തോമസിനും സ്മിതക്കും പ്രായം ഒരു നമ്പർ മാത്രം
text_fieldsതിരുവനന്തപുരം: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റീജനൽ ഡയറക്ടർ തോമസ് മാത്യുവിനും ഭാര്യ സ്മിത തോമസിനും പ്രായം ഒരു സംഖ്യമാത്രമാണ്. കാലത്തിന്റെ വികൃതികൊണ്ട് തലമുടിയിൽ അവിടവിടെയായി ചില നരകളൊക്കെ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ഇരുവരുടെയും ചുറുചുറുക്കിന് മധുരപ്പതിനേഴ് മാത്രം. പ്രഥമ കേരള ഗെയിംസിനോട് അനുബന്ധിച്ച് നടന്ന 21.1 കിലോമീറ്റര് ഹാഫ് മാരത്തണും മൂന്ന് കിലോമീറ്റർ ഫൺ റണും അതിവേഗം പൂർത്തിയാക്കിയാണ് ഞായറാഴ്ച ഈ ദമ്പതികൾ മീറ്റിന്റെ താരങ്ങളായത്.
റിസർവ് ബാങ്കിലെ ജോലിത്തിരക്കുകൾക്കിടിയിൽനിന്ന് 2014 മുതലാണ് തോമസ് മാത്യു ഓട്ടത്തിനും ജീവിതത്തിൽ ഒരിടംകൊടുത്തു തുടങ്ങിയത്. മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജനായിരുന്നു മാർഗദർശി. രാവിലെ അഞ്ചുമുതൽ ആരംഭിക്കുന്ന ഓട്ടം ഏകദേശം രണ്ടുമണിക്കൂറോളം നീണ്ടു. സന്തോഷകരമായ കുടുംബജീവിതത്തോടൊപ്പം ആരോഗ്യകരമായ ജീവിതം കൂടി സ്വപ്നം കണ്ടതോടെ ഭാര്യ സ്മിതയെയും അദ്ദേഹം ഒപ്പം കൂട്ടി. ഓടി ഓടി തഴക്കവും പഴക്കവും വന്നതോടെയാണ് ഹ്രസ്വദൂര ഓട്ടം മാരത്തണുകളിലേക്ക് മാറ്റി ഹൃദയത്തിന്റെ ബലം പരീക്ഷിക്കാൻ ഇരുവരും തീരുമാനിച്ചത്. തുടർന്ന് മുംബൈ, ജമ്മു മാരത്തണുകളിൽ പങ്കെടുത്ത്, മികച്ച സമയത്തിൽ മത്സരം പൂർത്തിയാക്കി. കേരള ഗെയിംസിൽ തോമസ് മാത്യു ഹാഫ് മാരത്തണിലും ഫൺ റണിലും പങ്കെടുത്തപ്പോൾ ഭാര്യ സ്മിത ഫൺ റണ്ണിൽ മാത്രമാണ് മത്സരിച്ചത്. ഈ പ്രായത്തിലും തങ്ങൾ ഓടുന്നത് കണ്ട് ആർ.ബി.ഐയിലെ സഹപ്രവർത്തകരിൽ പലരും രാജ്യത്തെവിവിധ മാരത്തണുകളിൽ പങ്കെടുക്കുന്നതായി തോമസ് മാത്യു പറയുന്നു. റീജനൽ ഡയറക്ടർക്കും ഭാര്യക്കുമൊപ്പം ആർ.ബി.ഐയുടെ എഴുപതോളം ജീവനക്കാരും ഞായറാഴ്ച നടന്ന മാരത്തണിൽ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.