മെഡൽ നേട്ടത്തിന് പിന്നാലെ പിസ കഴിക്കണമെന്ന് ചാനു; ആജീവനാന്തം ഫ്രീയായി നൽകാമെന്ന് കമ്പനി
text_fieldsന്യൂഡൽഹി: വനിതകളുടെ 49 കിലോഗ്രാം ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ സ്വന്തമാക്കി മീരഭായി ചാനു രാജ്യത്തിന്‍റെ അഭിമാനമായി മാറിയിരുന്നു. കർണം മല്ലേശ്വരിക്ക് (സിഡ്നി 2000-വെങ്കലം) ശേഷം ഈ ഇനത്തിൽ ഒളിമ്പിക് മെഡൽ സ്വന്തമാക്കുന്ന രണ്ടാമത്തെ കായിക താരമാണ് ചാനു.
മെഡൽ സ്വന്തമാക്കിയ ശേഷം സന്തോഷം അടക്കിപ്പിടിക്കാൻ സാധിക്കാതിരുന്ന ചാനു തന്‍റെ പരിശീലകനെ ആലിംഗനം ചെയ്തു. പിന്നെ ചെറുതായി ചുവടുവെച്ച ശേഷമാണ് വിജയപീഠത്തിലേറി മെഡൽ കഴുത്തിലണിഞ്ഞത്. തന്‍റെ ഇഷ്ട വിഭവമായ 'പിസ' കഴിച്ച് വിജയം ആഘോഷിക്കുമെന്നായിരുന്നു ചാനുവിന്‍റെ ആദ്യ പ്രതികരണം.
'ഒരു പിസ കഴിച്ചിട്ടാകാം ഇനി എന്തും. എനിക്ക് പിസ വളരേ ഇഷ്ടമാണ്. എന്നാൽ ഏറെ നാളായി ഒന്ന് കഴിച്ചിട്ട്' -മെഡൽ സന്തോഷം പങ്കുവെച്ച് ചാനു എൻ.ഡി.ടി.വിയോട് പറഞ്ഞു. ഭക്ഷണ ക്രമീകരണങ്ങളുള്ളതിനാൽ പിസ പോലുള്ള വിഭവങ്ങൾ കായിക താരങ്ങളുടെ മെനുവിൽ നിന്നും ഒഴിവാക്കാറുണ്ട്.
ഇഷ്ട വിഭവം പരസ്യമാക്കിയതിന് തൊട്ടുപിന്നാലെ ആജീവനാന്തം ചാനുവിന് പിസ ഓഫർ ചെയ്തിരിക്കുകയാണ് ഡോമിനോസ് ഇന്ത്യ. 'അവർ പറഞ്ഞത് ഞങ്ങൾ കേട്ടു, പിസ കഴിക്കാൻ ചാനു ഇനി കാത്തിരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അവർക്ക് ആജീവനാന്തം ഡോമിനോസ് പിസ ഞങ്ങൾ സൗജന്യമായി നൽകും'-കമ്പനി ട്വീറ്റ് ചെയ്തു.
നേരത്തെ ഒളിമ്പിക് മെഡൽ ചാനു സ്വന്തം ജനതക്ക് സമർപ്പിച്ചിരുന്നു. പ്രാർഥനകൾക്കും ആശംസകൾക്കും മുഴുവൻ ജനതയോടും കൃതജ്ഞത രേഖപ്പെടുത്തുന്നതായി ചാനു ട്വിറ്ററിൽ കുറിച്ചു. തന്‍റെ മെഡൽ എല്ലാ ഭാരതീയർക്കും സമർപ്പിക്കുന്നതായും 22 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ സന്ദേശത്തിൽ ചാനു പറഞ്ഞു.
വനിതകളുടെ ഭാരോദ്വഹനത്തിൽ 49 കിലോ വിഭാഗത്തിലാണ് മീര രാജ്യത്തിനായി വെള്ളി മെഡലുറപ്പിച്ചത്. സ്നാച്ചിൽ മീര 87 കിലോഗ്രാം ഉയർത്തി. ചൈനയുടെ സിഹിഹു ഹൂവാണ് സ്വർണം നേടിയത്. 84, 87 കിലോഗ്രാം ഉയർത്തിയ ചാനു 89 കിലോ ഉയർത്തുന്നതിൽ പരാജയപ്പെട്ടു. അതേ സമയം 94 കിലോ ഉയർത്തിയാണ് ചൈനീസ് താരം ഒളിമ്പിക് റെക്കോഡോടെ സ്വർണം നേടിയത്. ഇന്തോനേഷ്യയുടെ കാൻഡിക് വിൻഡി ഐഷക്കാണ് വെങ്കലം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.