ക് പുതുജീവൻ വെച്ചതും ഈ വർഷമാണ്. രണ്ട് സ്റ്റേഡിയങ്ങളിലുമായി 1,08,438 പേരാണ് ഗാലറിയിലെത്തി ആർപ്പുവിളിച്ചത്.
പയ്യനാട് മാത്രം 1,01,204 പേരെത്തി. ഫെഡറേഷൻ കപ്പിനുശേഷം ഇതാദ്യമായി ലഭിച്ച ടൂർണമെൻറ് കാൽപന്തുപ്രേമികൾ ഏറ്റെടുത്തു. റമദാൻ മാസമായിട്ട് കൂടിയും കാണികളുടെ എണ്ണത്തിൽ കുറവുണ്ടായില്ല. ഇത് മുന്നിൽകണ്ട് സെമി, ഫൈനൽ മത്സരങ്ങൾക്കായി കൂടുതൽ കസേരകൾ എത്തിക്കാനും സംഘാടകർക്ക് ആലോചനയുണ്ട്.
കാണികൾ കേരളത്തിനൊപ്പം
ആതിഥേയർക്ക് വേണ്ടി ആർപ്പുവിളിക്കാനാണ് കാണികൾ കൂടുതലായും പയ്യനാട്ടെത്തിയത്. കേരളത്തിന്‍റെ നാല് ഗ്രൂപ് മത്സരങ്ങൾ മാത്രം 81,762 പേർ കണ്ടു. രാജസ്ഥാനെതിരെയുള്ള ആദ്യമത്സരത്തിൽ 28,319 പേർ പയ്യനാട്ടെ ഗാലറിയിലെത്തി. ബംഗാളുമായുള്ള രണ്ടാം മത്സരത്തിൽ 23,300 പേരും മേഘാലയക്കെതിരെയുള്ള മൂന്നാം മത്സരത്തിൽ 17,523 പേരും എത്തി.
പഞ്ചാബുമായുള്ള അവസാന മത്സരത്തിൽ 12,620 പേരാണ് എത്തിയത്. ആദ്യ മത്സരത്തെ അപേക്ഷിച്ച് മറ്റുമത്സരങ്ങളിൽ കാണികളുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും കേരളം സെമിയിലെത്തിയതോടെ ഇനിയും വർധനയുണ്ടാകുമെന്നാണ് കരുതുന്നത്. മത്സരം രാത്രി 8.30ന് ആക്കിയതും ഗുണം ചെയ്യും.
പയ്യനാട് നടന്ന മണിപ്പൂർ -സർവിസസ് മത്സരത്തിൽ 4500, മണിപ്പൂർ -ഒഡിഷ -1216, കർണാടക -സർവിസസ് -3310, ഒഡിഷ -ഗുജറാത്ത് -1767, മേഘാലയ -പഞ്ചാബ് -4820, ഗുജറാത്ത് -കർണാടകം -3829 എന്നിങ്ങനെയാണ് കണക്ക്.
കോട്ടപ്പടിയും കോട്ടതന്നെ
ചരിത്രത്തിലാദ്യമായി കോട്ടപ്പടി മൈതാനം ദേശീയ ചാമ്പ്യൻഷിപ്പിന് വേദിയായി. ഗ്രൂപ് റൗണ്ടിലെ പത്ത് മത്സരങ്ങൾക്കാണ് മൈതാനത്ത് പന്തുരുണ്ടത്. കേരളമൊഴികെ ഒമ്പത് ടീമുകളും ഇവിടെ കളിച്ചു. പയ്യനാട്ടെ അപേക്ഷിച്ച് ഗാലറിയുടെ ശേഷി കുറവാണെങ്കിലും ശരാശരി കാണികൾ എല്ലാമത്സരങ്ങൾക്കും എത്തി.
വെസ്റ്റ് ബംഗാൾ-പഞ്ചാബ് ആദ്യപോരാട്ടത്തിൽ 1500, ഒഡിഷ -കർണാടക -1400, രാജസ്ഥാൻ -മേഘാലയ -1500, സർവിസസ് -ഗുജറാത്ത് -1136, പഞ്ചാബ് -രാജസ്ഥാൻ - 325, ഗുജറാത്ത് -മണിപ്പൂർ -475, ബംഗാൾ -മേഘാലയ -515, കർണാടക മണിപ്പൂർ -383 എന്നിങ്ങനെയാണ് കോട്ടപ്പടിയിലെ കണക്ക്. എട്ട് മത്സരങ്ങൾക്കായി 7234 കാണികളാണ് കോട്ടപ്പടിയുടെ പടവുകളിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.