'അരിഗാതോ' ടോക്യോ; ഇനി പാരീസിൽ കാണാം
text_fieldsടോക്യോ: വിശ്വകായിക മാമാങ്കമായ ഒളിമ്പിക്സിന് ജപ്പാൻ തലസ്ഥാനമായ ടോക്യോയിൽ കൊടിയിറങ്ങി. കോവിഡ് പ്രതിസന്ധി ഘട്ടത്തിലും ഒരുമയോടെ നിന്ന് ഗെയിംസ് പൂർത്തിയാക്കാൻ സാധിച്ചതിന്‍റെ സന്തോഷത്തിലായിരുന്നു കായിക താരങ്ങളും സംഘാടകരും.
സമാപന ചടങ്ങിൽ ഗുസ്തി താരവും വെങ്കല മെഡൽ ജേതാവുമായ ബജ്രംഗ് പൂനിയയാണ് ഇന്ത്യൻ പതാകയേന്തിയത്. കണ്ണഞ്ചിപ്പിക്കുന്ന അഴകിൽ ലൈറ്റ്ഷോയും കലാപരിപാടികളും സമാപന ചടങ്ങിന് ദൃശ്യചാരുതയേകി. 2024ൽ ഫ്രാൻസിന്‍റെ തലസ്ഥാനമായ പാരീസിലാണ് അടുത്ത ഒളിമ്പിക്സ്. രാജ്യാന്തര ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷൻ തോമസ് ബാഹ് ഒളിംപിക് പതാക അടുത്ത ആതിഥേയരായ പാരിസ് നഗരത്തിന്‍റെ മേയർ ആൻ ഹിഡാൽഗോക്ക് കൈമാറി.
'ഇത് പ്രതീക്ഷ നൽകുന്നു, ഇത് നമുക്ക് ഭാവിയിൽ വിശ്വാസം നൽകുന്നു. ടോക്യോ ഒളിമ്പിക്സിൽ പ്രതീക്ഷയുടെയും ഐക്യത്തിന്‍റെയും സമാധാനത്തിന്‍റെയു മത്സരങ്ങളായിരുന്നു. ഇത് സാധ്യമാക്കിയതിൽ ജപ്പാൻ ജനതക്ക് അങ്ങേയറ്റം അഭിമാനിക്കാം. എല്ലാ അത്‌ലറ്റുകളുടെയും പേരിൽ ഞങ്ങൾ നന്ദി പറയുന്നു... നന്ദി ടോക്യോ, ജപ്പാൻ'-തോമസ് ബാഹ് പറഞ്ഞു. പിന്നാലെ 32ാം ഒളിമ്പിക്സിന് തിരശീല വീണതായി അദ്ദേഹം പ്രഖ്യാപിച്ചു. ശേഷം ഒളിമ്പിക് ദീപശിഖ അണച്ചു. പിന്നാലെ ജപ്പാനീസ് ഭാഷയിൽ നന്ദി എന്ന് അർഥം വരുന്ന 'അരിഗാതോ' എന്ന സന്ദേശം നാഷനൽ സ്റ്റേഡിയത്തിൽ പ്രദർശിക്കപ്പെട്ടു.
സമാപന ചടങ്ങിനിടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആരാധകരുടെ വിഡിയോ ഒളിമ്പിക് സ്റ്റേഡിയത്തിലെ സ്ക്രീനിൽ പ്രദർശിപ്പിച്ചു. മത്സരം പൂർത്തിയാക്കുന്ന താരങ്ങൾ 48 മണിക്കൂറിനുള്ളിൽ മടങ്ങണമെന്നതിനാൽ പ്രമുഖ താരങ്ങളിൽ പലരും സമാപനചടങ്ങിൽ പങ്കെടുത്തില്ല.
കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ 'ഒരുമിച്ച്' എന്ന വാക്ക് കൂടി 'കൂടുതൽ വേഗത്തിൽ, ഉയരത്തിൽ, കരുത്തോടെ' എന്ന ഒളിംപിക്സ് ആപ്തവാക്യത്തിലേക്ക് എഴുതിചേർത്താണ് ടോക്യോ ഒളിംപിക്സിന് തിരശീല വീണത്.
റിയോയിലും ലണ്ടനിലും നിലനിർത്തിയ ഒളിമ്പിക് ചാമ്പ്യൻ കിരീടം ടോക്യോയിലും അമേരിക്ക തുടർന്നു. സ്വർണത്തിളക്കത്തിൽ ഒരു പണത്തൂക്കം മുന്നിൽനിന്ന് ഒന്നാം സ്ഥാനവുമായി മടങ്ങാനൊരുങ്ങിയ ചൈനയെ അവസാന ദിവസം നേടിയ മെഡലുകളിൽ മറികടന്നാണ് യു.എസ് ഇത്തവണയും ഒന്നാമെതത്തിയത്. അവസാന ദിവസമായ ഞായറാഴ്ച വനിതകളുടെ ബാസ്കറ്റ്ബാളിലും വോളിബാളിലുമുൾപെടെ യു.എസ് മൂന്ന് സ്വർണം നേടിയപ്പോൾ ചൈന പിന്നാക്കം പോയതാണ് അമേരിക്കയെ ഒന്നാമതെത്തിച്ചത്.
യു.എസിന് 39ഉം ചൈനക്ക് 38ഉമാണ് സ്വർണ നേട്ടം. 41 വെള്ളിയും 33 വെങ്കലവുമായി 112 യു.എസ് മെഡലുകൾ സ്വന്തമാക്കിയപ്പോൾ ചൈനയുടെ നേട്ടം 32 വെള്ളിയും 18 വെങ്കലവുമുൾപെടെ 88 ആണ്. റഷ്യൻ ഒളിമ്പിക് കമ്മിറ്റിയാണ് മൊത്തം എണ്ണത്തിൽ മൂന്നാമത്- 70 മെഡലുകൾ.
ഇന്ത്യക്കും ചരിത്രം പിറന്ന ഒളിമ്പിക് മാമാങ്കമാണ് ടോകിയോ. ഒരു സ്വർണവും രണ്ടു വെള്ളിയും നാലു വെങ്കലവുമായി ഏഴു മെഡലുകൾ ഇതുവരെ ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.