പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായി ഇവർ
text_fieldsന്യൂഡൽഹി: ഈ മാസം 26ന് ഫ്രാൻസ് തലസ്ഥാനമായ പാരിസിൽ കൊടിയേറുന്ന ലോക കായിക മാമാങ്കമായ ഒളിമ്പിക്സിൽ ഏകദേശം 120 കായിക താരങ്ങളാണ് ഇന്ത്യക്കു വേണ്ടി കളത്തിലിറങ്ങുന്നത്. ‘പാരിസ് ഒളിമ്പിക്സ് 2024’ൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ 10 ഇനങ്ങൾ താഴെ പറയുന്നവയായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
നീരജ് ചോപ്ര
1. ജാവലിൻ ത്രോയിൽ നീരജ് ചോപ്ര
2020ൽ ടോക്യോയിൽ നടന്ന ഒളിമ്പിക്സിൽ ജാവലിൻ ത്രോയിൽ ഇന്ത്യക്കു വേണ്ടി സ്വർണ മെഡൽ നേടി ചരിത്രം സൃഷ്ടിച്ച കായിക താരമാണ് നീരജ് ചോപ്ര. ഫിൻലൻഡിൽ നടന്ന പാവോ നൂർമി ഗെയിംസിൽ 85.97 മീറ്റർ ദൂരം എറിഞ്ഞ് സ്വർണമെഡൽ നേടിയിട്ടുണ്ട് നീരജ് ചോപ്ര.
പി.വി. സിന്ധു
2. ബാഡ്മിന്റണിൽ പി.വി. സിന്ധു
ഇന്ത്യൻ ബാഡ്മിന്‍റൺ താരവും രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവുമാണ് പി.വി. സിന്ധു. ഇന്ത്യൻ സംഘത്തിലെ ഉറച്ച മെഡൽ പ്രതീക്ഷയാണിവർ. റിയോ ഡി ജനീറോ 2016 ഗെയിംസിൽ വെള്ളിയും 2020 ടോക്യോയിൽ വെങ്കലവും നേടി രണ്ട് ഒളിമ്പിക്‌സ് മെഡലുകൾ നേടിയ ആദ്യ ഇന്ത്യൻ വനിതയെന്ന ബഹുമതിയും 29കാരിയായ താരം സ്വന്തമാക്കി. ഫെബ്രുവരിയിൽ കാൽമുട്ടിനേറ്റ പരിക്കിൽ നിന്ന് തിരിച്ചെത്തിയ താരം മലേഷ്യയിൽ നടന്ന ബാഡ്മിൻ്റൺ ഏഷ്യാ ടീം ചാമ്പ്യൻഷിപ്പിൽ രണ്ട് തോൽവികളടക്കം തിരിച്ചടികൾ നേരിട്ടിരുന്നു. ഈ തിരിച്ചടികൾക്കിടയിലും പ്രതിരോധത്തിനും തിരിച്ചുവരവിനും പേരുകേട്ട സിന്ധു ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായി രംഗത്തുണ്ട്.
സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി
3. ബാഡ്മിന്റണിൽ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി
ആഗോളതലത്തിൽ മൂന്നാം സ്ഥാനത്തുള്ള, ഇന്ത്യയുടെ ഡൈനാമിക് ബാഡ്മിന്റൺ ജോടികളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും രാജ്യത്തിന്റെ മെഡൽ പ്രതീക്ഷയായി നിലകൊള്ളുന്നു. 2022ൽ ഇന്ത്യയുടെ തോമസ് കപ്പ് വിജയത്തിൽ ഇവർ നിർണായക പങ്കുവഹിച്ചു. തുടർന്ന് കോമൺവെൽത്ത് ഗെയിംസിൽ സ്വർണ്ണവും ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലവും നേടി. 2023ൽ ഇരുവരും സ്വിസ് ഓപ്പൺ, ബാഡ്മിന്റൺ ഏഷ്യൻ ചാമ്പ്യൻഷിപ്പ്, ഇന്തോനേഷ്യൻ ഓപ്പൺ എന്നിവയിലെ വിജയങ്ങളുമായി തങ്ങളുടെ കുതിപ്പ് തുടർന്നു. 2024 മാർച്ചിൽ, ഇരുവരും ഫ്രഞ്ച് ഓപ്പൺ കിരീടം നേടുകയും മേയിൽ തായ്‌ലൻഡ് ഓപ്പൺ വിജയിക്കുകയും ചെയ്തു.
ലോവ്ലിന ബോർഗോഹെയ്ൻ
4. ബോക്സിങ്ങിൽ ലോവ്ലിന ബോർഗോഹെയ്ൻ
നിലവിൽ ലോക റാങ്കിങ്ങിൽ നാലാം സ്ഥാനത്തുള്ള ദേശീയ ചാമ്പ്യനും ടോക്യോ ഒളിമ്പിക് വെങ്കല മെഡൽ ജേതാവുമായ ലോവ്ലിന ബോർഗോഹെയ്ൻ ഇന്ത്യയുടെ പ്രധാന മെഡൽ പ്രതീക്ഷയാണ്. 2023ലെ ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിലെ സ്വർണ്ണ മെഡലും 2022 ഏഷ്യൻ ഗെയിംസിലെ വെള്ളിയും 2018, 2019 വനിതാ ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിലെ വെങ്കല മെഡലുകളും അവരുടെ ശ്രദ്ധേയമായ നേട്ടങ്ങളിൽ ഉൾപ്പെടുന്നു. ഈ വർഷം ജൂണിൽ ചെക്ക് റിപ്പബ്ലിക്കിൽ നടന്ന ഗ്രാൻഡ് പ്രിക്സിൽ വെള്ളി മെഡൽ നേടുകയും ചെയ്തിട്ടുണ്ട്.
നിഖത് സരീൻ
5. ബോക്സിങ്ങിൽ നിഖത് സരീൻ
തന്റെ കന്നി ഒളിമ്പിക്സിന് തയ്യാറെടുക്കുകയാണ് നിഖത് സരീൻ. രണ്ട് തവണ ലോക ചാമ്പ്യനായ നിഖത് സരീൻ 51 കിലോഗ്രാം വിഭാഗത്തിൽ ബോക്സിങ്ങിലാണ് മത്സരിക്കുന്നത്. 2019ൽ ബൾഗേറിയയിൽ നടന്ന സ്ട്രാൻഡ്ജ മെമ്മോറിയൽ ടൂർണമെൻ്റിൽ സ്വർണവും 2024 ഫെബ്രുവരിയിൽ നടന്ന അതേ ടൂർണമെന്റിന്റെ 75-ാമത് എഡിഷനിൽ വെള്ളിയും ഉൾപ്പെടെ നിരവധി വിജയങ്ങൾ സ്വന്തമായുണ്ട്.
നിലവിൽ മറ്റ് ഇന്ത്യൻ താരങ്ങൾക്കൊപ്പം ജർമ്മനിയിൽ പരിശീലനത്തിലാണ് നിഖത് സരീൻ.
ആന്റിം പംഗൽ
6. ഗുസ്തിയിൽ ആന്റിം പംഗൽ
ലോക റാങ്കിങ്ങിൽ ആറാം സ്ഥാനത്തുള്ള ആന്റിം പംഗൽ കഴിഞ്ഞ വർഷത്തെ ലോക ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 53 കിലോ വിഭാഗത്തിൽ വെങ്കലത്തോടെ ഒളിമ്പിക് ക്വാട്ട ഉറപ്പിച്ചു. രണ്ട് തവണ അണ്ടർ 20 ലോക ചാമ്പ്യൻ എന്ന നിലയിൽ 2022 ലും 2023 ലും സ്വർണം നേടിയിട്ടുണ്ട് ആന്റിം പംഗൽ. 2023 ഏഷ്യൻ ഗെയിംസിൽ വെങ്കലവും 2023 ലെ ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പിൽ വെള്ളിയും നേടി.
മീരാഭായ് ചാനു
7. ഭാരോദ്വഹനത്തിൽ മീരാഭായ് ചാനു
കഴിഞ്ഞ ഒരു വർഷമായി പരിക്കുകൾ അലട്ടുന്നുവെങ്കിലും ടോക്യോ ഒളിമ്പിക്‌സിലെ വെള്ളി മെഡൽ ജേതാവാണ് ഭാരോദ്വഹന താരം മീരാഭായ് ചാനു. തുടയെല്ലിന് പരിക്കേറ്റതിനാൽ അവർക്ക് 2023ലെ ഏഷ്യൻ ഗെയിംസ് നഷ്‌ടമാവുകയും 2023 ഏഷ്യൻ വെയ്റ്റ്‌ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ആറാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിയും വന്നു.
കോമൺവെൽത്ത് ഗെയിംസിൽ രണ്ട് തവണ സ്വർണവും ഒരു തവണ വെള്ളിയും നേടിയിട്ടുള്ള മീരാഭായ് ചാനു ഇപ്പോൾ എൻ.ഐ.എസ് പട്യാലയിൽ പരിശീലനത്തിലാണ്,
മനു ഭാക്കർ
8. ഷൂട്ടിങ്ങിൽ മനു ഭാക്കർ
തന്റെ രണ്ടാം ഒളിമ്പിക്‌സിന് കാത്തിരിക്കുന്ന മനു ഭാക്കർ, അനുഭവത്തിൽ നിന്നും സമീപകാലത്തെ മികച്ച പ്രകടനങ്ങളിൽ നിന്നും നേടിയ ആത്മവിശ്വാസത്തോടെയാണ് പാരീസിലേക്ക് കാത്തിരിക്കുന്നത്. ഏഷ്യൻ ഗെയിംസിലെ വനിതകളുടെ 25 മീറ്റർ പിസ്റ്റൾ ടീം ഇനത്തിൽ 22കാരി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 2023 ഒക്ടോബറിൽ ചാങ്‌വോണിൽ നടന്ന ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 25 മീറ്റർ പിസ്റ്റൾ ഇനത്തിൽ അഞ്ചാം സ്ഥാനത്തെത്തി ഇന്ത്യയ്‌ക്കായി ഒളിമ്പിക് ക്വാട്ടയും ഉറപ്പിച്ചു.
സ്ത്രീകളുടെ 10 മീറ്റർ എയർ പിസ്റ്റളിലും വനിതകളുടെ 25 മീറ്റർ പിസ്റ്റളിലും ഒന്നിലധികം വ്യക്തിഗത ഇനങ്ങളിൽ മത്സരിക്കുന്നുണ്ട് ഈ വനിത കായിക താരം.
ഐശ്വരി പ്രതാപ് സിംഗ് തോമർ
9. ഷൂട്ടിങ്ങിൽ ഐശ്വരി പ്രതാപ് സിംഗ് തോമർ
2022ലെ ഏഷ്യൻ ഗെയിംസിൽ നാല് മെഡലുകൾ നേടി മികച്ച പ്രകടനമാണ് ഈ 23കാരൻ ഷൂട്ടർ നടത്തിയത്. വരാനിരിക്കുന്ന ഒളിമ്പിക്സിൽ പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ- 3പി- വ്യക്തിഗത വിഭാഗത്തിൽ തോമർ മത്സരിക്കുന്നു.
ഇന്ത്യൻ പുരുഷ ഹോക്കി ടീം
10. പുരുഷ ഹോക്കി ടീം
2020ലെ ടോക്യോ ഒളിമ്പിക്‌സിൽ ഇന്ത്യൻ പുരുഷ ഹോക്കി ടീം ജർമ്മനിയെ തോൽപ്പിച്ച് വെങ്കലം നേടി കായികരംഗത്ത് മെഡലിനായുള്ള 41 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടു. ഈ വർഷം, ഹർമൻ പ്രീത് സിങ്ങിൻ്റെ നേതൃത്വത്തിലാണ് ടീം ഹോക്കി ഇറങ്ങുന്നത്.
വെറ്ററൻ ഗോൾകീപ്പർ പി.ആർ. ശ്രീജേഷിന്റെ കരുത്തിൽ 44 വർഷത്തിനു ശേഷം സ്വർണ്ണം നേടാനുള്ള ദൃഢനിശ്ചയത്തോടെയാണ് ഇന്ത്യ കളത്തിലിറങ്ങുക. 2022 ലെ ഏഷ്യൻ ഗെയിംസ് സ്വർണ്ണത്തിന്റെ തിളക്കത്തിലാണ് ഹോക്കി ടീം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.