ഗുസ്തിയിൽ പെൺകുട്ടികളുടെ മെഡൽനേട്ടം ഇവർക്ക് ആഘോഷം
text_fieldsകൊച്ചി: ലോക കാഡറ്റ് ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ പെൺകുട്ടികൾ സ്വർണക്കൊയ്ത്ത് നടത്തുമ്പോൾ അതിെൻറ ആഹ്ലാദത്തിലാണ് കേരളത്തിലേക്ക് ആദ്യമായി വനിത ഗുസ്തിയിൽ ദേശീയ മെഡൽ എത്തിച്ച ദമ്പതികൾ. മട്ടാഞ്ചേരി സ്വദേശികളായ ഗുസ്തി പരിശീലകൻ എം.എം. സലീമും ഭാര്യ സാജിദ സലീമുമാണ് ലോക ഗുസ്തിയിലെ വിജയം ആഘോഷമാക്കി പാൽപായസം വിളമ്പിയത്.
1998ൽ ഉത്തർപ്രദേശിലെ മഥുരയിൽ നടന്ന പ്രഥമ ദേശീയ സബ് ജൂനിയർ മത്സരത്തിൽ നാല് വനിതകളാണ് കേരളത്തിനെ പ്രതിനിധീകരിച്ചത്. സലീമിെൻറ ശിഷ്യരായ ഇവരിൽ എസ്. ദിവ്യ കേരളത്തിെൻറ ആദ്യ വനിത ഗുസ്തി മെഡൽ കരസ്ഥമാക്കി. മറ്റൊരു ഗുസ്തിക്കാരി വി.എസ്. സെറീന സെമി ഫൈനലിൽ ലീഡ് ചെയ്യവേ എതിരാളി ഫൗൾ ചെയ്തതോടെ പരിക്കേറ്റ് മത്സരം നിർത്തേണ്ടിവന്നു.
പരിശീലകൻ സലീമിനൊപ്പം ടീം മാനേജറായി ഉണ്ടായിരുന്നത് ഭാര്യ സാജിതയാണ്. കേരളത്തിലെ പെൺകുട്ടികൾ ഗുസ്തിയിലേക്ക് വരാൻ മടിച്ചുനിന്ന അക്കാലത്ത് ദിവ്യ ദേശീയ മെഡൽ നേടിയതോടെ കൂടുതൽ പെൺകുട്ടികൾ ഗുസ്തി മത്സരത്തിന് ഇറങ്ങിത്തുടങ്ങി. പുരുഷ ടീമിനും ദിവ്യയുടെ വിജയം ആവേശമായി.തുടർന്ന് വനിത ഗുസ്തിയിൽ കേരളം മികച്ച നേട്ടങ്ങളാണ് കൈവരിച്ചത്.
ഇപ്പോഴത്തെ ദേശീയ ഗുസ്തി ഫെഡറേഷൻ ജനറൽ സെക്രട്ടറിയും നേരത്തേ സംസ്ഥാന സെക്രട്ടറിയുമായിരുന്ന വി.എൻ. പ്രസൂദും കേരളത്തിൽ ഗുസ്തി എന്ന കായിക ഇനത്തിെൻറ വളർച്ചക്ക് വഴിതെളിയിച്ചു. ദിവ്യക്കുശേഷം സലീമിെൻറ ശിഷ്യരായ സുജീഷ് ഫലാരി, യേശുദാസ് മാർട്ടിൻ, എ.എച്ച്. ഷാനവാസ്, അശ്വതി എന്നിവർ ദേശീയ മെഡൽ ജേതാക്കളായി. ഗുസ്തിയിൽ ഇന്ത്യ ചരിത്രം രചിക്കുന്നത് ഏറെ സന്തോഷമാണ് പകർന്നുനൽകുന്നതെന്ന് സലീമും സാജിദയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.