ഒളിമ്പിക്സ് ട്രാക്കിൽ ഇന്ത്യക്ക് നിരാശ മാത്രം; ആദ്യ ദിനത്തിൽ മത്സരിച്ചവരെല്ലാം പുറത്തായി
text_fieldsടോക്യോ: ട്രാക്കിൽ ഇന്ത്യക്ക് നിരാശ മാത്രം. ഒളിമ്പിക്സിൽ അത്ലറ്റിക്സിെൻറ ആദ്യ ദിനം ട്രാക്കിലിറങ്ങിയ ഇന്ത്യൻ താരങ്ങളെല്ലാം പുറത്തായി. 3000 മീ. സ്റ്റീപ്ൾചേസിൽ സ്വന്തം പേരിലുള്ള ദേശീയ റെക്കോഡ് ഭേദിച്ച അവിനാശ് സാബ്ലെയും സീസണിലെ തങ്ങളുടെ മികച്ച സമയം കണ്ടെത്തിയ 4x400 മീ. മിക്സഡ് റിലേ ടീമും മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. എങ്കിലും ഫൈനലിലേക്ക് യോഗ്യത നേടാനായില്ല. 100 മീറ്ററിൽ ദ്യുതി ചന്ദും 400 മീ. ഹർഡ്ൽസിൽ മലയാളി അത്ലറ്റ് എം.പി. ജാബിറും നിരാശജനകമായ പ്രകടനമാണ് പുറത്തെടുത്തത്.
ടോക്യോ ഒളിമ്പിക് സ്റ്റേഡിയത്തിൽ അഞ്ചാം ഹീറ്റ്സിൽ ഒളിമ്പിക്സിൽ അരങ്ങേറ്റം കുറിച്ച മലപ്പുറത്തുകാരൻ ജാബിർ 50.77 സെക്കൻഡിൽ അവസാനമായാണ് ഫിനിഷ് ചെയ്തത്. 36 പേരിൽ 33ാമതായിരുന്നു ജാബിറിെൻറ സ്ഥാനം. തെൻറ മികച്ച സമയമായ 49.13 സെക്കൻഡിെൻറ അടുത്തെങ്ങുമെത്താൻ 25കാരനായില്ല. അഞ്ചു ഹീറ്റ്സുകളിലെയും ആദ്യ നാലു സ്ഥാനക്കാരും അടുത്ത നാലു മികച്ച സമയമുള്ളവരുമാണ് സെമിഫൈനലിലേക്ക് മുന്നേറുക.
4x400 മീ. മിക്സഡ് റിലേ ടീം 3:19.93 സെക്കൻഡിൽ ഫിനിഷ് ചെയ്തെങ്കിലും രണ്ടാം ഹീറ്റ്സിൽ അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. മത്സരിച്ച 13 ടീമുകളിൽ ഏറ്റവും അവസാനവും. മലയാളിതാരം വൈ. മുഹമ്മദ് അനസ്, രേവതി വീരമണി, ശുഭ വെങ്കടേഷൻ, ആരോക്യ രാജീവ് എന്നിവരാണ് ഇന്ത്യക്കായി ബാറ്റണേന്തിയത്.100 മീറ്ററിൽ 11.54 സെക്കൻഡിൽ അഞ്ചാം ഹീറ്റ്സിൽ ഏഴാമതായി ഫിനിഷ് ചെയ്ത ദ്യുതി 54 പേരിൽ 45ാമതായിരുന്നു. തെൻറ പേരിലുള്ള ദേശീയ റെക്കോഡായ 11.17 സെക്കൻഡിന് ഏറെ പിറകിലായി ദയനീയ പ്രകടനമായിരുന്നു 25കാരിയുടേത്.
3000 മീ. സ്റ്റീപ്ൾചേസിൽ 8:18.12 സെക്കൻഡിൽ സ്വന്തം ദേശീയ റെക്കോഡ് (8:20.20) തിരുത്തിയ സാബ്ലെക്ക് നിർഭാഗ്യംകൊണ്ടാണ് ഫൈനൽ നഷ്ടമായത്. രണ്ടാം ഹീറ്റ്സിൽ ഏഴാമതായാണ് സാബ്ലെ ഫിനിഷ് ചെയ്തത്. മൂന്നു ഹീറ്റ്സിലെയും ആദ്യ മൂന്നു സ്ഥാനക്കാരും അടുത്ത ആറു മികച്ച സമയമുള്ളവരുമാണ് ഫൈനലിലേക്ക് മുന്നേറുക. മൂന്നാം ഹീറ്റ്സിലെ ആദ്യ മൂന്നു സ്ഥാനക്കാരും സാബ്ലെയെക്കാൾ മോശം സമയത്തിലാണ് ഫിനിഷ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.