അത്ലറ്റുകൾക്കായി ഇന്ത്യയിലെ അധികാരികൾ ഒന്നും ചെയ്യുന്നില്ല, ഇങ്ങനെയല്ല വേണ്ടത്; നീരജിന്‍റെ കോച്ച് ഒളിമ്പിക്സിന് മുമ്പ് പറഞ്ഞതിങ്ങനെ
text_fieldsടോക്യോ: ഒളിമ്പിക്സിൽ ഐതിഹാസിക സ്വർണനേട്ടവുമായി നീരജ് ചോപ്ര രാജ്യത്തിന് അഭിമാനമായിരിക്കേ താരത്തിന്‍റെ കോച്ച് ഊവെ ഹോൺ ഒളിമ്പിക്സിന് മുമ്പ് പറഞ്ഞ വാക്കുൾ വീണ്ടും ശ്രദ്ധയാകർഷിക്കുന്നു. നീരജ് ചോപ്ര സ്വർണം നേടിയതിന് പിന്നാലെ കേന്ദ്ര സർക്കാറിനെ പുകഴ്ത്തി നിരവധി കാമ്പയിനുകൾ സമൂഹമാധ്യമങ്ങളിൽ പറന്നുനടന്നിരുന്നു.ഇതിന് മറുപടിയായാണ് കോച്ച് ഹോണിന്‍റെ മുൻ പ്രസ്താവന പലരും ഷെയർ ചെയ്തത്.
ജൂൺ 16ന് ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ജർമൻകാരനായ ഹോൺ പറഞ്ഞിതങ്ങനെ: ''സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയും (സായ്), അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയും (എ.എഫ്.ഐ) മഹാമേഹളക്ക് ഒരുങ്ങാൻ വേണ്ടത് നൽകിയിട്ടില്ല. നീരജിന് യൂറോപ്പിൽ പരിശീലിക്കാൻ അവസരമൊരുക്കിയത് സ്വകാര്യ കമ്പനിയായ ജെ.എസ്.ഡബ്ല്യൂ സ്പോർട്സ് ആണ്. പാട്യാലയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിലെ സൗകര്യങ്ങൾ അപര്യാപ്തമാണ്. കടുത്ത ചൂടുകാരണം വൈകീട്ട് ആറുമണിക്ക് ശേഷം മാത്രമേ അവിടെ പരിശീലിക്കാൻ പറ്റൂ. നീരജ് യൂറോപ്പിലേക്ക് പരിശീലിക്കാൻ പോയതിൽ സായിക്കും എ.എഫ്.ഐക്കും ഒരു പങ്കുമില്ല. താരങ്ങളെ ക്യാമ്പിനും മത്സരങ്ങൾക്കും ഒരുക്കുന്നതിന് വേണ്ടത് അവർ ചെയ്യുന്നില്ല. താരങ്ങൾക്ക് വേണ്ട ന്യൂട്രീഷ്യൻ ലഭ്യമാകില്ല. താനടക്കമുള്ളവരെ ബാക്കി ശമ്പളം നൽകില്ലെന്ന് ബ്ലാക്മെയിൽ ചെയ്താണ് കരാർ പുതുക്കിയത്. ശമ്പളം വർധിപ്പിക്കാമെന്നത് വാഗ്ദാനം മാത്രമായി. ഇന്ത്യൻ അത്ലറ്റുകളെ സഹായിക്കണമെന്ന് കരുതുന്ന കോച്ചുമാരോട് ചെയ്യേണ്ടത് ഇങ്ങനെയല്ല''.
നീരജിന്‍റെ കോച്ചായ ഹോൺ ചില്ലറക്കാരനല്ല. ലോകത്ത് 100 മീറ്റര്‍ ദൂരം കണ്ടെത്തിയ ഏക ജാവലിന്‍ ത്രോ താരം എന്ന ഹോണിന്‍റെ അപൂര്‍വ റെക്കോഡ് ഇനിയും തിരുത്തപ്പെട്ടിട്ടില്ല. 1984 ജൂലൈ 20ന് ബെർലിനിൽ (Olympic Day of Athletics competition) വെച്ചായിരുന്നു ഹോണ്‍ ഈ റെക്കോഡ് നേട്ടം സ്വന്തമാക്കിയത്. 1983ൽ യു.എസിന്‍റെ ടോം പെട്രനോഫ് സ്ഥാപിച്ച 99.72 മീറ്ററിന്‍റെ റെക്കോർഡ് ആണ് അന്ന് 104.8 മീറ്റർ എറിഞ്ഞ് ഹോൺ തകർത്തത്. എന്നാല്‍, രണ്ട് വര്‍ഷം മാത്രമേ ആ റെക്കോഡ് നിലനിന്നുള്ളൂ. 1986ല്‍ ജാവലിന്‍റെ രൂപഘടനയിലും ഭാരത്തിലുമെല്ലാം മാറ്റം വരുത്തിയതോടെ ജാവലിൻ ത്രോയിലെ അതുവരെയുള്ള റെക്കോഡുകളെല്ലാം തിരുത്തി മത്സരം പുതുതായി തന്നെ ആരംഭിച്ചതോടെയാണ് ഹോണിന്‍റെ നേട്ടം റെക്കോഡ് പുസ്തകത്തിന് പുറത്തായത്. 1986ന് ശേഷമുള്ള റെക്കോഡുകൾ മാത്രമാണ് നിലവിൽ ഔദ്യോഗികമായി പരിഗണിക്കുന്നത്. 1992 മുതൽ തുടർച്ചയായ മൂന്ന് ഒളിമ്പിക്സുകളിൽ ജാവലിനിൽ സ്വർണ മെഡൽ നേടിയിട്ടുള്ള ചെക്ക് താരം ജാൻ സെലെസ്നി 1996ൽ സ്ഥാപിച്ച 98.48 മീറ്ററിന്‍റെ റെക്കോഡാണ് ഇന്നും ഈ ഇനത്തിൽ നിലനിൽക്കുന്നത്.
1986നുശേഷം നടന്ന ഐ.എ.എഫ് ലോകകപ്പിലും യൂറോപ്യന്‍ കപ്പിലും സ്വര്‍ണം നേടിയ ശേഷമാണ് ഹോൺ തന്‍റെ കരിയർ അവസാനിപ്പിക്കുന്നത്. പിന്നീട് 1999ൽ അദ്ദേഹം പരിശീലകനായി. ചൈനീസ് ദേശീയ ചാമ്പ്യന്‍ ഷാവോ ക്വിന്‍ഗാങിന്‍റെ കോച്ചായിരുന്നു അദ്ദേഹം. പിന്നീടാണ് ഹോണ്‍ നീരജ് ചോപ്രയുടെ പരിശീലന ചുമതല ഏറ്റെടുക്കുന്നത്്. നീരജ് ചോപ്രയുടെ സുവർണ നേട്ടത്തിന് പിന്നിൽ ഊവെ ഹോണിന്‍റെ കഠിനാധ്വാനവും പ്രയത്‌നവുമുണ്ട്. പാട്യാലയിലെ ചുട്ടുപൊള്ളുന്ന കാലാവസ്ഥയിലും യൂറോപ്പിലെ തണുപ്പിലും അദ്ദേഹം കൃത്യമായി നീരജിനെ പരിശീലിപ്പിച്ചു. ഇങ്ങനെ ഏത് കാലാവസ്ഥയിലും ജേതാവായി മാറാനുള്ള കരുത്ത് ചോപ്രയ്ക്ക് പകര്‍ന്നു നല്‍കിയാണ് ഹോൺ ശിഷ്യനെയും കൊണ്ട് ടോക്യോക്ക് പറന്നത്. അത് ലക്ഷ്യത്തിലെത്തിയതിന്‍റെ സന്തോഷാശ്രുക്കളോടെയാണ് നീരജ് ചോപ്ര സ്വർണ മെഡലിൽ മുത്തമിടുന്ന കാഴ്ച ഹോൺ കണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.