കിരീടക്കണക്കിലും ഇനി മെസ്സിയെ വെല്ലാൻ ആളില്ല; മറികടന്നത് ബ്രസീൽ താരത്തെ
text_fieldsകോപ അമേരിക്ക ഫൈനലിൽ കൊളംബിയയെ വീഴ്ത്തി രണ്ടാമതും കിരീടമണിഞ്ഞതോടെ അപൂർവ റെക്കോഡ് സ്വന്തമാക്കി അർജന്റീനൻ ഇതിഹാസ താരം ലയണൽ മെസ്സി. കരിയറിൽ രാജ്യത്തിനും ക്ലബിനും വേണ്ടി 45 കിരീടം സ്വന്തമാക്കിയാണ് മെസ്സി പുതുചരിത്രം കുറിച്ചത്. ബ്രസീൽ താരം ഡാനി ആൽവസിന്റെ റെക്കോഡാണ് അർജന്റീന നായകൻ മറികടന്നത്.
മൂന്ന് വർഷത്തിനിടെ അർജന്റീന ഷോകേസിൽ മൂന്ന് പ്രധാന കിരീടങ്ങളാണ് 36കാരൻ എത്തിച്ചത്. 2021ലെ കോപ അമേരിക്ക ചാമ്പ്യന്മാരായ ശേഷം നായകനെന്ന നിലയിൽ ഫൈനലിസിമയും ലോകകപ്പും ഉയർത്തിയ മെസ്സി ഇപ്പോൾ തുടർച്ചയായ രണ്ടാം തവണയും കോപയിൽ മുത്തമിട്ടിരിക്കുന്നു. ഇതിൽ 39 കിരീടങ്ങളും ക്ലബ് തലത്തിലെ നേട്ടങ്ങളായിരുന്നു. അതിൽ തന്നെ ഭൂരിഭാഗവും ബാഴ്സലോണയിൽ ഉണ്ടായിരുന്ന 17 വർഷത്തിനിടെ. കരിയറിൽ നാല് ചാമ്പ്യൻസ് ലീഗിലും പത്തുതവണ ലാലിഗയിലും ബാഴ്സലോണക്കൊപ്പം ജേതാവായി. ബാഴ്സക്കും പി.എസ്.ജിക്കും ഇന്റർ മയാമിക്കുമൊപ്പം ആഭ്യന്തര ലീഗുകളിലും കിരീട നേട്ടത്തിലെത്തി. യുവേഫ സൂപ്പർ കപ്പും ഫിഫ ക്ലബ് വേൾഡ് കപ്പും മൂന്ന് തവണ വീതവും കരിയറിന് അലങ്കാരമായുണ്ട്.
അർജന്റീനക്കായി 2005ൽ അണ്ടർ 17 ലോകകപ്പ്, 2008ലെ ഒളിമ്പിക്സ്, 2021, 2024 വർഷങ്ങളിലെ കോപ അമേരിക്ക, 2022ൽ ലോകകപ്പും ഫൈനലിസിമയും എന്നിവയാണ് കിരീട നേട്ടങ്ങൾ. എട്ട് തവണ ബാലൺ ഡി ഓറും ആറുതവണ യൂറോപ്യൻ ഗോൾഡൻ ബൂട്ടും തേടിയെത്തിയ അർജന്റീനക്കാരൻ 1,068 മത്സരങ്ങളിൽ 838 ഗോളും 374 അസിസ്റ്റുമടക്കം 1,212 ഗോളുകളിലാണ് പങ്കാളിയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.