ഒളിമ്പിക്സിെൻറ താരമാവാനെത്തി കണ്ണീരായി മാറിയ യു.എസ് താരത്തിന് അവസാന ഇനത്തിൽ വെങ്കലം
text_fieldsടോക്യോ: ഒരേസമയം ടോക്യോ ഒളിമ്പിക്സിെൻറ നോവും നിനവുമായ താരമാണ് യു.എസിെൻറ വിഖ്യതാ ജിംസ്നാസ്റ്റ് സിമോൺ ബെയ്ൽസ്. സ്വർണക്കൂമ്പാരം ലക്ഷ്യമിട്ട് ഒളിമ്പിക്സിനെത്തി മേളയുടെ കണ്ണീരായ മാറിയ ബെയ്ൽസ് ഒടുവിൽ സന്തോഷാശ്രു പൊഴിച്ചാണ് മടങ്ങുന്നത്.
മാനസിക പിരിമുറക്കത്തെത്തുടർന്ന് ജിംനാസ്റ്റിക്സിലെ തെൻറ ആദ്യ ഇനത്തിനിടെ ബെയ്ൽസ് പിന്മാറിയപ്പോൾ കായികലോകം അത്ഭുതപ്പെട്ടു. ലോക, ഒളിമ്പിക് ചാമ്പ്യൻഷിപ്പുകളിലെ കൂടുതൽ മെഡൽ നേടിയ താരങ്ങളിലൊരാളായ 24കാരി താൻ അനുഭവിക്കുന്ന മാനസിക പിരിമുറുക്കം തുറന്നുപറഞ്ഞപ്പോൾ കായികലോകത്തിന് അതൊരു പുതിയ കൺതുറക്കലായി. പിന്നാലെ സ്വർണം പ്രതീക്ഷിച്ചെത്തിയ നാലു ഇനങ്ങളിൽനിന്നു കൂടി ബെയ്ൽസ് പിൻവാങ്ങി.
ഇതിനെ യു.എസ് ടീമും ഒളിമ്പിക് സംഘാടകരും ആദരവോടെ അംഗീകരിക്കുകയും ചെയ്തു. ഒടുവിൽ ഒട്ടൊന്ന് മാനസികാരോഗ്യം വീണ്ടെടുത്തപ്പോൾ തെൻറ അവസാന ഇനമായ ബാലൻസ് ബീമിൽ മത്സരിക്കാനിറങ്ങുകയായിരുന്നു ബെയ്ൽസ്. അതിൽ മികച്ച പ്രകടനവുമായി വെങ്കലം കരസ്ഥമാക്കുകയും ചെയ്തു. റിയോയിലും ഈയിനത്തിൽ ബെയ്ൽസിന് വെങ്കലമായിരുന്നു. എന്നാൽ ടോക്യോയിലെ വെങ്കലത്തിന് കൂടുതൽ തിളക്കമുണ്ടെന്ന് താരം പറഞ്ഞു. സംഭ്രമമുണ്ടായിരുന്നെങ്കിലും നന്നായി ചെയ്യാനായെന്നും അവർ കൂട്ടിച്ചേർത്തു. ചൈനയുടെ ഗുവാൻ ചെൻചെന്നും താങ് സീജിങ്ങുമാണ് സ്വർണവും വെള്ളിയും സ്വന്തമാക്കിയത്.
നാലു സ്വർണവും ഒരു വെങ്കലവുമായി റിയോ ഒളിമ്പിക്സിെൻറ താരമായ ബെയ്ൽസ് അഞ്ചു സ്വർണം ലക്ഷ്യമിട്ടാണ് ടോക്യോയിലെത്തിയത്. ഉസൈൻ ബോൾട്ടിനെയും മൈക്കൽ ഫെൽപ്സിനെയും പോലുള്ള വമ്പൻ താരങ്ങളുടെ അഭാവത്തിൽ ഒളിമ്പിക്സിെൻറ തന്നെ താരമാവുമെന്ന് പ്രതീക്ഷിക്കപ്പെട്ട അത്ലറ്റായിരുന്നു ബെയ്ൽസ്. എന്നാൽ, ഒളിമ്പിക്സ് തുടങ്ങി മൂന്നാം ദിവസം തന്നെ എല്ലാം തകിടം മറിഞ്ഞു. തെൻറ ആദ്യ ഇനമായ ടീം ഫൈനൽസിലെ വോൾട്ട് പ്രകടനത്തിനിടെ ഏകാഗ്രത നഷ്ടമായ ബെയ്ൽസിന് പിഴച്ചു.
മാനസിക പിരിമുറക്കം മൂലമാണിതെന്ന് മനസ്സിലാക്കിയ ബെയ്ൽസ് ആ ഇനത്തിൽനിന്ന് പിന്മാറുന്നതായി അറിയിച്ചു. പിന്നാലെ ഓൾറൗണ്ട്, അൺഈവൻ ബാർസ്, ഫ്ലോർ എക്സർസൈസ്, വോൾട്ട് ഇനങ്ങളിൽനിന്നെല്ലാം താരം വിട്ടുനിന്നു. മത്സരങ്ങളിൽനിന്ന് പിന്മാറിയെങ്കിലും ബെയ്ൽസ് ടീമിനൊപ്പം തന്നെയുണ്ടായിരുന്നു. പരിശീലനവും മുടക്കിയില്ല. ഒടുവിൽ മാനസിക കരുത്ത് വീണ്ടെടുത്താണ് അവസാന ഇനമായ ബാലൻസ് ബീമിൽ ബെയ്ൽസ് ഇറങ്ങിയത്. അതോടെ ടോക്യോയിൽനിന്നുള്ള മടക്കം മെഡലോടെ മധുരതരമാക്കാനും ബെയ്ൽസിനായി.
ബെയ്ൽസിെൻറ പിന്മാറ്റത്തോടെ കായിക രംഗത്ത് മാനസികാരോഗ്യത്തിന് നൽകേണ്ട പ്രാധാന്യം സംബന്ധിച്ച പഠനത്തിനും വിലയിരുത്തലിനും ശ്രദ്ധയേറുകയാണ്. മറ്റു പല കായിക ഇനങ്ങളിലും സമീപകാലത്ത് മാനസിക പിരിമുറുക്കം ചൂണ്ടിക്കാട്ടി താരങ്ങൾ കളത്തിൽനിന്ന് വിട്ടുനിന്നിരുന്നു.
ക്രിക്കറ്റ് താരങ്ങളായ ഗ്ലെൻ മാക്സ്െവലും ബെൻ സ്റ്റോക്സും സമീപകാല ഉദാഹരണം. സമകാലിക ക്രിക്കറ്റിലെ എണ്ണംപറഞ്ഞ ഓൾറൗണ്ടർമാരിലൊരാളായ ഇംഗ്ലണ്ടിെൻറ സ്റ്റോക്സ് മാനസിക പിരിമുറുക്കത്തെത്തുടർന്ന് ബുധനാഴ്ച തുടങ്ങുന്ന ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിൽനിന്ന് പിന്മാറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.