ഷൂട്ടിങ്ങിൽ വീണ്ടും നിരാശ; മനു ഭാകറിന്‍റെ പിസ്റ്റൾ തകരാറിലായി, ഫൈനൽ യോഗ്യതയില്ല
text_fieldsടോക്യോ: ഷൂട്ടിങ്ങിലെ ഇന്ത്യൻ മെഡൽ പ്രതീക്ഷകൾക്ക് വീണ്ടും തിരിച്ചടി. ടോക്യോ ഒളിമ്പിക്സിൽ വനിതകളുടെ 10 മീറ്റർ എയർപിസ്റ്റളിൽ ഇന്ത്യയുടെ മനു ഭാകറിനും യശസ്വിനി ദേസ്വാളിനും ഫൈനൽ യോഗ്യത നേടാനായില്ല.
യോഗ്യത റൗണ്ടിന്‍റെ രണ്ടാം സീരീസിനിടെയിൽ മനു ഭാകറിന്‍റെ പിസ്റ്റൾ തകരാറിലായതാണ് പ്രശ്നമായത്. മനു ഭാകറിന്‍റെ പിസ്റ്റളിന്‍റെ ഇലക്ട്രോണിക് കാഞ്ചിക്കാണ് തകരാർ സംഭവിച്ചത്. കോച്ചിന്‍റെയും ജൂറി അംഗങ്ങളുടെയും സാന്നിധ്യത്തിൽ പരിശോധന നടത്തിയ ശേഷം വേറെ പിസ്റ്റൾ ഉപയോഗിച്ചാണ് മത്സരം പൂർത്തിയാക്കിയത്. എന്നാൽ ഇതേത്തുടർന്നുണ്ടായ സമയ നഷ്ടം മൂലമുണ്ടായ സമ്മർദം മനു ഭാകറിന് തിരിച്ചടിയായി.
ലോക രണ്ടാം നമ്പർ താരമായ മനു ഭാകറിന് 575 പോയിന്‍റുമായി 12ാം സ്ഥാനത്താണ് ഫിനിഷ് ചെയ്യാനായത്. ആദ്യ എട്ടുപേർക്കാണ് ഫൈനൽ യോഗ്യത. ലോകത്തിലെ ഏറ്റവും ഉയർന്ന റാങ്കിലുള്ള പിസ്റ്റൾ ഷൂട്ടറായ യശസ്വിനിക്ക് 574 പോയിന്‍റുമായി 13ാം സ്ഥാനം െകാണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
ടോക്യോയിൽ ഇന്ത്യക്ക് ഏറ്റവും കൂടുതൽ മെഡൽ പ്രതീക്ഷയുള്ള ഇനമായിരുന്നു ഷൂട്ടിങ്. എന്നാൽ ഒറ്റ മെഡൽപോലും ഷൂട്ടിങ്ങിൽ ഇതുവരെ നേടാനായിട്ടില്ല. ഒരു ഫൈനലിസ്റ്റ് മാത്രമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.