ഒരു ഒളിമ്പിക്സിൽ ഏഴ് മെഡൽ നേടുന്ന ആദ്യ വനിത നീന്തൽ താരമായി എമ്മ മക്കിയോൺ
text_fieldsടോക്യോ: നീന്തൽ കുളത്തിലൂടെ പുതു ചരിത്രമെഴുതി ആസ്ട്രേലിയയുടെ എമ്മ മക്കിയോൺ. ഒരു ഒളിമ്പിക്സിൽ ഏഴ് മെഡലുകൾ സ്വന്തമാക്കുന്ന ആദ്യ വനിത നീന്തൽ താരമായി മാറിയിരിക്കുകയാണ് എമ്മ. 50 മീറ്റർ ഫ്രീസ്റ്റൈൽ, വനിതകളുടെ 4x100 മീ. റിലേ എന്നിവയിലൂടെ സ്പ്രിന്റ് ഡബ്ൾ തികച്ചതോടെയാണ് റെക്കോഡ് നേട്ടം. 4x100 മീ. റിലേ നിലവിലെ ജേതാക്കളായ അമേരിക്കയെ പിന്തള്ളിയാണ് ആസ്ട്രേലിയ സ്വർണം നേടിയത്.
ടോക്യോയിൽ നീന്തൽ കുളത്തിൽ നിന്ന് 27കാരിയായ എമ്മ നാല് സ്വർണമാണ് മുങ്ങിയെടുത്തത്. മൂന്ന് വെങ്കലവും സ്വന്തമാക്കി. ആറ് മെഡലുകൾ നേടിയ കിഴക്കൻ ജർമനിയുടെ ക്രിസ്റ്റിന ഓട്ടോ (1952), അമേരിക്കയുടെ നഥാലി കൗഗ്ലിൻ (2008) എന്നിവരെയാണ് എമ്മ മറികടന്നത്.
നേരത്തെ നീന്തലിൽ ആറാം വ്യക്തിഗത സ്വർണമെഡലുമായി അമേരിക്കയുടെ കാറ്റി ലെഡക്കി ചരിത്രം രചിച്ചിരുന്നു. വനിതകളുടെ 800 മീറ്റർ ഫ്രീസ്റ്റൈലിൽ സ്വർണം നേടിയാണ് അവർ 10ാം ഒളിമ്പിക് മെഡൽ കഴുത്തിലണലിഞ്ഞത്.
മൈക്കൽ ഫെൽപ്സ്, മാർക് സ്പിറ്റ്സ്, മാറ്റ് ബിയോണ്ടി എന്നീ നീന്തൽ താരങ്ങളാണ് മുമ്പ് ഒരു ഒളിമ്പിക്സിൽ ഏഴ് മെഡലുകൾ സ്വന്തമാക്കിയത്. മറ്റ് കായിക ഇനങ്ങളിൽ നിന്ന് ഒരു ഒളിമ്പിക്സിൽ ഏഴ് മെഡലുകൾ സ്വന്തമാക്കിയത് റഷ്യൻ ജിംനാസ്റ്റിക്സ് താരമായ മരിയ ഗോറോഖോവ്സ്കായയാണ് (1952). ഏഥൻസ് (2004), ബെയ്ജിങ് (2008) ഒളിമ്പിക്സുകളിൽ എട്ട് മെഡലുകൾ നേടിയ ഫെൽപ്സിന്റെ പേരിലാണ് റെക്കോഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.