അത്ലറ്റിക്സ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം; ട്രാക്കുണരുന്നു
text_fieldsടോക്യോ: മൂന്നു ഒളിമ്പിക്സുകൾക്കുശേഷം ഇതിഹാസ അത്ലറ്റ് ഉസൈൻ ബോൾട്ടില്ലാതെ ടോക്യോയിൽ ട്രാക്കും ഫീൽഡും ഉണരുന്നു. സൂപ്പർതാരങ്ങളില്ലാത്തതിനാൽ തന്നെ ഇത്തവണ ഗ്ലാമർ വിഭാഗമായ സ്പ്രിൻറ് ഇനങ്ങളിലടക്കം ഒരുപിടി അറിയപ്പെടാത്ത താരങ്ങളുടെ ഉയർച്ചക്ക് ടോക്യോയിലെ ഒളിമ്പിക് സ്റ്റേഡിയം സാക്ഷിയായേക്കാം.
ആദ്യ ദിനം വിവിധ ഇനങ്ങളുടെ ഹീറ്റ്സാണ് കൂടുതൽ അരങ്ങേറുക. പുരുഷന്മാരുടെ 10,000 മീ. ഓട്ടത്തിൽ മാത്രമാണ് വെള്ളിയാഴ്ച ഫൈനൽ. അത്റ്റിക്സിലെ ഏറ്റവും ആകർഷണീയ ഇനമായ 100 മീ. ഓട്ടത്തിൽ വനിതകളുടെ ആദ്യ റൗണ്ട് മത്സരങ്ങളും വെള്ളിയാഴ്ച അരങ്ങേറും. 48 ഇനങ്ങളിലായി 2038 അത്ലറ്റുകളാണ് അത്ലറ്റിക്സ് പോരാട്ടങ്ങൾക്കിറങ്ങുക.
പ്രതീക്ഷയോടെ ഇന്ത്യ
26 അംഗ സംഘവുമായാണ് ഇന്ത്യൻ അത്ലറ്റിക് ടീം ടോക്യോയിലെത്തിയത്. ജാവലിൻ ത്രോയിലെ സൂപ്പർ താരം നീരജ് ചോപ്രയിലാണ് ഇന്ത്യയുടെ അത്ലറ്റിക്സിലെ മെഡൽ പ്രതീക്ഷ. നിലവിൽ ലോകറാങ്കിങ്ങിൽ നാലാമതായ 23കാരന് കോവിഡ് കാലത്ത് കാര്യമായി മത്സരപരിചയം ലഭിക്കാത്തതാണ് വെല്ലുവിളി. അതുപക്ഷേ എല്ലാ താരങ്ങൾക്കുമുള്ളതായതിനാൽതന്നെ തിരിച്ചടിയാവില്ലെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.
മാർച്ചിൽ ദേശീയ റെക്കോഡ് സ്ഥാപിച്ച 88.07 മീ. ആണ് ചോപ്രയുടെ മികച്ച ദൂരം. ജർമനിയുടെ യൊഹാനസ് വെറ്റർ (97.76 മീ.), പോളണ്ടിെൻറ മാർസിൻ ക്രുക്കോവ്സ്കി (89.55 മീ.), ട്രിനിഡാഡ് ആൻഡ് ടുബാഗോയുടെ കെഷ്റോൺ വാൽകോട്ട് (90.16 മീ.), ലാത്വിയയുടെ ഗാറ്റിസ് കാക്സ് (87.57 മീ.) തുടങ്ങിയവരാണ് ചോപ്രക്ക് വെല്ലുവിളിയുയർത്തുക.ചോപ്രയല്ലാതെ മറ്റു ഇന്ത്യക്കാർക്കും ടോക്യോയിൽ മെഡൽ പ്രതീക്ഷയില്ല. 4x400 മീ. മിക്സഡ് റിലേ ടീം, 4x400 മീ. പുരുഷ റിലേ ടീം, വനിത ഡിസ്കസ്ത്രോയിൽ കമൽപ്രീത് കൗർ, പുരുഷ ഷോട്ട്പുട്ടിൽ തേജീന്ദർ സിങ് തൂർ തുടങ്ങിയവർ ഫൈനലിൽ ഇടം പ്രതീക്ഷിക്കുന്നു.
ഏഴംഗ മലയാളി സംഘം
മലയാളികളായ ഏഴു പേരാണ് അത്ലറ്റിക് ഇനങ്ങളിൽ ഭാഗ്യം പരീക്ഷിക്കാൻ ഇറങ്ങുന്നത്. വ്യക്തിഗത വിഭാഗങ്ങളിൽ കെ.ടി. ഇർഫാൻ (20 കി.മീ. നടത്തം), എം. ശ്രീശങ്കർ (ലോങ്ജംപ്), എം.പി. ജാബിർ (400 മീ. ഹർഡിൽസ്) എന്നിവരും 4x400 മീ. റിലേയിൽ വൈ. മുഹമ്മദ് അനസ്, നോഹ നിർമൽ ടോം, അലക്സ് ആൻറണി, അമോജ് ജേക്കബ് എന്നിവരും ഇറങ്ങും. ഇത്തവണ വനിതകൾ ആരും ഇടംപിടിച്ചെല്ലന്നതാണ് മലയാളത്തിെൻറ സങ്കടം.
ഇന്ന് 4x400 മീ. മിക്സഡ് റിലേയിൽ ഇറങ്ങുന്ന ഇന്ത്യൻ ടീം. വലത്തേയറ്റത്ത് മലയാളി അത്ലറ്റ് അലക്സ്
ആൻറണി (ഫയൽ ചിത്രം)
ജാബിർ, ദ്യുതി, അവിനാശ്,മിക്സഡ് റിലേ ടീം ഇന്ന് ട്രാക്കിൽ
മലയാളി താരങ്ങളായ എം.പി. ജാബിറും അലക്സ് ആൻറണിയും ഇന്ന് ട്രാക്കിലിറങ്ങും. 400 മീ. ഹർഡിൽസിലാണ് ജാബിർ ആദ്യ ഹീറ്റ്സിൽ മത്സരിക്കുക. രാവിലെ 8.27നാണ് മത്സരം. ലോകറാങ്കിങ്ങിലെ 25ാം സ്ഥാനവുമായാണ് ജാബിർ ഒളിമ്പിക്സിന് യോഗ്യത നേടിയത്.വനതികളുടെ 100 മീറ്ററിൽ ദ്യുതി ചന്ദ് ഇന്ന് ആദ്യ ഹീറ്റ്സിനിറങ്ങും. രാവിലെ 8.45നാണ് മത്സരം. ലോക റാങ്കിങ്ങിലെ 47ാം സ്ഥാനത്തോടെയാണ് ദ്യുതി ഒളിമ്പിക്സിനെത്തിയത്. 200 മീറ്ററിലും മത്സരിക്കുന്നുണ്ട് ഈ ഒഡിഷക്കാരി.
പുരുഷന്മാരുടെ 3000 മീ. സ്റ്റീപ്ൾചേസിൽ അവിനാശ് സാബ്ലെക്കാണ് ഇന്ന് ഇന്ത്യക്കാരിൽ ആദ്യ മത്സരം (രാവിലെ 6.17). കഴിഞ്ഞ ലോകചാമ്പ്യൻഷിപ്പിൽ 8:21:37 സെ. സമയത്തിൽ ഫിനിഷ് ചെയ്താണ് സാബ്ലെ ഒളിമ്പിക്സ് ടീമിൽ ഇടമുറപ്പിച്ചിരുന്നത്.മലയാളി താരം അലക്സ് ആൻറണി അണിനിരക്കുന്ന 4x400 മീ. മിക്സഡ് റിലേ ടീമിനും വെള്ളിയാഴ്ച മത്സരമുണ്ട്. അലക്സിനെ കൂടാതെ സാർതക് ഭാംബ്രിയും രേവതി വീരമണി, ശുഭ വെങ്കടേശൻ, ധനലക്ഷ്മി ശേഖർ എന്നിവരിൽ രണ്ടു പേരുമാണ് ട്രാക്കിലിറങ്ങുക. വൈകീട്ട് 4.42നാണ് മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.