ഹോക്കി ടീമംഗം ശ്രീജേഷിന് ഒരുകോടി രൂപ പാരിതോഷികവുമായി ഡോ. ഷംഷീർ വയലിൽ
text_fieldsകൊച്ചി: ടോക്യോ ഒളിംപിക്സില്‍ വെങ്കലമെഡല്‍ നേടിയ ഹോക്കി ടീമിലെ മലയാളി ഗോൾകീപ്പർ അംഗം പി.ആര്‍. ശ്രീജേഷിന് മലയാളി സംരംഭകനും വി.പി.എസ് ഹെൽത്ത് കെയർ ഗ്രൂപ്പ് സ്ഥാപകനുമായ ഡോ. ഷംഷീർ വയലിൽ ഒരുകോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. അടുത്ത ദിവസം കേരളത്തിലെത്തുന്ന ശ്രീജേഷിന് കൊച്ചിയിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ വി.പി.എസ് ഹെൽത്ത്കെയർ പ്രതിനിധികൾ പാരിതോഷികം കൈമാറും.
'പ്രിയപ്പെട്ട ഇന്ത്യൻ ഹോക്കി ഗോൾകീപ്പർ പി.ആർ. ശ്രീജേഷ് മികച്ച പ്രകടനത്തിലൂടെ ലോകമെമ്പാടുമുള്ള ഇന്ത്യക്കാർക്ക് അഭിമാന മുഹൂർത്തമാണ് സമ്മാനിച്ചത്. ഒരു മലയാളിയെന്ന നിലയിൽ ഈ നേട്ടത്തിൽ എനിക്കും അഭിമാനമുണ്ട്. രാജ്യത്ത് ഹോക്കിയിലുള്ള താൽപര്യം വർധിക്കാൻ ഈ നേട്ടം ഇടയാക്കിയിട്ടുണ്ട്. ശ്രീജേഷിന്‍റെയും സഹ താരങ്ങളുടെയും പ്രകടനം നൂറുകണക്കിന് യുവതീയുവാക്കളെ തുടർന്നും പ്രചോദിപ്പിക്കുമെന്നുറപ്പാണ്' - ഡോ. ഷംഷീർ പറഞ്ഞു.
ഇത്രയും വലിയൊരു തുക കേട്ടുമാത്രമേ പരിചയമുള്ളൂവെന്നും പാരിതോഷികമായി പ്രഖ്യാപിച്ചത് വലിയ സർപ്രൈസാണെന്നും മാധ്യമപ്രവർത്തരോട് ടോക്കിയോയിൽ നിന്ന് ശ്രീജേഷ് പ്രതികരിച്ചു. 'ഒരു മലയാളിയിൽ നിന്ന് തേടിയെത്തിയ സമ്മാനം വിലമതിക്കാനാവാത്തതാണ്. ഡോ. ഷംഷീറിന്‍റെ ഫോൺ കോൾ പ്രതീക്ഷിച്ചിരുന്നില്ല. ടീമിന്‍റെയും എന്‍റെയും പ്രകടനത്തെ അഭിനന്ദിക്കാനായി വിളിച്ചതിനും സംസാരിച്ചതിനും വളരെയധികം നന്ദി. അദ്ദേഹത്തിന്‍റെ സ്ഥാപനത്തിന്‍റെയും കുടുംബത്തിന്‍റെയും പൂർണ പിന്തുണ അറിയിച്ചിട്ടുണ്ട്. ഒരു കോടി രൂപ പാരിതോഷികമായി പ്രഖ്യാപിച്ചത് വലിയ സർപ്രൈസാണ്. കാരണം ഇത്രയും വലിയൊരു തുക കേട്ടുമാത്രമേ പരിചയമുള്ളൂ. അത് പാരിതോഷികമായി നൽകുന്നുവെന്നറിയുന്നതിൽ വളരെയധികം സന്തോഷമുണ്ട്' - ശ്രീജേഷ് പറഞ്ഞു.
ടോക്കിയോയിൽ നിന്നും ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുൻപ് ശ്രീജേഷിനെ ദുബായിൽനിന്ന് ഫോണിൽ ബന്ധപ്പെട്ടാണ് ഡോ. ഷംഷീർ സർപ്രൈസ് സമ്മാനം പ്രഖ്യാപിച്ചത്. നാലു പതിറ്റാണ്ടു പിന്നിട്ട കാത്തിരിപ്പിന് വിരാമമിട്ടാണ് ഹോക്കിയിൽ ഇന്ത്യ ഒളിപിക് മെഡൽ നേടിയത്. ശ്രീജേഷിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന പാരിതോഷികമാണ് ഡോ. ഷംഷീർ പ്രഖ്യാപിച്ച ഒരു കോടി രൂപ. അതേസമയം, മികച്ച നേട്ടം കൈവരിച്ച താരത്തിന് സംസ്ഥാന സർക്കാർ അര്‍ഹിക്കുന്ന പുരസ്കാരം പ്രഖ്യാപിക്കാത്തില്‍ പരക്കെ വിമര്‍ശനമുയരുന്നുണ്ട്. ഹോക്കികേരള ശ്രീജേഷിന് അഞ്ചുലക്ഷം രൂപയും ടീമന് അഞ്ചുലക്ഷം രൂപയും പ്രഖ്യപിച്ചതൊഴിച്ചാല്‍ മറ്റൊരുപുരസ്കാരവും സംസ്ഥാനം പ്രഖ്യാപിച്ചിട്ടില്ല. ജാവലിനിൽ സ്വർണം നേടിയ നീരജ് ചോപ്രയ്ക്ക് ഹരിയാന ആറുകോടിരൂപയും ക്ലാസ് വണ്‍ സര്‍ക്കാര്‍ ജോലിയും പഞ്ചാബ് രണ്ടുകോടിരൂപയും പ്രഖ്യാപിച്ചു. ഹോക്കിടീമംഗങ്ങള്‍ക്ക് ഹരിയാന സര്‍ക്കാര്‍ ഒരുകോടിരൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.