പട്ടിണിയും ലൈംഗിക അതിക്രമവും നേരിട്ട ബാല്യം കടന്ന് സിമോൺ ബൈൽസ് ലോകത്തെ ഏറ്റവും വലിയ ജിംനാസ്റ്റായ കഥ
text_fieldsടോകിയോ: ടോകിയോ ഒളിമ്പിക്സിൽ ഗ്ലാമർ ഇനമായ ജിംനാസ്റ്റിക്സിൽ മെഡലിനരികെ കളി നിർത്തി മടങ്ങിയ അമേരിക്കക്കാരിയായ കറുത്ത വംശജ സിമോൺ ബൈൽസിനോട് കെറുവിച്ചും വംശവെറി കാണിച്ചും അരിശം കാണിച്ചവരേറെ. അതൊന്നുമല്ല, പറഞ്ഞ കാരണം ന്യായമാണെന്നും അതിന് ഇതിൽപരം വലിയ പരിഹാരക്രിയയില്ലെന്നും ആശ്വസിപ്പിച്ചവർ മറുവശത്തും. സമീപകാലത്ത് ജിംനാസ്റ്റിക്സ് കണ്ട ഏറ്റവും മികച്ച താരമായിട്ടും എന്തുകൊണ്ടാകും സുവർണ നിമിഷം മുന്നിൽനിൽക്കെ അവർ നാട്ടിലേക്ക് വിമാനം കയറിയത്?
പ്രായമേറെ ചെന്നില്ലെങ്കിലും ലോക ചാമ്പ്യൻഷിപ്പുകളിലും ഒളിമ്പിക്സിലുമായി 30 മെഡലുകൾ സ്വന്തമാക്കിയിട്ടുണ്ട് ബൈൽസ്. ഇത്തവണയും അനായാസം സ്വർണമെഡൽ ഒന്നിലേറെ വാരിക്കൂട്ടുമെന്ന് പ്രവചിക്കപ്പെട്ടവർ. യോഗ്യത പൂർത്തിയാക്കി ഫൈനലിലെത്തിയ ശേഷം പക്ഷേ, അവർ പിന്മാറ്റം പ്രഖ്യാപിച്ചു. മാനസിക പിരിമുറുക്കമായിരുന്നു പ്രശ്നം.
2016ലെ റിയാ ഒളിമ്പിക്സിൽ നാലു സ്വർണം മാറോടു ചേർത്ത താരം അതുംകഴിഞ്ഞ് രണ്ടു വർഷത്തിനു ശേഷം സമൂഹ മാധ്യമത്തിൽ കുറിച്ച ഒരു കുറിപ്പ് ബൈൽസ് അനുഭവിച്ചതിെൻറ ചെറിയ ചിത്രം പങ്കുവെക്കുന്നുണ്ട്. യു.എസ് ജിംനാസ്റ്റിക്സ് ടീം ഡോക്ടർ ലാറി നസർ നടത്തിയ ലൈംഗിക പീഡനമായിരുന്നു പ്രധാന പരാതി. ഒരു വർഷം കഴിഞ്ഞ് തെൻറ സഹോദരൻ നടത്തിയ കുറ്റകൃത്യമായിരുന്നു പിന്നീട് അവരെ വേട്ടയാടിയത്. അതിൽ പക്ഷേ, കോടതി സഹോദരനെ വിട്ടയച്ചത് ആശ്വാസമായി.
എന്നാൽ, പിതാവ് ചെറുപ്പത്തിലേ വിട്ടേച്ചുപോകുകയും മാതാവ് ലഹരിക്കടിമയാകുകയും ചെയ്ത ബാല്യം ബൈൽസ് ഓർക്കുന്നുണ്ട്. താനും മൂന്നു സഹോദരങ്ങളും പലപ്പോഴും പട്ടിണി കിടന്ന നാളുകൾ. വീട്ടിലുണ്ടായിരുന്ന പൂച്ചയുടെ വിശപ്പടക്കാൻ കാണിച്ച തിടുക്കം പോലും മാതാവ് തങ്ങളുടെ കാര്യത്തിൽ കാണിച്ചില്ലെന്ന് പറയുന്നു, താരം. അയൽവാസികൾ പ്രശ്നമാക്കിയതോടെ ഇവരെ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. അതിനിടെ വല്ല്യഛനും വല്ല്യമ്മയും ഏറ്റെടുത്തതോടെ കാര്യങ്ങൾ മാറി. അവിടെനിന്നായിരുന്നു ഒരു ജിംനാസ്റ്റിെൻറ പുതിയ തുടക്കം.
പഠന കാലത്തുതന്നെ ജിംനാസ്റ്റിക്സ് തലക്കുപിടിച്ച അവർ ഐമി ബോർമാൻ എന്ന കോച്ചിനു കീഴിലേക്ക് മാറി. അവരായിരുന്നു 2016 റിയോ ഒളിമ്പിക്സിൽ യു.എസ് ജിംനാസ്റ്റിക്സ് ടീമിെൻറ പരിശീലക. 14ാം വയസ്സിൽ സ്കൂൾ പഠനം വീട്ടിലേക്ക് ചുരുക്കി മുഴുസമയ പരിശീലനത്തിലേക്ക് തിരിഞ്ഞു.
2013ൽ സീനിയർ വിഭാഗത്തിൽ യു.എസ് ടീമിൽ അരങ്ങേറി. വൈകാതെ ലോക വേദികളിൽ ശ്രദ്ധിക്കപ്പെട്ടു. അതേ വർഷം യു.എസ് േദശീയ ചാമ്പ്യൻഷിപ്പും ലോക ചാമ്പ്യൻഷിപ്പും ബൈൽസിനെ തേടിയെത്തി. അടുത്തടുത്ത വർഷങ്ങളിലും അത് നിലനിർത്തി.
റിയോയിൽ വോൾട്ട്, േഫ്ലാർ, വ്യക്തിഗത ഓൾറൗണ്ട്, ടീം ഓൾറൗണ്ട് ഇനങ്ങളിൽ സ്വർണം സ്വന്തമാക്കി. ബാലൻസ് ബീമിൽ വെങ്കലവും. മെഡലുകളേറെ വാരിയ താരമായിരുന്നു സമാപന ചടങ്ങിൽ അേമരിക്കൻ പതാക വഹിച്ചത്. ഒളിമ്പിക്സിനു പിറകെ ഉത്തേജക വിവാദവും പിടികൂടിയെങ്കിലും മുന്നോട്ടുപോയില്ല.
2017ൽ സമ്പൂർണ വിശ്രമമെടുത്ത ബൈൽസ് എൻറർടെയ്ൻമെൻറ് രംഗത്തും സജീവമായി. ആയിടെ അമേരിക്കൻ കായിക ലോകത്തെ പിടിച്ചുലച്ച ലാറി നസർ ലൈംഗിക പീഡന കേസിൽ ഇരകളിൽ താനുമുണ്ടെന്ന വെളിപ്പെടുത്തലും താരം നടത്തി. 300 വർഷമാണ് നസറിന് ജയിൽശിക്ഷ ലഭിച്ചത്. 2018ൽ തിരിച്ചെത്തിയ അവർ ഖത്തറിൽ ലോകചാമ്പ്യൻഷിപ്പിൽ വീണ്ടും കിരീടംതൊട്ടു. 2019ലും ആവർത്തിക്കപ്പെട്ടു- അതോടെ ജിംനാസ്റ്റിക്സിലെ ഏറ്റവും ആദരിക്കപ്പെട്ട വിശേഷണവും തേടിയെത്തി.
അതിനിടെ സഹോദരെൻറ വിവാദം വീണ്ടും തളർത്തിയെങ്കിലും പിടിച്ചുനിന്നു. 2021ലെ യു.എസ് ദേശീയ ചാമ്പ്യൻഷിപ്പിൽ വരെ കിരീടം നിലനിർത്തിയാണ് ഒളിമ്പിക്സിനെത്തിയത്. പക്ഷേ, തുടക്കത്തിലേ അമേരിക്കൻ ടീം മൊത്തത്തിൽ പതറി. ഗുരുതര തെറ്റ് വരുത്തി ബൈൽസ് പിഴയും വാങ്ങി. എന്നിട്ടും അവർ ഫൈനലിൽ കടന്നു. അവിടെ വെച്ചായിരുന്നു മാനസിക പിരിമുറുക്കം കാണിച്ച് തത്കാലം പിന്മാറ്റം പ്രഖ്യാപിച്ചത്. ടീം മാനേജ്മെൻറ് അവർക്കൊപ്പം നിൽക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.