ലോകചാമ്പ്യന്മാർക്ക് മുന്നിൽ വീണ് ഇന്ത്യ; ബെൽജിയം ഫൈനലിൽ
text_fieldsടോകിയോ: ലോക ചാമ്പ്യന്മാർക്കെതിരെ രാജോചിതമായി പൊരുതി ഇന്ത്യ വീണു. ടോകിയോ ഒളിമ്പിക്സ് പുരുഷ ഹോക്കി സെമിയിൽ ഒരു ഘട്ടത്തിൽ ലീഡ് പിടിച്ച ശേഷം അവസാന രണ്ടു ക്വാർട്ടറുകളിൽ സൂപർ താരം അലക്സാണ്ടർ ഹെൻഡ്രിക്സ് നേടിയ ഹാട്രിക് മികവിൽ 4-2ന്‍റെ തോൽവി സമ്മതിക്കുകയായിരുന്നു. ഇതോടെ, ഇന്ത്യക്ക് മെഡലുറപ്പിക്കാൻ ഇനി മൂന്നാം സ്ഥാനക്കാർക്കായുള്ള പോരാട്ടം ജയിക്കണം. ആസ്ട്രേലിയ- ജർമനി രണ്ടാം സെമിയിൽ പരാജയപ്പെട്ടവരാകും എതിരാളികൾ. ബെൽജിയത്തിന് ഇത് തുടർച്ചയായ രണ്ടാം ഒളിമ്പിക് ഹോക്കി ഫൈനലാണ്.
ധ്യാൻചന്ദും ധൻരാജും ഷാഹിദ് മുഹമ്മദും കളമൊഴിഞ്ഞ ഇന്ത്യൻ ഹോക്കിയെ വീണ്ടും രാജപീഠമേറ്റാൻ ഇറങ്ങിയ ശ്രീജേഷും സംഘവും തുടക്കം മുതൽ മനോഹര ഗെയിമുമായി വിജയം പ്രതീക്ഷിച്ചിരുന്നു. 49 വർഷത്തിനിടെ ആദ്യമായാണ് ഇന്ത്യ ഒളിമ്പിക് സെമി കാണുന്നത്. പൂൾ എയിലെ രണ്ടാം മത്സരത്തിൽ ആസ്ട്രേലിയയോട് ഒന്നിനെതിരെ ഏഴുഗോളിന്‍റെ ദയനീയ തോൽവി ഏറ്റുവാങ്ങിയ നീലക്കുപ്പായക്കാർ പിന്നീട് നടത്തിയത് സമാനതകളില്ലാത്ത കുതിപ്പ്.
മറുവശത്ത്, ടോകിയോ ഒളിമ്പിക്സിന്റെ ഗോൾവേട്ടക്കാരൻ അലക്സാണ്ടർ ഹെൻഡ്രിക്സിന്റെ കരുത്തിൽ അതിവേഗ നീക്കങ്ങളുമായി ആരെയും വീഴ്ത്താൻ കെൽപുള്ള ലോക ചാമ്പ്യന്മാരാകട്ടെ, പൊന്നിൻ തിളക്കവുമായേ മടങ്ങൂവെന്ന പ്രതിജ്ഞയിലും. ടോക്കിയോ ഒളിമ്പിക്സിൽ ഇതുവരെ തോൽവി അറിയാത്ത ടീം ക്വാർട്ടറിലെ ഇന്ത്യൻ എതിരാളിയായിരുന്ന ബ്രിട്ടനെതിരെ സമനില വഴങ്ങിയതുമാത്രമായിരുന്നു പറയാവുന്ന വീഴ്ച.
കളിയുടെ തുടക്കം മുതൽ ചടുലതയും കളിമികവും സമംചേർത്ത് ഇന്ത്യയാണ് ഒരു പണത്തൂക്കം മുന്നിൽനിന്നത്. ആദ്യ മിനിറ്റിലേ സമ്മർദവുമായി തുടങ്ങിയ ഇന്ത്യക്കായി മൻദീപ് സിങ് ഗോളിനടുത്തെത്തിയെങ്കിലും എതിർ പ്രതിരോധ മതിലിൽ തട്ടി മടങ്ങി. രണ്ടാം മിനിറ്റിൽ ലക്ഷ്യം കണ്ടത് ശരിക്കും തുടങ്ങിയത് ബെൽജിയം. പെനാൽറ്റി കോർണർ ലക്ഷ്യത്തിലെത്തിച്ച് ലോയിക് ലൂയിപാർടായിരുന്നു സ്കോറർ. ലീഡിന്‍റെ ആനുകൂല്യത്തിൽ ഇന്ത്യൻ ഗോൾമുഖത്ത് അപായമണി മുഴക്കിയ ബെൽജിയത്തെ പിടിച്ച് ഏഴാം മിനിറ്റിൽ സമനില ഗോളെത്തി. തുടർച്ചയായി ലഭിച്ച പെനാൽറ്റി കോർണറുകളിൽ രണ്ടാമത്തേത് ഗോളാക്കി ഹർമൻപ്രീത് സിങ്ങായിരുന്നു ഇന്ത്യയെ ഒപ്പമെത്തിച്ചത്. തൊട്ടടുത്ത മിനിറ്റിൽ ഇന്ത്യ ലീഡും പിടിച്ചു. വലതറ്റത്തുനിന്ന് അമിത് റോഹിദാസ് നീട്ടിനൽകിയ പാസ് സ്വീകരിച്ച മൻദീപ് സിങ് പന്ത് നിയന്ത്രണത്തിലാക്കി അതിവേഗം പോസ്റ്റ് ലക്ഷ്യമാക്കി പായിക്കുകയായിരുന്നു. ആദ്യ 10 മിനിറ്റിൽ രണ്ടു ഗോൾ വീണതോടെ പരുങ്ങിയ ബെൽജിയം പോസ്റ്റിൽ വീണ്ടും ഗോളടിക്കാൻ അവസരമായി പെനാൽറ്റി ലഭിച്ചെങ്കിലും രൂപീന്ദർ പാൽ സിങ് എടുത്ത ഷോട്ട് ഗോളി വിൻസെന്‍റ് വാനാഷ് തടുത്തിട്ടു.
കളിയുടെ രണ്ടാം ക്വാർട്ടറിൽ ബെൽജിയം സമനില പിടിച്ചു. തുടർച്ചയായ മൂന്നു പെനാൽറ്റിക്കുശേഷം വീണ്ടും ലഭിച്ചത് അടുഅലക്സാണ്ടർ ഹെൻഡ്രിക്സ് ഗോളാക്കി മാറ്റുകയായിരുന്നു. ഇതോടെ ഇരു ടീമും പ്രതിരോധത്തിലേക്ക് വലിഞ്ഞത് കളി മന്ദതയിലാക്കി. മൂന്നാം ക്വാർട്ടറിൽ ഇരുവശത്തും കാര്യമായ അവസരങ്ങളും പിറന്നില്ല. അവസാന പാദത്തിലേക്കു കടന്നതോടെ മുറുകിയ കളിയിൽ കളംനിറഞ്ഞത് ലോക ചാമ്പ്യന്മാർ. മൂന്നു തുടർ പെനാൽറ്റികളിൽ അവസാനത്തേത് ഗോളാക്കി മാറ്റി ഹെൻഡ്രിക്സ് ബെൽജിയത്തിന് ലീഡ് നൽകി. സ്കോർ 3-2. അതുകഴിഞ്ഞ് വീണ്ടും ലഭിച്ച മൂന്നു പെനാൽറ്റികളിൽ അവസാനത്തേത് ഹെൻഡ്രിക്സ് തന്നെ ലക്ഷ്യത്തിലെത്തിച്ചതോടെ സ്കോർ പിന്നെയും ഉയർന്നു. പെനാൽറ്റി പ്രതിരോധിക്കുന്നതിലെ മഹാവീഴ്ചകളാണ് ചരിത്ര നേട്ടത്തിനരികിൽനിന്ന ടീമിനെ മഹാതോൽവിയിലേക്ക് തള്ളിയിട്ടത്. അവസാന വിസിൽ മുഴങ്ങുന്നതിന് നിമിഷങ്ങൾ മുമ്പ് ജോൺ ഡോമെനാണ് ബെൽജിയം പട്ടിക തികച്ചത്.
ആദ്യ കളിയിൽ ന്യൂസിലൻഡിനെ വീഴ്ത്തി ടോകിയോ ഒളിമ്പിക്സിൽ അരങ്ങേറിയ ഇന്ത്യ ജർമനി, സ്പെയിൻ, അർജന്‍റീന, ജപ്പാൻ എന്നീ കരുത്തരെ വീഴ്ത്തിയാണ് ക്വാർട്ടർ കടന്നത്. അവസാന എട്ടിൽ ബ്രിട്ടനെയും അവർ തുരത്തി. അതേ മികവ് പക്ഷേ, ബെൽജിയത്തിനെതിരെ പുറത്തെടുക്കാനാകാതെ വന്നത് വിനയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.