ചരിത്രക്കുതിപ്പുമായി ഇന്ത്യ സെമിയിലെത്തുേമ്പാൾ തലയുയർത്തി ശ്രീജേഷ്
text_fieldsടോക്യോ: ബ്രിട്ടനെ ഒന്നിനെതിരെ മൂന്നുഗോളുകൾക്ക് തകർത്ത് ഇന്ത്യൻ ഹോക്കി ടീം നാലുപതിറ്റാണ്ട് നീണ്ട ഇടവേളക്കുശേഷം ഒളിമ്പിക്സ് സെമിയിൽ പ്രവേശിക്കുേമ്പാൾ തലയുയർത്തി അഭിമാനത്തോടെ എറണാകുളത്തുകാരൻ പട്ടത്ത് രവീന്ദ്രൻ ശ്രീജേഷുമുണ്ട്. മലയാളി ഗോൾ കീപ്പർ ശ്രീജേഷിെൻറ മിന്നും സേവുകളാണ് മത്സരത്തിൽ ഇന്ത്യയെ പലതവണ രക്ഷിച്ചത്. മൂന്നാം മിനിറ്റിൽ തന്നെ ബ്രിട്ടെൻറ പെനാൽറ്റി കോർണർ തടുത്തിട്ടാണ് ശ്രീജേഷ് തുടങ്ങിയത്.
ബ്രിട്ടന്‍റെ തിരിച്ചുവരാനുള്ള ശ്രമങ്ങൾക്കെല്ലാം വിലങ്ങിട്ടത് ശ്രീജേഷാണ്. അവസാന നിമിഷങ്ങളിൽ ഗോളിനായി ദാഹിച്ച ബ്രിട്ടീഷ് പടയുടെ മൂന്നു പെനാൽറ്റി കോർണറുകളാണ് തുടരെ മലയാളി താരം രക്ഷപ്പെടുത്തിയത്. ടൂർണമെന്‍റിലുടനീളം മികച്ച ഫോമിൽ കോട്ട കാത്ത മുൻ നായകന്‍റെ ഉറപ്പിൽ കൂടിയാണ് ഇന്ത്യ സെമിയിലേക്ക് മുന്നേറുന്നത്.
2018ൽ ചാമ്പ്യൻസ് ട്രോഫിയിൽ വെള്ളി മെഡൽ, ഏഷ്യൻ ഗെയിംസിൽ വെങ്കലം, 2019-ൽ ഭുവനേശ്വറിൽ നടന്ന എഫ്.ഐ.എച്ച് മെൻസ് സീരീസ് ഫൈനലിൽ സ്വർണമെഡൽ എന്നീ നേട്ടങ്ങളിൽ ശ്രീജേഷിെൻറ പ്രകടനം വിലമതിക്കാനാവാത്തതായിരുന്നു. 2015ൽ അർജുന അവാർഡ് നേടിയ ശ്രീജേഷിനെ 2017ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്
ദിൽപ്രീത് സിങ്, ഗുർജന്ത് സിങ്, ഹർദിക് സിങ് എന്നിവരാണ് ബ്രിട്ടനെതിരെ ഇന്ത്യക്കായി ഗോൾകുറിച്ചത്. എതിരാളികളുടെ ആശ്വാസ ഗോൾ സാം വാർഡ് നേടി. മെഡലുറപ്പിച്ച് ചരിത്രത്തിെൻറ ഭാഗമാവാൻ ഇനി ഇന്ത്യക്ക് വേണ്ടത് ഒരേയൊരു ജയം മാത്രം. സ്പെയിനിനെ 3-1ന് തോൽപിച്ച് മുന്നേറിയ ബെൽജിയമാണ് സെമിയിൽ ഇന്ത്യയുടെ എതിരാളികൾ. ചൊവ്വാഴ്ചയാണ് സെമിഫൈനൽ പോരാട്ടം. മറ്റൊരു സെമിയിൽ ആസ്ട്രേലിയ ജർമനിയെ നേരിടും.
1972 മ്യൂണിക് ഒളിമ്പിക്സിലാണ് അവസാനമായി ഇന്ത്യ സെമിയിലെത്തിയത്. 1980 മോസ്കോ ഒളിമ്പിക്സിൽ ഇന്ത്യ ജേതാക്കളായിരുന്നെങ്കിലും അന്ന് സെമിപോരാട്ടങ്ങളുണ്ടായിരുന്നില്ല. ഒളിമ്പിക്സ് ഹോക്കിയിൽ എട്ടു സ്വർണവും ഒരു വെള്ളിയും രണ്ടു സ്വർണവും നേടിയിട്ടുള്ള ഇന്ത്യക്ക് കഴിഞ്ഞ 41 വർഷമായി മെഡലൊന്നും നേടാനായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.