ഒളിമ്പിക്സ് ഫുട്ബാൾ; ഈജിപ്തിനെ വീഴ്ത്തി അർജന്‍റീനക്ക് ആദ്യ ജയം, പൊരുതി ജയിച്ച് ഫ്രാൻസ്
text_fieldsടോക്യോ: ആഫ്രിക്കൻ കരുത്തരായ ഈജിപ്തിനെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തി അർജന്‍റീന ഒളിമ്പിക്സ് പ്രതീക്ഷകൾ നിലനിർത്തി. 52ാം മിനിറ്റിൽ ഫെക്കുണ്ടോ മെദിന നേടിയ ഗോളാണ് അർജന്‍റീനയെ വിജയത്തിലെത്തിച്ചത്. ഇരുടീമുകളും മത്സരത്തിൽ തുല്യനിലയിലുള്ള പ്രകടനമാണ് കാഴ്ച വെച്ചത്. ആദ്യ മത്സരത്തിൽ ആസ്ട്രേലിയയോട് പരാജയപ്പെട്ട അർജന്‍റീനക്ക് ജയം ആശ്വാസമായി. സ്പെയിനുമായാണ് അർജൻറീനയുടെ അടുത്ത മത്സരം.
അതേസമയം കടുത്ത പോരാട്ടത്തിനൊടുവിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ വെല്ലുവിളി ഫ്രാൻസ് മറികടന്നു. ഇരു ടീമുകളും കൊണ്ടും കൊടുത്തും മുന്നേറിയ മത്സരത്തിൽ പിന്നിൽ നിന്നും പൊരുതിക്കയറിയാണ് ഫ്രാൻസ് ജയം സ്വന്തമാക്കിയത്്. 86 മിനിറ്റുവരെ രണ്ടിനെതിരെ മൂന്നുഗോളുകൾക്ക് ദക്ഷിണാഫ്രിക്ക മുന്നിലായിരുന്നെങ്കിലും 86ാം മിനിറ്റിൽ പെനൽറ്റിയിലൂടെ ആന്ദ്രേ പിയേർ ഫ്രഞ്ചുപടയെ ഒപ്പമെത്തിച്ചു. 92ാം മിനിറ്റിൽ തെജി സവാനിയറുടെ ഇടം കാലൻ ഷോട്ട് ദക്ഷിണാഫ്രിക്കൻ വലകുലുക്കിയതോടെയാണ് ഫ്രഞ്ചുപട വിജയം സ്വന്തമാക്കിയത്.
വിവിധ മേഖലകളിലായി നടന്ന യോഗ്യത മത്സരങ്ങൾ വിജയിച്ചെത്തുന്ന 16 ടീമുകളാണ് ഒളിമ്പിക്സിൽ പങ്കെടുക്കുന്നത്. 23 വയസ്സിന് താഴെയുള്ള കളിക്കാരാണ് വിവിധ രാജ്യങ്ങൾക്കായി കളിക്കുന്നത്. ഇതിന് മുകളിൽ പ്രായമുള്ള 3 പേർക്കും ടീമിലിടം നേടാം. എന്നാൽ ക്ലബുകൾ ഒളിമ്പിക്സിനായി താരങ്ങളെ റിലീസ് ചെയ്യണമെന്ന് നിയമമില്ലാത്തതിനാൽ തന്നെ സൂപ്പർ താരങ്ങളിലധികവും പങ്കെടുക്കുന്നില്ല. വനിത ഫുട്ബാളിൽ ഇത്തരം നിബന്ധനകളില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.