ലോക ചെസ് ചാമ്പ്യൻഷിപ് പോര് കനക്കുന്നു; ഗുകേഷ് കിരീടമുയർത്തുമോ?
text_fieldsസിംഗപ്പൂർ: ഒമ്പത് റൗണ്ടുകൾ. നാലര പോയന്റ് വീതം. തുടർച്ചയായ ആറ് സമനിലകൾ. ലോക ചെസ് ചാമ്പ്യൻഷിപ് അവസാന റൗണ്ടുകളിലേക്ക് കടക്കവേ 18കാരനായ ഗുകേഷിനും 32കാരനായ ഡിങ് ലിറെനും അക്ഷരാർഥത്തിൽ കിരീടപ്പോര് ബാലികേറാമലയായി മാറുകയാണോ?
ചതുരംഗക്കളത്തിലെ ലോകരാജാവിനെ കണ്ടെത്താനാണ് 14 റൗണ്ട് നീണ്ട മുഖാമുഖമെന്നതിനാൽ കളത്തിലെ ഓരോ കരുവും നീങ്ങുന്നത് നീണ്ട കണക്കുകൂട്ടലുകൾക്കൊടുവിൽ തന്നെയാകും. മുമ്പ് ബോറിസ് പാസ്കി- ബോബി ഫിഷർ, കാസ്പറോവ്- കാർപോവ് പോരാട്ടങ്ങളിലും ഒടുവിൽ വിശ്വനാഥൻ ആനന്ദ് നയിച്ച പോരാട്ടങ്ങളിലുമൊക്കെ കണ്ട നാടകീയതകളൊന്നും ഇത്തവണ സിംഗപ്പൂരിൽ കാണാനായിട്ടില്ല. ആക്രമണത്തിലൂന്നുന്നതിനുപകരം അബദ്ധങ്ങൾ കുറച്ച് സൂക്ഷ്മമായി കണക്കുകൂട്ടിയാണ് കളികൾ. ഇതുപക്ഷേ, പരിചയക്കുറവിൽ ബഹുദൂരം മുന്നിലുള്ള ഇന്ത്യൻ താരത്തിന് ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ എന്നുറപ്പ്.
അഞ്ചു കളികൾ ബാക്കിയുള്ളതിൽ ലിറെൻ മൂന്നും വെള്ളക്കരുക്കളുമായാണ് കളിക്കുക. ഗുകേഷ് രണ്ടും. വെള്ളക്കരുവുമായി കളി തുടങ്ങുന്നവർക്ക് എന്നും ചെസ് ബോർഡിൽ ചെറിയ മേൽക്കൈയുണ്ട്. ഗുകേഷ് ലിറെനെതിരെ ജയം പിടിച്ച ഏക കളി വെള്ളക്കരുവുമായി കളിച്ചപ്പോഴായിരുന്നു. മറുവശത്ത്, കറുത്ത കരുക്കളുമായും കളിച്ച് ജയിക്കാനുള്ള ശേഷിയാണ് ചൈനീസ് താരത്തിന്റെ ഹൈലൈറ്റ്.
അതിലേറെ പ്രധാനം, സമയം കുരുക്കാവുമ്പോഴും നീക്കങ്ങളിലെ കൃത്യതയും സമചിത്തതയും വിടാതെ കളിക്കുന്നതിൽ ലിറെൻ ബഹുദൂരം മുന്നിലാണ്. ഗുകേഷ് മേൽക്കൈ പുലർത്തിയ ഏഴ്, എട്ട് ഗെയിമുകളിൽ അത് കണ്ടതാണ്. അഞ്ചു കളികളിൽ മൂന്ന് പോയന്റെന്ന വലിയ കടമ്പ കടക്കാനാവാതെ മത്സരം റാപ്പിഡ് ടൈബ്രേക്ക് ഗെയിമുകളിലേക്ക് നീങ്ങിയാൽ അവിടെയും ലിറെന് തന്നെ നിലവിൽ കൂടുതൽ സാധ്യത. ഇതത്രയും മുന്നിൽനിർത്തി അഞ്ചു തവണ ലോക ചാമ്പ്യനായ ഇതിഹാസ താരം മാഗ്നസ് കാൾസൺ സാധ്യത കൽപിക്കുന്നതും ഡിങ് ലിറെനു തന്നെ.
‘‘ഇപ്പോഴെത്തി നിൽക്കുന്ന ഘട്ടം ഗുകേഷ് ഫാവറിറ്റ് അല്ലെന്നു പറയേണ്ടതായി മാറിയിരിക്കുന്നു. ഗുകേഷ് കൂടുതൽ ജാഗ്രതയോടെ, കൃത്യതയോടെ കളിച്ചിരുന്നെങ്കിൽ എതിരാളിയെ സമ്മർദത്തിലാക്കിയേനെ’’- കാൾസൺ പറയുന്നു. ലോകചാമ്പ്യൻഷിപ്പിന്റെ കടുപ്പവും തീവ്രതയും ഇത്ര ചെറുപ്പത്തിൽ നേരിടുന്നതിലെ മാനസിക സമ്മർദങ്ങൾ പ്രതികൂലമാവുക കൂടി ചെയ്താൽ ചൈനീസ് താരത്തിന് കിരീടത്തിലേക്ക് കരുനീക്കം എളുപ്പമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.