പാകിസ്താന് രക്ഷയില്ല; ഇരട്ട സെഞ്ച്വറികളുമായി നിലയുറപ്പിച്ച് ജോ റൂട്ടും ഹാരി ബ്രൂക്കും
text_fieldsമുൾത്താൻ: ഇരട്ട സെഞ്ച്വറികളുമായി ജോ റൂട്ടും ഹാരി ബ്രൂക്കും ക്രീസിൽ ഉറച്ചുനിന്നതോടെ പാകിസ്താനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് കൂറ്റൻ സ്കോറിലേക്ക്. ആദ്യം ബാറ്റ് ചെയ്ത് അബ്ദുല്ല ഷഫീഖ്, ഷാൻ മസൂദ്, സൽമാൻ ആഗ എന്നിവരുടെ സെഞ്ച്വറി കരുത്തിൽ 556 റൺസ് അടിച്ചുകൂട്ടിയ പാകിസ്താന് അതിലും വലിയ മറുപടിയുമായി ഇംഗ്ലീഷ് ബാറ്റർമാർ നിലയുറപ്പിച്ചതോടെ എറിഞ്ഞു കുഴങ്ങുകയാണ് ആതിഥേയ ബൗളർമാർ.
നാലാം ദിവസം ലഞ്ചിന് പിരിയുമ്പോൾ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ 658 റൺസെന്ന നിലയിലാണ് സന്ദർശകർ. 259 റൺസുമായി ജോ റൂട്ടും 218 റൺസുമായി ഹാരി ബ്രൂക്കുമാണ് ക്രീസിൽ. ഇതിനകം 102 റൺസിന്റെ ലീഡാണ് ഇംഗ്ലണ്ട് നേടിയെടുത്തത്. സാക് ക്രോളി (78), ക്യാപ്റ്റൻ ഒലി പോപ് (0), ബെൻ ഡക്കറ്റ് (84) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.
ബംഗ്ലാദേശിനെതിരെ സ്വന്തം നാട്ടിൽ നടന്ന പരമ്പരയിൽ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയ പാകിസ്താൻ ആദ്യ ഇന്നിങ്സിൽ വൻ സ്കോർ പടുത്തുയർത്തിയതോടെ പ്രതീക്ഷയിലായിരുന്നു. എന്നാൽ, ഇംഗ്ലീഷ് ബാറ്റർമാർ ആ പ്രതീക്ഷകൾ തല്ലിക്കെടുത്തുന്ന കാഴ്ചക്കാണ് മുൾത്താനിലെ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ചരിത്രത്തിൽ 5000 റൺസ് നേടുന്ന ആദ്യ താരമെന്ന നേട്ടം റൂട്ട് കഴിഞ്ഞ ദിവസം സ്വന്തമാക്കിയിരുന്നു. മത്സരത്തിൽ മറ്റൊരു അപൂർവ റെക്കോഡ് കൂടി റൂട്ട് സ്വന്തം പേരിലാക്കി. ടെസ്റ്റില്‍ കലണ്ടര്‍ വർഷത്തിൽ ഏറ്റവും കൂടുതല്‍ 1000 പ്ലസ് റണ്‍സ് നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടമാണ് താരം കൈവരിച്ചത്. ഈ നേട്ടത്തില്‍ അഞ്ച് ഇതിഹാസ താരങ്ങള്‍ക്കൊപ്പമാണ് റൂട്ട്. അഞ്ചു തവണയാണ് 1000 പ്ലസ് റൺസ് നേടിയത്. ആറു തവണ ഈ നേട്ടം കൈവരിച്ച ഇതിഹാസം സചിൻ തെണ്ടുൽക്കൽ മാത്രമാണ് റൂട്ടിനു മുന്നിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.