ലോക ഒന്നാം റാങ്കുകാരിയെയടക്കം വീഴ്ത്തി; ഗുസ്തിയിൽ സെമിയിലേക്ക് കുതിച്ച് വിനേഷ് ഫോഗട്ട്
text_fieldsപാരിസ്: ഒളിമ്പിക്സിൽ വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ സെമിഫൈനലിലേക്ക് മുന്നറി ഇന്ത്യൻ താരം വിനേഷ് ഫോഗട്ട്. പ്രീ-ക്വാർട്ടറിൽ ലോക ഒന്നാം റാങ്കുകാരിയും നിലവിലെ ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവും നാലുതവണ ലോക ചാമ്പ്യനുമായ ജപ്പാന്റെ യുയി സുസാകിയെ വീഴ്ത്തിയ വിനേഷ് ക്വാർട്ടറിൽ മുൻ യൂറോപ്യൻ ചാമ്പ്യനും ലോക ചാമ്പ്യൻഷിപ്പിലെ മെഡൽ ജേതാവുമായ യുക്രെയ്നിന്റെ ഒക്സാന ലിവാഷിനെയും മറികടന്നാണ് സെമിയിലേക്ക് കടന്നത്. ഇന്ന് രാത്രി 9.45ന് നടക്കുന്ന സെമിഫൈനലിൽ ക്യൂബയുടെ യുസ്നീലിസ് ലോപസാണ് വിനേഷിന്റെ എതിരാളി. പാൻ അമേരിക്കൻ ഗെയിംസ് ചാമ്പ്യനാണ് ലോപസ്. ആദ്യമായാണ് വിനേഷ് ഒളിമ്പിക്സ് സെമിയിൽ കടക്കുന്നത്.
പ്രീ-ക്വാർട്ടറിൽ ലോക ഒന്നാം റാങ്കുകാരിക്കെതിരെ നാടകീയമായായിരുന്നു ഇന്ത്യക്കാരിയുടെ ജയം. 0-2ന് പിന്നിലായിരുന്ന വിനേഷ് അവസാന സെക്കൻഡുകളിൽ മൂന്ന് പോയന്റ് പിടിച്ചാണ് ജയത്തിലെത്തിയത്. സുസാകി അപ്പീൽ നൽകിയെങ്കിലും തീരുമാനം വിനേഷിന് അനുകൂലമായിരുന്നു. ക്വാർട്ടറിൽ 7-5നാണ് യുക്രെയ്ൻ എതിരാളിയെ വീഴ്ത്തിയത്.
ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബി.ജെ.പി എം.പിയുമായിരുന്ന ബ്രിജ്ഭൂഷൺ സിങ്ങിനെതിരായ ലൈംഗിക ആരോപണത്തെ തുടർന്ന് സമരത്തിന് നേതൃത്വം നൽകിയവരിൽ ഒരാളായിരുന്നു വിനേഷ് ഫോഗട്ട്.
വിനേഷ് പെൺസിംഹം -ബജ്റങ് പുനിയ
ന്യൂഡൽഹി: വിനേഷ് ഫോഗട്ട് ഇന്ത്യൻ ഗുസ്തിയിലെ പെൺസിംഹമാണെന്ന് സുഹൃത്തും ടോക്യോ ഒളിമ്പിക്സിലെ മെഡൽ ജേതാവുമായ ബജ്റങ് പുനിയ. തുടർച്ചയായ ജയങ്ങളിലൂടെ വിനേഷ് ഇന്നലെ അത്ഭുതം തീർത്തിരിക്കുകയാണെന്ന് ബജ്റങ് എക്സിൽ കുറിച്ചു.
‘‘ഈ പെൺകുട്ടിയെ സ്വന്തം നാട്ടിൽവെച്ച് ചവിട്ടിത്തകർത്തു. അവളുടെ നാട്ടിൽ തെരുവിൽ വലിച്ചിഴച്ചു. ഈ പെൺകുട്ടി ലോകം കീഴടക്കാൻ പോകുന്നു; പക്ഷേ, ഈ രാജ്യത്തെ വ്യവസ്ഥിതിയോട് അവൾ തോറ്റുപോയി’’ -ബജ്റങ് പറഞ്ഞു. സാക്ഷി മാലികിനൊപ്പം മുൻ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെതിരെ സമരം നയിക്കാൻ ബജ്റങ്ങും വിനേഷുമുണ്ടായിരുന്നു. 2019ലും 2022ലും നടന്ന ലോക ചാമ്പ്യൻഷിപ്പിൽ 53 കിലോയിൽ വിനേഷ് രണ്ട് വെങ്കല മെഡലുകൾ നേടിയിട്ടുണ്ട്.
ടി.ടി: പുരുഷന്മാർ പുറത്ത്
പാരിസ്: പുരുഷന്മാരുടെ ടേബ്ൾ ടെന്നിസ് പ്രീക്വാർട്ടറിൽ കരുത്തരായ ചൈനയോട് 0-3ന് തോറ്റ് ഇന്ത്യക്ക് മടക്കം. ഹർമീത് ദേശായി- മാനവ് താക്കർ സഖ്യം ഡബ്ൾസിൽ 2-11, 3-11, 7-11 എന്ന സ്കോറിന് ഇതിഹാസ താരം മാ ലോങ്- ചുകിൻ വാങ് സഖ്യത്തോട് തോറ്റു. ആദ്യ സിംഗ്ൾസിൽ അചന്ത ശരത് കമൽ ഫാൻ ഷെൻഡോങ്ങിനോട് പൊരുതി തോറ്റു. ആദ്യ ഗെയിം 11-9ന് ശരത് പിടിച്ചെടുത്തു. എന്നാൽ, അടുത്ത മൂന്ന് ഗെയിമുകളിലും ചൈനക്കാരൻ ജയിച്ചു. ( 11-7, 11-7, 11-5). ഇതോടെ ഇന്ത്യ 0-2ന് പിന്നിലായി. മാനവ് താക്കർ ചുകിന്നിനോട് രണ്ടാം സിംഗ്ൾസിൽ തോറ്റതോടെ (9-11, 6-11, 9-11) ഇന്ത്യയുടെ പതനം പൂർത്തിയായി. ഇന്ത്യയുടെ വനിത ടീം കഴിഞ്ഞ ദിവസം ക്വാർട്ടറിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.