മെഡൽവേട്ടയിൽ റെക്കോഡ്; ടോക്കിയോയിൽ ഇന്ത്യൻ ഒളിമ്പിക്സ് വീരഗാഥ
text_fieldsടോകിയോ: 13 വർഷത്തിനിടെ ആദ്യമായി അത്ലറ്റിക്സ് സ്വർണം മാറോടുചേർത്ത് നീരജ് ചോപ്രയെന്ന ഒളിമ്പിക് കന്നിക്കാരൻ ചരിത്രമെഴുതിയ ടോകിയോയിൽ ഇന്ത്യ കുറിച്ചത് സ്വപ്നങ്ങളിൽ മാത്രമുള്ള മഹാനേട്ടം. ഒളിമ്പിക്സിലെ ഗ്ലാമർ വേദിയായ അത്ലറ്റിക്സിൽ ദീർഘകാലത്തെ കാത്തിരിപ്പ് സഫലമായതിനൊപ്പം ഏറ്റവും കൂടുതൽ മെഡലുകെളന്ന സന്തോഷവും കൂടി നൽകിയാണ് ഇന്ന് ലോകകായിക മാമാങ്കത്തിന് തിരശ്ശീല വീഴുന്നത്. ഒരു സ്വർണം, രണ്ടു വെള്ളി, നാലു വെങ്കലം എന്നിങ്ങനെ ഏഴു െമഡലുകളിലാണ് ഇതുവരെ രാജ്യം മുത്തമിട്ടത്.
ഹോക്കിയിൽ പുരുഷ, വനിത ടീമുകൾ സെമി കടന്ന ആദ്യ ഒളിമ്പിക്സായിരുന്നു ഇത്തവണ. പുരുഷൻമാർ വെങ്കലവുമായി മടങ്ങിയപ്പോൾ മലയാളിയായ ശ്രീജേഷ് താരരാജാവായി. വനിതകൾ െമഡലില്ലാതെ വീണെങ്കിലും രാജ്യത്തിന്‍റെ മാത്രമല്ല, ലോകം മുഴുക്കെ ഹൃദയം കീഴടക്കി. ബാഡ്മിന്റണിൽ അതിവേഗം ബഹുദൂരം മുന്നേറിയ പി.വി സിന്ധു സെമിയിൽ തായ്വാന്റെ ലോക ഒന്നാം നമ്പർ താരം തായ് സു യിങ്ങിനു മുമ്പിൽ അടിയറവു പറഞ്ഞ് ഫൈനലിനരികെ വീണെങ്കിലും ലൂസേഴ്സ് ഫൈനലിൽ അനായാസ വിജയവുമായി വെങ്കലം മാറോടുചേർത്തു.
ജാവ്ലിൻ ത്രോയിൽ വലിയ ആരവങ്ങളില്ലാതെ എത്തി ആദ്യ ഏറിൽ ഫൈനലുറപ്പിക്കുകയും അവിടെയും കൂടുതൽ ശ്രമങ്ങൾ വേണ്ടാതെ ഒന്നാമതെത്തുകയും ചെയ്ത നീരജ് ചോപ്രയാണ് അക്ഷരാർഥത്തിൽ രാജ്യത്തിന്‍റെ അഭിമാനം ആകാശത്തോളമുയർത്തിയത്. 1900ലായിരുന്നു ഒളിമ്പിക്സിൽ ഇന്ത്യ മുമ്പ് മെഡൽ നേടിയത്. ബ്രിട്ടീഷ് കോളനി കുടുംബാംഗമായ നോർമൻ പ്രിറ്റ്ചാർഡ് അന്ന് രണ്ട് വെള്ളിമെഡലുകൾ സ്വന്തമാക്കിയ ശേഷം ഇന്ത്യൻ നേട്ടങ്ങളേറെയും ഹോക്കി സ്വർണങ്ങളിലൊതുങ്ങി. പിന്നീട് വ്യക്തിഗത സ്വർണം പിറക്കുന്നത് 2012ൽ ഷൂട്ടിങ് താരം അഭിനവ് ബിന്ദ്രയിലൂടെ.
ഇന്ത്യൻ സേനയിൽ രജ്പുത്താന റൈഫിൾസ് ജൂനിയർ ഓഫീസറായ നീരജ് ചോപ്ര 2016ൽ ലോക ജൂനിയർ ചാമ്പ്യനായാണ് കായിക ലോകത്ത് സാന്നിധ്യമറിയിച്ചിരുന്നത്. രണ്ടു വർഷം കഴിഞ്ഞ് ഏഷ്യൻ ഗെയിംസിലും താരത്തിളക്കവുമായി ചോപ്ര സ്വർണം നേടി. അതാണിപ്പോൾ ടോകിയോയിൽ ഒളിമ്പിക് സ്വർണ നേട്ടമായത്. ചെക് താരങ്ങളായിരുന്നു കാര്യമായ എതിരാളികളെങ്കിലും അവർ ഒരു ഘട്ടത്തിലും നീരജിന് വെല്ലുവിളി ഉയർത്തിയില്ല.
പോയിന്‍റ് പട്ടികയിൽ പിറകിലുള്ള ഇന്ത്യക്കായി മീര ഭായി ചാനുവാണ് ടോകിയോയിലെ ആദ്യ ദിനം തന്നെ മെഡൽ അക്കൗണ്ട് തുറന്നത്. 49 കിലോ വിഭാഗം ഭാരോദ്വഹനത്തിലായിരുന്നു അവർക്ക് വെള്ളി. ഗുസ്തിയിൽ രവി കുമാർ ദാഹിയയും െവള്ളി നേടി. അസമുകാരിയായ ലവ്ലിന ബോർഗോഹയ്ൻ, പുരുഷ വിഭാഗം 65 കിലോ ഫ്രീസ്റ്റൈലിൽ ബജ്രങ് പൂനിയ എന്നിവർ വെങ്കലവും സ്വന്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.