ഫുട്ബാളിലും ക്രിക്കറ്റിലും ഇന്ന് സൂപ്പർ സൺഡേ
text_fieldsകൊൽക്കത്ത ഡെർബി
കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്-ഈസ്റ്റ് ബംഗാൾ പോരാട്ടം. രാജ്യത്തെ ക്ലബ് ഫുട്ബാളിലെ അതികായരായ കൊൽക്കത്ത വമ്പന്മാർ രാത്രി 8.30നാണ് സാൾട്ട് ലേക് സ്റ്റേഡിയത്തിൽ ഏറ്റുമുട്ടുന്നത്. ഫെബ്രുവരി മൂന്നിന് ഇവർ ഐ.എസ്.എല്ലിൽ മുഖാമുഖം വന്നപ്പോൾ കളി 2-2 സമനിലയിലായി. 16 മത്സരങ്ങളിൽ 33 പോയന്റുമായി മൂന്നാംസ്ഥാനത്തുള്ള ബഗാന് ജയിച്ചാൽ ഒഡിഷ എഫ്.സിയെ (35) കടന്ന് രണ്ടിലെത്താം. 18 മത്സരങ്ങളിൽ 18 പോയന്റ് മാത്രമുള്ള ഈസ്റ്റ് ബംഗാളിന് ജയം അനിവാര്യമാണ്.
ലിവർപൂൾ Vs സിറ്റി
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരടിക്കുന്ന ലിവർപൂളും മാഞ്ചസ്റ്റർ സിറ്റിയും ഞായറാഴ്ച ആൻഫീൽഡിൽ നേർക്കുനേർ.
സൂപ്പർ ഫൈറ്റിൽ ജയിച്ചാൽ സിറ്റിക്ക് ഒന്നാം സ്ഥാനത്തേക്ക് കയറാം. ലിവർപൂളിന് 63 പോയന്റാണുള്ളത്. നിലവിലെ ചാമ്പ്യന്മാരെ തോൽപിക്കാനായാൽ 66 പോയന്റുമായി ചെമ്പടക്ക് കിരീടത്തിലേക്ക് ഒരുപടി കൂടി അടുക്കാം. ആസ്റ്റൻ വില്ല-ടോട്ടൻഹാം മത്സരവും ഞായറാഴ്ച നടക്കുന്നുണ്ട്.
മുംബൈ-വിദർഭ ഫൈനൽ
മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനൽ മത്സരം ഞായറാഴ്ച മുതൽ വംഖഡേ സ്റ്റേഡിയത്തിൽ നടക്കും. ആതിഥേയരായ മുംബൈയെ നേരിടുന്നത് വിദർഭയാണ്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ അജിൻക്യ രഹാനെ നയിക്കുന്ന മുംബൈ സംഘത്തിൽ ബാറ്റർമാരായ ശ്രേയസ് അയ്യർ, പ്രിഥ്വി ഷാ, ഓൾ റൗണ്ടർ ശാർദുൽ ഠാകുർ തുടങ്ങിയ അന്താരാഷ്ട്ര താരങ്ങളുണ്ട്. അക്ഷയ് വാഡ്കറാണ് വിദർഭ ക്യാപ്റ്റൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.