‘ടിപ്പർ ലോറിയും ബെൻസും തമ്മിലുള്ള വ്യത്യാസമുണ്ട്, ബുംറ കോഹിനൂർ രത്നം’; കോഹ്‍ലിയുമായുള്ള താരതമ്യത്തിൽ പിന്തുണയുമായി അശ്വിൻ
text_fieldsഇന്ത്യന്‍ ടീമിലെ ഏറ്റവും ശാരീരികക്ഷമതയുള്ള താരം താനാണെന്ന പ്രസ്താവന വിവാദമായതിന് പിന്നാലെ ഇന്ത്യയുടെ സ്റ്റാർ പേസര്‍ ജസ്പ്രീത് ബുംറയെ പിന്തുണച്ച് സഹതാരം രവിചന്ദ്രന്‍ അശ്വിന്‍. ‘ആഷ് കി ബാത്ത്’ എന്ന തന്റെ യു ട്യൂബ് ചാനലിൽ ഇന്ത്യന്‍ ക്രിക്കറ്റിന്റെ കോഹിനൂര്‍ രത്‌നമെന്നാണ് ബുംറയെ അശ്വിന്‍ വിശേഷിപ്പിച്ചത്.
ബംഗ്ലാദേശിനെതിരായ പരമ്പരക്ക് മുന്നോടിയായി, ഇന്ത്യന്‍ ടീമില്‍ മികച്ച ഫിറ്റ്‌നസുള്ളത് ആര്‍ക്കാണെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനുള്ള ബുംറയുടെ മറുപടിയാണ് വിവാദമായത്. ‘ആരുടെ പേര് പറയാനാണ് നിങ്ങള്‍ കാത്തിരിക്കുന്നതെന്ന് എനിക്കറിയാം. ഞാൻ ഒരു ഫാസ്റ്റ് ബൗളറായതിനാൽ എന്റെ തന്നെ പേര് പറയാൻ ആഗ്രഹിക്കുന്നു. ഞാൻ ഒരുപാട് കാലമായി കളിക്കുന്നു. ഒരു ഫാസ്റ്റ് ബൗളറാകാനും കടുത്ത ചൂടിൽ രാജ്യത്ത് കളിക്കാനും ഒരുപാട് കാര്യങ്ങൾ ആവശ്യമാണ്. അതുകൊണ്ട് ഞാൻ എപ്പോഴും ഫാസ്റ്റ് ബൗളർമാരെ പ്രോത്സാഹിപ്പിക്കുകയും അവരുടെ പേര് എപ്പോഴും പറയുകയും ചെയ്യും’ -എന്നിങ്ങനെയായിരുന്നു ബുംറയുടെ മറുപടി. സ്വന്തം പേര് പറഞ്ഞതോടെ ആരാധകർ താരത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ വിമർശനവുമായി രംഗത്തെത്തി. വിരാട് കോഹ്‍ലിയെ പറയാതെ സ്വന്തം പേര് പറഞ്ഞതാണ് പലരെയും പ്രകോപിപ്പിച്ചത്. പലരും ബുംറയുടെ പരിക്കുകൾ എണ്ണിപ്പറഞ്ഞാണ് രംഗത്തെത്തിയത്.
സ്വയം തീരുമാനിച്ച ഉത്തരമുണ്ടെങ്കിൽ പിന്നെ അങ്ങനെയൊരു ചോദ്യം ചോദിക്കേണ്ട ആവശ്യകത എന്താണെന്ന് ബുംറയെ പിന്തുണച്ച് അശ്വിൻ ചോദിച്ചു.
‘ജസ്പ്രീത് ബുംറ ഒരു ഫാസ്റ്റ് ബൗളറാണ്. 145 കിലോമീറ്റർ വേഗത്തില്‍ പന്തെറിയുന്ന അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റിലെ കോഹിനൂര്‍ രത്‌നമാണ്. അദ്ദേഹം എന്തുവേണമെങ്കിലും പറയട്ടെ, അത് അംഗീകരിക്കുക. കപിൽ ദേവിന് ശേഷം ബുംറയേക്കാൾ മികച്ച ഒരു ബൗളർ ഉണ്ടായിട്ടുണ്ടോ?’, -അശ്വിന്‍ ചോദിച്ചു.
'ബുംറക്ക് ഇടക്ക് പരിക്കേൽക്കുമ്പോൾ അദ്ദേഹം എങ്ങനെ ഫിറ്റാകുമെന്ന് ആളുകള്‍ ചോദിക്കുന്നു. രണ്ടും തമ്മിൽ ടിപ്പര്‍ ലോറിയും മെഴ്‌സിഡസ് ബെന്‍സും പോലെ അന്തരമുണ്ട്. ബെന്‍സ് വളരെ സൂക്ഷ്മതയോടെ ഓടിക്കാൻ കഴിയും. എന്നാൽ, ടിപ്പര്‍ ലോറിക്ക് വലിയ ഭാരം പേറി തെക്ക്‍വടക്ക് വിശ്രമമില്ലാതെ ഒരുപാട് ദൂരം സഞ്ചരിക്കേണ്ടിവരും. അപ്പോൾ ഇടക്ക് കേടാകും. ടിപ്പര്‍ ലോറി പോലെയാണ് ഫാസ്റ്റ് ബൗളര്‍. ഒരുപാട് സമ്മർദത്തിന് ശേഷവും ബുംറ മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗത്തിൽ പന്തെറിയുന്നുണ്ട്. അദ്ദേഹത്തെ അംഗീകരിക്കണം’ -അശ്വിന്‍ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.