മാനുവൽ ഫ്രെഡറിക്സ് മുതൽ ശ്രീജേഷ് വരെ; ഹോക്കി ഇന്ത്യയുടെ മലയാളി വന്മതിലുകൾ
text_fieldsസന്ദീപ് ഗോവിന്ദ്
കണ്ണൂർ: കൃത്യമായി പറഞ്ഞാൽ 40 വർഷങ്ങൾക്കുശേഷം ഇന്ത്യൻ ഹോക്കി ടീം ഒളിമ്പിക്സിൽ മെഡൽനേട്ടമുണ്ടാക്കുേമ്പാൾ ദേശീയപതാകത്തണലിലെ മലയാളി വന്മതിലുകൾ രാജ്യത്തിന് അഭിമാനമായി മാറുകയാണ്. മാനുവൽ ഫ്രെഡറിക്സ് മുതൽ പി.ആര്. ശ്രീജേഷ് വരെ എത്തിനിൽക്കുന്ന വന്മതിൽ കഥകളിൽ നാലുപേർ മാത്രമാണ് ഇന്ത്യൻ ഹോക്കി ടീമിെൻറ ഗോൾവലയം കാത്ത മലയാളികൾ. ജോർജ് നൈനാൻ, കെ. നിയാസ് എന്നിവരാണ് മറ്റു രണ്ടുപേർ. ഇതിൽ മാനുവൽ ഫ്രെഡറിക്സിന് ശേഷം ഒളിമ്പിക്സ് മെഡൽ നേടുന്ന ആദ്യ മലയാളി താരമാണ് ശ്രീജേഷ്. രണ്ടു പേരും ഇന്ത്യൻ ടീമിെൻറ ഗോൾകീപ്പർമാരായതും യാദൃശ്ചികതയായി. 1972ൽ മ്യൂണിക് ഒളിമ്പിക്സിൽ ഗോൾപോസ്റ്റിന് മുന്നിൽനിന്ന് കൊടുമുടികയറ്റിയ ആവേശാരവം മുഴക്കിയ ഫ്രെഡറിക്സിെൻറ കരുത്തിലാണ് ഹോളണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഇന്ത്യ തകർത്ത് വെങ്കല മെഡല് നേടിയത്. ഇത്തവണ സെമിഫൈനലിൽ ബെൽജിയത്തിന് മുന്നിലാണ് ഇന്ത്യൻ ടീമിെൻറ കാലിടറിയതെങ്കിൽ 1972ൽ എതിരില്ലാത്ത രണ്ടുഗോളുകൾക്ക് പാകിസ്താനോടാണ് അടിയറവ് പറഞ്ഞത്. അന്ന് മൈതാനത്തിൽ തലതാഴ്ത്തി നടന്നുനീങ്ങിയ ഫ്രെഡറിക്സിെൻറ മുഖം ഇന്നും കാണികളുടെ ഉള്ളിലുണ്ട്.
കണ്ണൂർ പാതിരിയാട് സ്വദേശി കെ. നിയാസ്. 1999 മുതൽ രണ്ട് വർഷമാണ് ഹോക്കി ദേശീയ ടീമിൽ ഗോൾകീപ്പറായത്. 2001ൽ മലേഷ്യയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയപ്പോൾ നിയാസായിരുന്നു ഗോൾവല കാത്തത്. 1980കളിലാണ് ആലപ്പുഴ സ്വദേശി ജോർജ് നൈനാൻ ഇന്ത്യൻ ടീമിെൻറ ഗോൾകീപ്പറായത്. ഹോക്കി ഇന്ത്യയുടെ ദേശീയ കായിക വിനോദമാണെന്ന പൊതുധാരണ കേന്ദ്ര യുവജന മന്ത്രാലയം തിരുത്തിയെങ്കിലും പതിറ്റാണ്ടുകൾക്കിപ്പുറം രാജ്യം നേടിയ വിജയത്തിെൻറ ആവേശത്തിലാണ് മലയാളികളും അവരുടെ സ്വന്തം വൻമതിലുകളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.