'പരിക്കിനു ശേഷം ഈ തിരിച്ചുവരവ് എളുപ്പമായിരുന്നില്ല'; മനസ്സ് തുറന്ന് നീരജ്
text_fieldsന്യൂഡൽഹി: അഭിനവ് ബിന്ദ്രയെ നേരിൽ കാണുമ്പോൾ എന്താവും നീരജ് ചോപ്ര ആദ്യം പറയുക...? 'ഇന്ത്യയിലെ എല്ലാ കായികതാരങ്ങൾക്കും ഏറ്റവും വലിയ പ്രചോദനമായതിന് ഒരായിരം നന്ദി..' എന്നാവും. ഒളിമ്പിക്സിൽ സ്വർണമണിഞ്ഞ ആദ്യ ഇന്ത്യൻ അത്ലറ്റായി രാജ്യം മുഴുവൻ നിറഞ്ഞുനിൽക്കുമ്പോൾ നീരജ് ചോപ്ര ഇന്ത്യക്കായി ആദ്യ വ്യക്തിഗത സ്വർണമണിഞ്ഞ അഭിനവ് ബിന്ദ്രയെക്കുറിച്ച് പറയുന്ന വാക്കുകളാണിത്.
'ഇന്ത്യക്കാരനും ലോകത്തിലെ മികച്ച കായികതാരമാകാമെന്ന് തെളിയിച്ചത് അദ്ദേഹമാണ്. കഠിനാധ്വാനവും സമർപ്പണവുമുണ്ടെങ്കിൽ എന്തും സാധ്യമാകുമെന്ന് സ്വന്തം ജീവിതംകൊണ്ട് തെളിയിച്ചയാളാണ് അദ്ദേഹം' - ടൈംസ് ഒഫ് ഇന്ത്യക്ക് അനുവദിച്ച അഭിമുഖത്തിലാണ് നീരജ് മനസ്സ് തുറന്നത്. അഭിമുഖത്തിെൻറ പ്രസക്ത ഭാഗങ്ങൾ
ഫൈനലിലെ ആദ്യ ഏറിൽ തന്നെ താങ്കൾ മെഡൽ ഉറപ്പിച്ചിരുന്നോ..?
ഓരോ മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുക്കണമെന്നു മാത്രമേ ആലോചിക്കാറുള്ളൂ. ബാക്കിയൊക്കെ സംഭവിക്കുന്നതുപോലെ. അവസാനത്തെ ഏറുവരെ വിധിനിർണയിക്കാവുന്ന മത്സരമാണ് ജാവലിൻ ത്രോ. ആദ്യ ഏറ് കഴിഞ്ഞപ്പോൾ തന്നെ എെൻറ ശരീരത്തിന് ലഘവത്വം അനുഭവപ്പെടുന്നതായി എനിക്ക് ബോധ്യമായി. എനിക്കത് നേടാൻ കഴിയുമെന്ന് അപ്പോൾ തോന്നിയിരുന്നു.
ടോക്യോയിലേക്കെത്താൻ താണ്ടിയ ദൂരത്തെക്കുറിച്ചും തയാറെടുപ്പുകളെക്കുറിച്ചും പറയാമോ..?
ട്രാക്കിൽ നിൽക്കുമ്പോൾ പരമാവധി നന്നായി പ്രകടനം നടത്തുക എന്നതാണ് ലക്ഷ്യം. കഴിഞ്ഞ രണ്ടുവർഷങ്ങളും എന്നെ സംബന്ധിച്ച് മോശമായിരുന്നു. പരിക്കുകാരണം 2019 ലെ സീസൺ മിക്കവാറും നഷ്ടമായി. 2020 ആയപ്പോൾ കോവിഡ് കാരണവും നഷ്ടമായി. പരിശീലനം പോലുമില്ലാത്ത രണ്ടു വർഷമാണ് കടന്നുപോയത്. പക്ഷേ, അപ്പോഴും മനസ്സിൽ ടോക്യോ തന്നെയായിരുന്നു.
ആ ലക്ഷ്യത്തിലെത്താൻ സഹായിച്ച കുറച്ചുപേരുണ്ട്. എെൻറ കോച്ച് ഡോ. ക്ലൗസ് ബാർട്ടോണിയറ്റ്സ്, ഫിസിയോ ഇഷാൻ മർവ എന്നിവർ നൽകിയ പിന്തുണ വാക്കുകൾക്കതീതമാണ്. എല്ലാ മുക്കിൽ നിന്നും എനിക്ക് പിന്തുണ ലഭിച്ചു. സ്പോർട്സ് അതോറിറ്റി (സായി)ക്കും അത്ലറ്റിക്സ് ഫെഡറേഷനും ഇന്ത്യൻ ആർമിക്കും പ്രത്യേകം നന്ദി പറയണം.
പരിക്കിനു ശേഷം ഇങ്ങനെ തിരികെ വരിക എളുപ്പമല്ല. എങ്ങനെയാണത് മറികടന്നത്?
അതത്ര എളുപ്പമായിരുന്നില്ല. രണ്ടു വർഷം മത്സരങ്ങളിലൊന്നും പങ്കെടുക്കാതിരുന്നപ്പോൾ ഞാൻ എന്നിലേക്കുതന്നെയാണ് ശ്രദ്ധിച്ചത്. കോവിഡ് എനിക്കു മാത്രമുള്ളതല്ലെന്നും ലോകമെങ്ങുമുള്ളതുമാണെന്നും ഓർക്കാൻ ശ്രമിച്ചു. ഫിറ്റ്നസ് നിലനിർത്താനും ടെക്നിക്കുകൾ മെച്ചപ്പെടുത്താനും കഠിനമായി യത്നിച്ചു. ടോക്യോയിൽ എല്ലാം ഒത്തുവന്നപ്പോൾ രാജ്യത്തിന് സ്വർണമെഡൽ നേടാനുമായി.
ലോക ഒന്നാം നമ്പർ ജൊഹാനസ് വെറ്ററിനു മുന്നിൽ നിൽക്കുമ്പോൾ കോച്ചിൽ നിന്നുള്ള നിർദേശം എന്തായിരുന്നു?
എെൻറ പ്രകടനത്തിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാനാണ് അദ്ദേഹം നിർദേശിച്ചത്. ജാവലിൻ കൈയിൽ നിന്നും റിലീസ് ചെയ്യുന്ന നിമിഷത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അദ്ദേഹം പ്രത്യേക പരിശീലനം നൽകിയിരുന്നു. വെറ്ററെക്കുറിച്ച് ഞാൻ ചിന്തിച്ചതേയില്ല.
മെഡൽ നേട്ടത്തിനുശേഷം വെറ്ററുമായി സംസാരിച്ചിരുന്നോ?
വെറ്റർ ലോകനിലവാരത്തിലെ കളിക്കാരനാണ്. തുടർച്ചയായി 90 മീറ്ററിനു മുകളിൽ എറിയുന്ന കളിക്കാരനും ലോക റെക്കോഡ് തിരുത്താൻ കഴിയുന്ന താരവുമാണ്. പക്ഷേ, ടോക്യോയിൽ അദ്ദേഹത്തിെൻറ ദിനമായിരുന്നില്ല. ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്.
പാകിസ്താെൻറ അർഷാദ് നദീമുമായി എന്തെങ്കിലും സംസാരിച്ചിരുന്നോ..?
വല്ലപ്പോഴും മാത്രമെ നദീമുമായി സംസാരിച്ചിട്ടുള്ളൂ. ഏഷ്യൻ രാജ്യങ്ങളിൽ ജാവലിൻ താരങ്ങൾ ഉണ്ടാകുന്നത് ഏറെ സന്തോഷമാണ്. നദീമിെൻറ പ്രകടനം കൂടുതൽ ജാവലിൻ താരങ്ങൾ പാകിസ്താനിലുണ്ടാകാൻ പ്രചോദനമാകും.
ഉയർന്നു, റാങ്ക്
ഒളിമ്പിക്സിലെ സുവർണ നേട്ടത്തോടെ നീരജ് ചോപ്രയുടെ റാങ്കും ഉയർന്നു. ജാവലിൻ ത്രോയിൽ ഒളിമ്പിക്സിനു മുമ്പ് 16ാം റാങ്കുകാരനായിരുന്ന നീരജ് രണ്ടാം റാങ്കിലേക്കാണ് ഉയർന്നത്. 1315 പോയൻറാണ് നീരജിന്. ജർമനിയുടെ ജൊഹാനസ് വെറ്റർ 1396 പോയൻറുമായി ഒന്നാം റാങ്കിൽതന്നെ തുടരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.