യഥാർഥ ജീവിതത്തിലെ കബീർ ഖാനോടും സംഘത്തോടും ഷാറൂഖിന് പറയാനുള്ളത് ഇതാണ്
text_fieldsന്യൂഡൽഹി: 'കുടുംബമേ ക്ഷമിക്കൂ, ഞാന്‍ പിന്നീട് വീണ്ടും വരാം' -ശക്തരായ ആസ്ട്രേലിയയയെ തോൽപിച്ച് ഇന്ത്യൻവനിത ഹോക്കി ടീം ചരിത്രത്തിൽ ആദ്യമായി ഒളിമ്പിക്സ് സെമിയിൽ കടന്ന ശേഷം കോച്ച് സ്യോർദ് മറീൻ ട്വിറ്ററിൽ കുറിച്ചതാണിത്. ക്വാർട്ടറിൽ ഗുർജിത് കൗറിന്‍റെ ഏക ഗോൾ മികവിലാണ് ഇന്ത്യ സെമി ബെർത്ത് സ്വന്തമാക്കിയത്.
പ്രാഥമിക റൗണ്ടിൽ ആദ്യ മൂന്ന് മത്സരങ്ങളും തോറ്റ ഇന്ത്യ ക്വാർട്ടറിൽ എത്തുന്ന കാര്യം പോലും ഒരുേവള സംശയത്തിലായിരുന്നു. അവിടെ നിന്നും ഇന്ത്യയെ ചരിത്ര നേട്ടത്തിലേക്ക് കൈപിടിച്ച് നടത്തി മറീനെ സൂപ്പർ ഹിറ്റ് ബോളിവുഡ് ചിത്രം 'ഛക് ദേ ഇന്ത്യ'യിൽ ഷാറൂഖ് ഖാൻ അവിസ്മരണീയമാക്കിയ കബീർ ഖാൻ എന്ന കഥാപാത്രത്തോടാണ് ട്വിറ്ററാറ്റി ഉപമിച്ചത്.
ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം ടീം ബസില്‍ നിന്നുള്ള മറീന്‍റെ സെല്‍ഫി വൈറലായതിന് പിന്നാലെ ടീമിന് വെള്ളിത്തിരയിലെ കബീർ ഖാന്‍റെ സന്ദേശെമത്തി. കോടിക്കണക്കിനാളുകൾ ഉൾക്കൊള്ളുന്ന കുടുംബത്തിനായി സ്വർണവുമായി മടങ്ങി വരിക -എന്ന് മുൻ കോച്ച് കബീർ ഖാൻ എന്നാണ് ഷാറൂഖ് ട്വിറ്ററിൽ കുറിച്ചത്.
'എല്ലാ പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി. ഞങ്ങൾ എല്ലാം തിരികെ നൽകും: യഥാർഥ പരിശീലകൻ' -ഷാറൂഖിന്‍റെ ട്വീറ്റിന് സ്യോർദ് മറീൻ മറുപടി നൽകി.
സിനിമയിൽ ആദ്യ ഘട്ടത്തിൽ തോറ്റ അതേ ആസ്ട്രേലിയൻ ടീമിനെ ഫൈനലിൽ തോൽപിച്ചാണ് ഇന്ത്യ ലോകകപ്പ് ജേതാക്കളാകുന്നത്. പെനാൽറ്റിയിലേക്ക് നീണ്ട ഫൈനലിൽ ഗോൾകീപ്പറായിരുന്നു ടീമിന്‍റെ വിജയശിൽപി.
എന്നാൽ ഇവിടെ ഒളിമ്പിക്സിലും ഗോൾസ്കോർ ചെയ്തത് ഗുർജിത് കൗർ ആണെങ്കിലും വിജയത്തിന്‍റെ ക്രെഡിറ്റ് ഗോളി സവിത പൂനിയക്കാണ്. പ്രാഥമിക റൗണ്ടിൽ ഡസനിലേറെ ഗോൾ സ്കോർ ചെയ്ത ഓസീസുകാരെ ഗോളടിക്കാൻ വിടാതെ പോസ്റ്റിന് കീഴിൽ മതിൽ പോലെ ഉറച്ച് നിന്ന സവിത തന്നെയായിരുന്നു ഇന്ത്യയുടെ വിജയനായിക.
തുടർച്ചയായി മുന്ന് മത്സരങ്ങൾ തോറ്റ ടീമിന്‍റെ ആത്മവീര്യം വീണ്ടെടുക്കാൻ ഛക്ദേ ഇന്ത്യ സഹായിച്ചുവെന്ന് കോച്ച് വെളിപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.