ഗോൾഡൻ സ്ലാം സ്വപ്നം പൊലിഞ്ഞ് ദ്യോകോവിച്; സെമിയിൽ അലക്സാണ്ടർ സ്വരേവിനോട് തോറ്റു
text_fieldsടോക്യോ: ടെന്നിസ് കോർട്ടിൽ ടോക്യോ ഒളിമ്പിക്സിലെ ഏറ്റവും വലിയ അട്ടിമറി. ടെന്നിസിലെ അത്യപൂർവ നേട്ടമായ ഗോൾഡൻ സ്ലാമിെൻറ വക്കിൽനിന്നും ലോക ഒന്നാം നമ്പർ താരം സെർബിയയുടെ നൊവാക് ദ്യോകോവിച് പുറത്തായി. അഞ്ചാം റാങ്കുകാരൻ ജർമനിയുടെ അലക്സാണ്ടർ സ്വരേവിനോട് 1-6, 6-3, 1-6 നായിരുന്നു ദ്യോകോവിച് അടിയറ പറഞ്ഞത്.
പല പല കാരണങ്ങളും നിരത്തി പ്രമുഖ താരങ്ങൾ ഒളിമ്പിക്സിൽ നിന്നും മാറിനിൽക്കുന്ന ശീലം തെറ്റിച്ചായിരുന്നു ഇക്കുറി ദ്യോകോ ടോക്യോയിലേക്ക് വന്നത്. വെറുതെയായിരുന്നില്ല ആ വരവ്. തികച്ചും രാജകീയം. ആസ്ട്രേലിയൻ ഒാപ്പണും ഫ്രഞ്ച് ഒാപ്പണും വിംബ്ൾഡണും സ്വന്തമാക്കിയുള്ള വരവായിരുന്നു. ഒളിമ്പിക്സും ജയിച്ച് വരാനിരിക്കുന്ന യു.എസ് ഒാപ്പണും കൂടി സ്വന്തമാക്കിയാൽ ടെന്നിസിലെ അപൂർവതയായ ഗോൾഡൻ സ്ലാം സ്വന്തമാക്കാൻ കിട്ടുന്ന അസുലഭ സന്ദർഭം. ചിലപ്പോൾ കരിയറിൽ ഇനിയൊരിക്കലും നടക്കാൻ സാധ്യതയില്ലാത്ത നേട്ടം. ഇതിനു മുമ്പ് ജർമനിയുടെ സ്റ്റെഫി ഗ്രാഫിനു മാത്രം കൈവന്ന ആ നേട്ടത്തിെൻറ വക്കിലായിരുന്നു ദ്യോകോ. പക്ഷേ, അലക്സാണ്ടർ സ്വരേവിൽ തട്ടി സെർബിയക്കാരെൻറ ആ മോഹം ഒളിമ്പിക്സ് കോർട്ടിൽ എരിഞ്ഞടങ്ങി.
കഴിഞ്ഞ ദിവസം അമേരിക്കയുടെ ജിംനാസ്റ്റിക്സ് താരം സിമോൺ ബെയ്ൽസ് മാനസിക പിരിമുറുക്കം താങ്ങാനാവാതെ മത്സരത്തിൽ നിന്ന് പിന്മാറിയപ്പോൾ 'സമ്മർദം രസമല്ലേ..' എന്നായിരുന്നു ദ്യോകോവിച്ചിെൻറ മറുപടി.
കളിക്കളത്തിലെ പിരിമുറുക്കം അതിെൻറ പാരമ്യത്തിൽ ആസ്വദിക്കുന്ന ദ്യോകോവിച്ചിനെ സംബന്ധിച്ച് ശരിയായിരുന്നു ആ മറുപടി.
ആദ്യ സെറ്റ് 6-1ന് അനായാസം സ്വരേവ് സ്വന്തമാക്കിയപ്പോൾ അത് മറ്റൊരു ദ്യോകോ തന്ത്രമായാണ് തോന്നിയത്. കാരണം, ആദ്യ സെറ്റുകൾ വിട്ടുകൊടുത്തശേഷം തിരിച്ചടിച്ച് ഗെയിം സ്വന്തമാക്കുന്ന രീതിയായിരുന്നു സമീപകാല മത്സരങ്ങളിലെല്ലാം ദ്യോകോ കാഴ്ചവെച്ചത്. 6-3ന് രണ്ടാം സെറ്റ് പിടിച്ചെടുത്തപ്പോൾ ദ്യോകോ എക്സ്പ്രസ് പാളത്തിൽ കയറിയെന്നു തോന്നിയതുമാണ്. പക്ഷേ, ആദ്യ സെറ്റുപോലെ 6-1ന് സ്വരേവ് ദ്യോകോെയ നിഷ്പ്രഭമാക്കി ഫൈനലിലേക്ക് മാർച്ച് ചെയ്തു.
ഒരുപക്ഷേ, അഞ്ച് സെറ്റ് മത്സരമായിരുന്നെങ്കിൽ ദ്യോകോ മാജിക്കിലൂടെ ഗെയിം പിടിച്ചടക്കിയേനെ എന്നു വിശ്വസിക്കാനാണ് താരത്തിെൻറ ആരാധകർക്ക് ഇഷ്ടം. രണ്ടര മാസം മുമ്പ് ഇറ്റാലിയൻ ഒാപ്പണിൽ റാഫേൽ നദാലിനോട് തോറ്റ ശേഷം ആദ്യമായണ് ദ്യോകോവിച്ച് തോൽവിയറിയുന്നത്. രണ്ടാമത്തെ സെമി ഫൈനലിൽ സ്പെയിനിെൻറ പാബ്ലോ കരീനോ ബുസ്തയെ 6-3, 6-3 ന് തോൽപിച്ച 25ാം റാങ്കുകാരൻ റഷ്യയുടെ കാരെൻ ഖാചനോവാണ് ഫൈനലിൽ സ്വരേവിെൻറ എതിരാളി. സെമിയിൽ തോറ്റെങ്കിലും വെങ്കലമെഡലിനായി ദ്യോകോവിച് 11ാം റാങ്കുകാരൻ പാബ്ലോ കരീനോ ബുസ്തയെ നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.