ഇന്ത്യൻ വനിത ഹോക്കിയെ ഉയരങ്ങളിലെത്തിച്ച് സ്യോർദ് മറീൻ പടിയിറങ്ങി
text_fieldsടോക്യേ: ഇന്ത്യൻ വനിത ഹോക്കി ടീം ടോക്യോ ഒളിമ്പിക്സിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തതിന് പിന്നാലെ പരിശീലകൻ സ്യോർദ് മറീൻ പടിയിറങ്ങി. ലൂസേഴ്സ് ഫൈനലിന് ശേഷം നടന്ന വെർച്വൽ വാർത്ത സമ്മേളനത്തിലാണ് മറീൻ ഇന്ത്യൻ ടീമിനൊപ്പമുള്ള അവസാന മത്സരമാണ് കഴിഞ്ഞതെന്ന് പ്രഖ്യാപിച്ചത്. 2017ലാണ് ഡച്ചുകാരൻ ടീമിന്‍റെ പരിശീലക സ്ഥാനം ഏറ്റെടുത്തത്.
2018 കോമൺവെൽത്ത് ഗെയിംസിന് ശേഷം പുരുഷ ടീമിന്‍റെ പരിശീലക ചുമതല ഏറ്റെടുക്കാൻ ഹോക്കി ഇന്ത്യ ആവശ്യപ്പെട്ടിരുന്നുവെങ്കിലും വനിത ടീമിനൊപ്പം തുടരാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. ഒളിമ്പിക്സ് യോഗ്യത റൗണ്ടിൽ അമേരിക്കയെ 5-1ന് തകർത്ത് മറീനും സംഘവും ഏവരെയും ഞെട്ടിച്ചു. എന്നാൽ അടുത്ത മത്സരത്തിൽ 4-1ന് പരാജയപ്പെട്ടു.
കോവിഡ് മഹാമാരിക്കാലത്ത് മറീൻ ഇന്ത്യയിൽ തന്നെ തുടരുകയായിരുന്നു. ഈ വർഷം ജനുവരിയിൽ അർജന്‍റീനയിലേക്ക് പറന്ന ഇന്ത്യ രണ്ടു മത്സരങ്ങൾ വിജയിച്ചപ്പോൾ നാലെണ്ണം തോറ്റു. ഒളിമ്പിക്സ് തയാറെടുപ്പുകളുടെ ഭാഗമായി ജർമനി സന്ദർശിച്ചെങ്കിലും പരാജയം രുചിച്ചു. എങ്കിലും വമ്പൻ ടീമുകളുമായി നടത്തിയ മത്സരപരിചയം ഇന്ത്യയെ ഒളിമ്പിക്സിൽ നന്നായി തുണച്ചു.
ക്വാർട്ടർ ഫൈനലിൽ ശക്തരായ ആസ്ട്രേലിയയെ 1-0ത്തിന് തോൽപിച്ചാണ് ഇന്ത്യ ആദ്യമായി ഒളിമ്പിക്സ് സെമി- ഫൈനലിലെത്തിയത്. സെമിയിൽ അർജന്‍റീനയോട് 2-1നാണ് പരാജയപ്പെട്ടത്. വെള്ളിയാഴ്ച വെങ്കലം നേടാമെന്ന പ്രതീക്ഷയിൽ ബ്രിട്ടനെ നേരിട്ടെങ്കിലും 4-3ന് പൊരുതിത്തോറ്റു. ഒളിമ്പിക്സിലെ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.